സംശയ രോഗം ; കൊല്ലത്ത് ഭര്‍ത്താവ് ഭാര്യയെ പെട്രോള്‍ ഒഴിച്ച് കത്തിച്ചു കൊന്നു
അവധിക്ക് നാട്ടിലെത്തിയ ഭര്‍ത്താവ് പെട്രോളൊഴിച്ചതിനെ തുടര്‍ന്ന് പൊള്ളലേറ്റ ഭാര്യ മരിച്ചു. നീണ്ടകര നീലേശ്വരം തോപ്പില്‍ ശരണ്യ ഭവനില്‍ ശരണ്യയാണ് (35) മരിച്ചത്. ഭര്‍ത്താവ് എഴുകോണ്‍ ചീരങ്കാവ് ബിജു ഭവനത്തില്‍ ബിനു (40)സംഭവത്തിനു ശേഷം ചവറ പോലീസില്‍ കീഴടങ്ങി. ഒരാഴ്ച മുമ്പ് അവധിക്ക് നാട്ടിലെത്തിയ ഭര്‍ത്താവ് ഭാര്യയുടെ ദേഹത്ത് പെട്രോളൊഴിക്കുന്നതിനിടെ അടുപ്പില്‍നിന്ന് തീപടര്‍ന്ന് ശരണ്യയ്ക്ക് പൊള്ളലേല്‍ക്കുകയായിരുന്നു. 90 ശതമാനം പൊള്ളലേറ്റ ശരണ്യയെ കൊല്ലത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കഴിഞ്ഞ ദിവസം വൈകുന്നേരത്തോടെയാണ് ചികിത്സയിലിരിക്കെ ശരണ്യ മരണത്തിന് കീഴടങ്ങിയത്.
വെള്ളിയാഴ്ച രാവിലെ 6.30 ഓടെയായിരുന്നു നാടിനെ നടുക്കിയ സംഭവം ഉണ്ടായത്. പ്രണയിച്ച് വിവാഹിതരായവരാണ് ബിനും ശരണ്യയും. വിദേശത്ത് ജോലി ഉണ്ടായിരുന്ന ബിനു ഒരാഴ്ച മുമ്പാണ് നാട്ടിലെത്തിയത്. കഴിഞ്ഞ കുറച്ചുകാലമായി ബിനുവിന് ശരണ്യയെ സംശയമായിരുന്നു. ബിനു വിദേശത്ത് നിന്നെത്തിയത് മുതല്‍ ബിനുവും ശരണ്യയും ഭര്‍ത്താവിന്റെ വീടായ എഴുകോണില്‍ താമസിച്ചു വരികയായിരുന്നു. എന്നാല്‍ രണ്ട് ദിവസം മുമ്പ് ബിനുവുമായി വഴക്കിട്ട ശരണ്യ നീണ്ടകരയിലെ വീട്ടിലെത്തിയത്. ശരണ്യയെ കൊലപ്പെടുത്തണമെന്നുള്ള ഉദ്ദേശ്യത്തോടെ എഴുകോണില്‍ നിന്ന് ബിനു വെള്ളിയാഴ്ച നീണ്ടകരയിലെത്തിയത്. പെട്രോള്‍ വാങ്ങി കൈയില്‍ കരുതിയാണ് ബിനു എത്തിയത്.
അടുക്കളയുടെ സമീപത്ത് ഒളിച്ചിരുന്ന ബിനു, ശരണ്യയുടെ അച്ഛന്‍ പുറത്തുപോയ തക്കം നോക്കി വീട്ടില്‍ കയറുകയായിരുന്നു. അടുക്കളയില്‍ പാചകം ചെയ്തുകൊണ്ടുനില്‍ക്കുകയായിരുന്നു ഈ സമയം ശരണ്യ. അവിടെ വെച്ചും ഇരുവരും തമ്മില്‍ വാക്കുതര്‍ക്കമുണ്ടായി. അതിനിടെയാണ് കൈയില്‍ കരുതിയിരുന്ന പെട്രോള്‍ ശരണ്യയുടെ ദേഹത്തേക്ക് ഒഴിച്ചത്. ഈ സമയം അടുപ്പില്‍നിന്ന് തീ ശരണ്യയുടെ ദേഹത്തേക്ക് പടരുകയായിരുന്നു. ശരണ്യയുടെ നിലവിളി കേട്ട് ഓടിക്കൂടിയ നാട്ടുകാരാണ് കൊല്ലത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചത്. 90 ശതമാനത്തോളം പൊള്ളലേറ്റ ശരണ്യ വെള്ളിയാഴ്ച വൈകിട്ട് 6.15ന് മരിച്ചു. ആക്രമണത്തിനിടെ ബിനുവിന്റെ കൈയ്ക്കും പൊള്ളലേറ്റു. സംഭവത്തിനുശേഷം വീട്ടില്‍നിന്ന് കടന്നുകളഞ്ഞ ബിനു, ചവറ പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നു. ഇയാളെ പിന്നീട് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. ബിനു-ശരണ്യ ദമ്പതികള്‍ക്ക് നിമിഷ, നിഖിത എന്നിങ്ങനെ രണ്ട് മക്കളുണ്ട്.