മുന്‍ പങ്കാളിക്കെതിരെ ഗാര്‍ഹിക പീഡനം ; ടെന്നീസ് താരം ലിയാണ്ടര്‍ പെയസ് കുറ്റക്കാരനെന്ന് കോടതി

മുന്‍ പങ്കാളി റിയ പിള്ളക്കെതിരെ ഗാര്‍ഹിക പീഡനം നടത്തിയെന്ന കേസില്‍ രാജ്യത്തെ ടെന്നിസ് ഇതിഹാസ താരം ലിയാണ്ടര്‍ പെയസ് കുറ്റക്കാരനെന്ന് മുംബൈ മെട്രോപൊളിറ്റന്‍ മജിസ്ട്രേറ്റ് കോടതി. മോഡലും നടിയുമായ റിയ പെയസ് ഗാര്‍ഹിക പീഡനം നടത്തിയെന്ന് ആരോപിച്ച് 2014ലാണ് പരാതി നല്‍കിയത്. 50,000 രൂപ മാസവാടകയും ഇരുവരും ഒന്നിച്ച് താമസിക്കുന്ന വീട്ടില്‍നിന്ന് റിയ മാറുകയാണെങ്കില്‍ ഒരു ലക്ഷം രൂപ ജീവിതച്ചെലവും നല്‍കാന്‍ കോടതി ഉത്തരവിട്ടു. ഗാര്‍ഹിക പീഡനം തെളിഞ്ഞതായും എന്നാല്‍ തുടര്‍ന്നും ഒന്നിച്ചു താമസിക്കുകയാണെങ്കില്‍ സാമ്പത്തിക സഹായം നല്‍കേണ്ടതില്ലെന്നും കോടതി പറഞ്ഞു.

പെയസിന്റെ ടെന്നിസ് കരിയര്‍ ഏകദേശം അവസാനിച്ചതായും അതിനാല്‍ റിയക്ക് ജീവിതച്ചെലവ് നല്‍കുന്നതിനൊപ്പം അദ്ദേഹത്തോട് വാടകവീട്ടില്‍ കഴിയാന്‍ നിര്‍ദേശിക്കാനാകില്ലെന്നും കോടതി വ്യക്തമാക്കി. മെട്രോപൊളിറ്റന്‍ മജിസ്ട്രേറ്റ് കോമള്‍ സിങ് രജ്പുത്ത് ഈ മാസമാദ്യം പുറപ്പെടുവിച്ച ഉത്തരവ് ബുധനാഴ്ചയാണ് ലഭ്യമായത്. സ്ത്രീകള്‍ക്കെതിരെയുള്ള ഗാര്‍ഹിക പീഡന നിരോധന നിയമപ്രകാരമാണ് 2014 ല്‍ റിയ പിള്ള കേസ് നല്‍കിയിരുന്നത്. എട്ടു വര്‍ഷമായി പെയസുമൊത്ത് ഒന്നിച്ചു താമസിക്കുകയാണെന്നും ഇവര്‍ പറഞ്ഞിരുന്നു. വാക്ക് കൊണ്ടും മാനസികമായും സാമ്പത്തികമായും പീഡിപ്പിച്ചുവെന്നും ഇത് വലിയ മാനസിക സംഘര്‍ഷത്തിന് വഴിവെച്ചുവെന്നും അവര്‍ പരാതിയില്‍ പറഞ്ഞിരുന്നു.

പശ്ചിമബംഗാളുകാരനായ പേസ് നിലവില്‍ മുംബൈയിലാണ് താമസം. ടെന്നിസില്‍ രാജ്യത്തിനു ശ്രദ്ധേയമായ നേട്ടങ്ങള്‍ ഉണ്ടാക്കിയ കളിക്കാരില്‍ ഒന്നാമന്‍ ആണ് ലിയാണ്ടര്‍.ലിയാണ്ടര്‍ പേസ് മഹേഷ് ഭൂപതി സഖ്യം ഒരു കാലത്ത് ആരെയും അട്ടിമറിക്കാന്‍ കഴിവുള്ള ഒരു കൂട്ടുകെട്ടായിരുന്നു. എട്ട് തവണ ഡബിള്‍സ് ഗ്രാന്‍ഡ്സ്ലാമും 10 തവണ മിക്‌സഡ് ഡബിള്‍സ് ഗ്രാന്‍ഡ്സ്ലാം കിരീടവും ചൂടിയിട്ടുണ്ട്. രാജീവ് ഗാന്ധി ഖേല്‍രത്‌ന, അര്‍ജ്ജുന, പത്മശ്രീ, പത്മഭൂഷന്‍ തുടങ്ങിയ പുരസ്‌കാരങ്ങള്‍ നല്‍കി രാജ്യം ആദരിച്ചിട്ടുണ്ട്. ഇന്ത്യയുടെ മുന്‍ ഡേവിസ് കപ്പ് ടീം ക്യാപ്റ്റനായ പേസ് 43 വിജയങ്ങളുമായി ഏറ്റവും കൂടുതല്‍ ഡേവിസ് കപ്പ് വിജയങ്ങള്‍ സ്വന്തമാക്കുന്ന റെക്കോര്‍ഡ് നേടിയിട്ടുമുണ്ട്.ലിയാണ്ടര്‍ പെയസ് 2021 ഒക്ടോബറില്‍ തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നിരുന്നു. പാര്‍ട്ടി അധ്യക്ഷയും പശ്ചിമബംഗാള്‍ മുഖ്യമന്ത്രിയുമായ മമതാ ബാനര്‍ജിയുടെ സാന്നിധ്യത്തില്‍ ഗോവയില്‍ വച്ചായിരുന്നു പെയസിന്റെ പാര്‍ട്ടി പ്രവേശനം നടന്നിരുന്നത്.