യുക്രൈനില്‍ സൈനിക അട്ടിമറിക്ക് ആഹ്വാനം ചെയ്ത് പുടിന്‍
പ്രസിഡന്റ് വൊളോദിമര്‍ സെലന്‍സ്‌കിയില്‍ നിന്ന് അധികാരം പിടിച്ചെടുക്കാന്‍ യുക്രെയ്ന്‍ സൈന്യത്തോട് ആവശ്യപ്പെട്ട് റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുടിന്‍. ‘നിങ്ങളുടെ കുട്ടികളെയും ഭാര്യമാരെയും മുതിര്‍ന്നവരെയും മനുഷ്യ കവചങ്ങളായി ഉപയോഗിക്കാന്‍ നവ നാസികളെയും ലഹരിമരുന്ന് ഉപയോഗിക്കുന്നവരെയും യുക്രൈന്‍ തീവ്ര ദേശീയവാദികളെയും അനുവദിക്കരുതെന്ന് ഒരിക്കല്‍ കൂടി യുക്രൈന്‍ സൈന്യത്തോട് അഭ്യര്‍ഥിക്കുന്നു’- റഷ്യയുടെ സുരക്ഷാ സമിതിയുമായി നടത്തിയ യോഗത്തിന് ശേഷം ടെലിവിഷനിലൂടെ യുക്രെയ്ന്‍ സൈന്യത്തെ അഭിസംബോധന ചെയ്യുന്നതിനിടെ പുടിന്‍ പറഞ്ഞു.’നിങ്ങള്‍ അധികാരം ഏറ്റെടുത്താല്‍ ഉടമ്പടിയിലെത്താന്‍ ഞങ്ങള്‍ക്ക് എളുപ്പമാണ്’- പുടിന്‍ പറഞ്ഞു. റഷ്യയെ ശക്തമായി ചെറുക്കാന്‍ സൈന്യത്തോട് സെലന്‍സ്‌കി നിര്‍ദേശിച്ച് മണിക്കൂറുകള്‍ക്കകമാണ് പുടിന്റെ നിലപാട്. ആയുധമേന്തി സൈന്യത്തോടൊപ്പം ചേരാന്‍ സാധാരണക്കാരോടും സെലന്‍സ്‌കി ആഹ്വാനം ചെയ്തിട്ടുണ്ട്.
പുടിന് പിന്നാലെ റഷ്യന്‍ വിദേശകാര്യമന്ത്രിയും സമാനമായ ആഹ്വാനവുമായി രംഗത്ത് എത്തിയിട്ടുണ്ട്. യുക്രൈനെ സ്വതന്ത്ര്യമാക്കാന്‍ സൈന്യം മുന്നിട്ടിറങ്ങണം എന്നാണ് വിദേശകാര്യമന്ത്രിയുടെ ആഹ്വാനം. തന്നെ ഇല്ലാതാക്കി രാജ്യം പിടിച്ചെടുക്കാനാണ് പുടിന്റെ ശ്രമമെന്ന് നേരത്തെ യുക്രൈന്‍ പ്രസിഡന്റ് സെലന്‍സ്‌കി പറഞ്ഞിരുന്നു. തന്നെ വകവരുത്താനായി രണ്ട് സംഘങ്ങളെ റഷ്യ അയച്ചിട്ടുണ്ടെന്നും ഇവരുടെ ആദ്യത്തെ ലക്ഷ്യം താനും രണ്ടാമത്തെ ലക്ഷ്യം തന്റെ കുടുംബവുമാണെന്നും തന്റെ സര്‍ക്കാരിനെ അട്ടിമറിക്കുകയാണ് റഷ്യയുടെ പദ്ധതിയെന്നും സെലന്‍സ്‌കി തുറന്നടിച്ചിരുന്നു. യുക്രൈനുമായി ചര്‍ച്ചയ്ക്ക് തയ്യാറെന്ന് റഷ്യ വ്യക്തമാക്കി. ഉപാധികളോടെ യുക്രൈനുമായി ചര്‍ച്ചയ്ക്ക് തയ്യാറാണ് എന്നാണ് റഷ്യയുടെ നിലപാട്. ചര്‍ച്ചയ്ക്ക് പ്രതിനിധി സംഘത്തെ അയക്കാന്‍ പുടിന്‍ തയ്യാറാണെന്നും ബെലാറസ് തലസ്ഥാനത്ത് വച്ച് ചര്‍ച്ചയാവാം എന്നുമാണ് മോസ്‌കോയുടെ ഏറ്റവും പുതിയ നിലപാട്.
