ആയുധം താഴെ വയ്ക്കണം : യുക്രൈനുമായി ചര്‍ച്ചയ്ക്ക് ഉപാധികളുമായി റഷ്യ

ഉപാധികളോടെ യുക്രൈനുമായി ചര്‍ച്ചയ്ക്ക് തയ്യാറാണ് റഷ്യ. ചര്‍ച്ചയ്ക്ക് പ്രതിനിധി സംഘത്തെ അയക്കാന്‍ പുടിന്‍ തയ്യാറാണെന്നും ബെലാറസ് തലസ്ഥാനത്ത് വച്ച് ചര്‍ച്ചയാവാം എന്നുമാണ് മോസ്‌കോയുടെ ഏറ്റവും പുതിയ നിലപാട്. ചര്‍ച്ചയ്ക്ക് വഴി തെളിഞ്ഞതായി ചൈനയും അറിയിച്ചിട്ടുണ്ട്. ഉന്നതതല ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് പുടിന്‍ പ്രസിഡന്റ ഷീജിന്‍ പിങിനെ അറിയിച്ചുവെന്നാണ് ചൈന അല്‍പസമയം മുന്‍പ് വ്യക്തമാക്കിയത്. സമ്പൂര്‍ണ നിരായുധീകരണത്തിന് യുക്രൈന്‍ തയ്യാറവണമെന്നും പ്രതിരോധതലത്തില്‍ നിഷ്പക്ഷ നിലപാട് സ്വീകരിക്കണമെന്നുമുള്ള ഉപാധികളാണ് റഷ്യ മുന്നോട്ട് വച്ചിരിക്കുന്നത്. ചേരിചേരാ നയം സ്വീകരിക്കാന്‍ തയ്യാറാണ് എന്നാണ് യുക്രൈന്‍ പ്രസിഡന്‍് സെലന്‍സ്‌കിയുടെ നിലപാട്.

റഷ്യ ചര്‍ച്ചകളോട് മുഖം തിരിക്കുകയാണെന്നുംനേരത്തെ അദ്ദേഹം ആരോപിച്ചിരുന്നു. യുക്രൈനില്‍ അതിവേഗം അധിനിവേശം നടത്തിയ റഷ്യ ഏറ്റവും ഒടുവില്‍ കീവിലെ അന്താരാഷ്ട്ര വിമാനത്താവളം കൂടി നിയന്ത്രണത്തിലാക്കിയിട്ടുണ്ട്. പ്രസിഡന്റിന്റെ കൊട്ടാരവും പാര്‍ലമെന്റ മന്ദിരവും അടക്കം നിര്‍ണായകമായ ചില കേന്ദ്രങ്ങള്‍ കൂടി ലക്ഷ്യമിട്ടുള്ള സൈനിക നീക്കമാണ് ഇപ്പോള്‍ റഷ്യ നടത്തുന്നത്. പടിഞ്ഞാറുമായി ബന്ധപ്പെട്ടാനുള്ള എല്ലാ വഴികളും വിച്ഛേദിച്ചുവെന്നും റഷ്യ വ്യക്തമാക്കിയിട്ടുണ്ട്.എന്നാല്‍ അവസാന പോരാട്ടത്തിന് ഒരുങ്ങിയിറങ്ങിയ യുക്രൈന്‍ ശക്തമായ പ്രതിരോധത്തിനാണ് ഒരുങ്ങുന്നത് എന്നാണ് പുറത്തു വരുന്ന സൂചന. കീവ് നഗരത്തിനുള്ളില്‍ റഷ്യന്‍ സൈന്യത്തെ നേരിടാന്‍ തയ്യാറായി യുക്രൈന്‍ സൈന്യം നിലയുറപ്പിച്ചിരിക്കുന്നുവെന്നാണ് വിവരം.

സാധാരണ യുക്രൈന്‍ പൌരന്‍മാരും ആയുധങ്ങളുമായി സൈന്യത്തിനൊപ്പം നിലയുറപ്പിച്ചിട്ടുണ്ട്. കരിങ്കടലിലെ സിംനയ് ദ്വീപ് പിടിച്ചെടുത്തതിന് പിന്നാലെ 82 യുക്രൈന്‍ സൈനികര്‍ കീഴടങ്ങിയതായി ഉക്രൈന്‍ തന്നെ അറിയിച്ചിട്ടുണ്ട്. നേരത്തേ, റഷ്യന്‍ പ്രവേശനം തടയാനായി കീവിലെ പാലം ഉക്രൈന്‍ സൈന്യം കത്തിച്ചിരുന്നു.റഷ്യന്‍ സൈന്യം യുക്രൈന്‍ പാര്‍ലമെന്റിനടുത്ത് എത്തി. ഇതോടെ യുക്രൈന്‍ പ്രസിഡന്റ് വ്ലാദിമിര്‍ സെലന്‍സ്‌കിയെ ബങ്കറിലേക്ക് മാക്കി. കീവില്‍ റഷ്യന്‍ മുന്നേറ്റം ശക്തമായതോടെയാണ് സെലന്‍സ്‌കിയെ സുരക്ഷിത ഇടത്തേക്ക് മാറ്റിയത്.

എല്ലാ പ്രതിരോധങ്ങളെയും തകര്‍ത്ത് റഷ്യന്‍ സേന മുന്നോട്ട് പോകുന്ന സാഹചര്യത്തിലാണ് യുദ്ധം നിര്‍ത്താന്‍ ചര്‍ച്ചയാകാമെന്ന് യുക്രൈന്‍ അറിയിച്ചത്. യുക്രൈനില്‍ അതിക്രമിച്ച് കയറിയ 800 റഷ്യന്‍ സൈനികരെ വധിച്ചെന്നാണ് യുക്രൈന്‍ വിദേശകാര്യ മന്ത്രാലയത്തിന്റെ അവകാശവാദം. 30 റഷ്യന്‍ ടാങ്കുകള്‍ വെടിവെച്ച് തകര്‍ത്തതായും അവര്‍ വെളിപ്പെടുത്തി.യുക്രൈനില്‍ ആക്രമണം നടത്തിയതിന് പിന്നാലെ റഷ്യയ്ക്ക് എതിരെ കൂടുതല്‍ ഉപരോധവുമായി അമേരിക്കയും ജപ്പാനും രംഗത്തെത്തി. അമേരിക്കയിലുള്ള റഷ്യയുടെ മുഴുവന്‍ ആസ്തികളും മരവിപ്പിക്കുമെന്ന് ജോബൈഡന്‍ വ്യക്തമാക്കിയിട്ടുണ്ട്. റഷ്യയിലേക്കുള്ള എല്ലാ കയറ്റുമതികള്‍ക്കും നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. കഴിഞ്ഞ ദിവസം പ്രഖ്യാപിച്ച സാമ്പത്തിക ഉപരോധവും അമേരിക്ക കടുപ്പിച്ചിട്ടുണ്ട്.