യുക്രൈന്റെ പ്രധാന നഗരങ്ങളിലേക്ക് കടന്നുകയറാന്‍ റഷ്യയ്ക്കായില്ലെന്ന അവകാശ വാദവുമായി യുക്രൈന്‍. നഗരങ്ങളുടെ നിയന്ത്രണം ഇപ്പോഴും യുക്രൈന് തന്നെയാണെന്നാണ് യുക്രൈന്‍ പ്രതിരോധമന്ത്രാലയത്തിന്റെ അവകാശവാദം. റഷ്യയുടെ 80 ടാങ്കറുകളും 17 ഹെലികോപ്റ്ററുകളും 516 സായുധ വാഹനങ്ങളും തകര്‍ത്തെന്നും പ്രതിരോധ മന്ത്രാലയം അറിയിച്ചു. റഷ്യ യുദ്ധ നിയമങ്ങള്‍ ലംഘിച്ചെന്ന ആരോപണം യുക്രൈന്‍ ഉയര്‍ത്തിയിരുന്നു. അനാഥാലയങ്ങളും കിന്‍ഡര്‍ ഗാര്‍ഡട്ടനുകളും ആക്രമിച്ചത് യുദ്ധനിയമങ്ങളുടെ ലംഘനമായി യുക്രൈന്‍ ചൂണ്ടിക്കാട്ടി. സാധാരണക്കാരായ ജനങ്ങളെ കവചമായി ഉപയോഗിക്കരുതെന്ന് റഷ്യയോട് യുക്രൈന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ആയിരത്തിലധികം റഷ്യന്‍ സൈനികര്‍ വധിക്കപ്പെട്ടിട്ടുണ്ടാകാമെന്നാണ് യുക്രൈന്‍ പ്രതിരോധ മന്ത്രാലയവുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ അറിയിച്ചിരിക്കുന്നത്. എങ്കിലും ഇതിന് ഔദ്യോഗിക സ്ഥിരീകരണമായിട്ടില്ല. ബഹുമുഖ ആക്രമണം നടത്തിയ റഷ്യയെ അതേരീതിയില്‍ തന്നെ പ്രതിരോധിക്കാന്‍ രണ്ടാം ദിവസം സാധിച്ചെന്നും യുക്രൈന്‍ പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി.
അതേസമയം അന്താരാഷ്ട്ര സാമ്പത്തിക ഇടപാടുകള്‍ക്കുള്ള സ്വിഫ്റ്റ് ശൃംഖലയില്‍ നിന്നും റഷ്യയെ പുറത്താക്കണം എന്ന് ആവശ്യത്തെ ഫ്രാന്‍സ് പിന്തുണച്ചതായി വാര്‍ത്ത ഏജന്‍സി റിപ്പോര്‍ട്ട് ചെയ്യുന്നു. എന്നാല്‍ കൂടുതല്‍ യൂറോപ്യന്‍ രാജ്യങ്ങള്‍ ഈ നീക്കത്തോട് അനുകൂലമായി പ്രതികരിച്ചിട്ടില്ലെന്നാണ് വിവരം. യുക്രെയ്‌നില്‍ കുടുങ്ങിക്കിടക്കുന്ന വിദ്യാര്‍ഥികള്‍ ഉള്‍പ്പടെയുള്ള ഇന്ത്യക്കാരെ അവരുടെ നാട്ടിലേക്ക് തിരികെ കൊണ്ടുവരാന്‍ ഇന്ത്യന്‍ എംബസി നടപടി തുടങ്ങി. റൊമാനിയ, ഹംഗറി അതിര്‍ത്തികള്‍ വഴി ഇന്ത്യക്കാരെ രക്ഷപെടുത്തുന്നതുള്ള നീക്കമാണ് ആരംഭിച്ചത്. സംഘടിതമായി പോയിന്റുകളിലേക്കുള്ള യാത്രയില്‍ എല്ലാവരും ശക്തരും സുരക്ഷിതരും ജാഗരൂകരുമായിരിക്കാന്‍ എംബസി യുക്രെയ്‌നിലെ ഇന്ത്യക്കാരോട് അഭ്യര്‍ത്ഥിച്ചു.
റൊമാനിയന്‍ ബോര്‍ഡര്‍ ചെര്‍നിവ്സിക്ക് സമീപമുള്ള ഇന്ത്യന്‍ പൗരന്മാര്‍, പ്രത്യേകിച്ച് മുകളില്‍ പറഞ്ഞ അതിര്‍ത്തി ചെക്ക്പോസ്റ്റുകള്‍ക്ക് സമീപം താമസിക്കുന്ന വിദ്യാര്‍ത്ഥികള്‍, വിദേശകാര്യ മന്ത്രാലയത്തിലെ ഉദ്യോഗസ്ഥരുമായി ബന്ധപ്പെട്ട് സംഘടിതമായി ആദ്യം പുറപ്പെടണമെന്ന് എംബസി പറഞ്ഞു. സ്വന്തം ക്രമീകരണങ്ങളിലൂടെ യാത്ര ചെയ്യുന്ന ഇന്ത്യന്‍ പൗരന്മാര്‍ക്ക് മുകളിലുള്ള അതിര്‍ത്തി ചെക്ക്പോസ്റ്റുകളിലേക്ക് പോകാനും ഹെല്‍പ്പ് ലൈനുമായി സമ്പര്‍ക്കം പുലര്‍ത്താനും നിര്‍ദ്ദേശിച്ചിട്ടുണ്ട്. അതിര്‍ത്തിയിലൂടെ യാത്ര സുഗമമാക്കുന്നതിന് അതത് ചെക്ക്പോസ്റ്റുകളില്‍ നമ്പരുകള്‍ സജ്ജീകരിച്ചിരിക്കുന്നു. ഉക്രെയ്‌നിലെ ഓരോ ഇന്ത്യക്കാരനും അവരുടെ പാസ്പോര്‍ട്ട്, അടിയന്തര ചെലവുകള്‍ക്കായി പണം, കൂടാതെ മറ്റ് അവശ്യവസ്തുക്കള്‍ എന്നിവയും കോവിഡ് -19 ഇരട്ട വാക്സിനേഷന്‍ സര്‍ട്ടിഫിക്കറ്റിനൊപ്പം ലഭ്യമാണെങ്കില്‍ ഒപ്പം കരുതാന്‍ എംബസി ആവശ്യപ്പെട്ടിട്ടുണ്ട്.