ഇന്ത്യക്കാരെ വഹിച്ചുകൊണ്ടുള്ള യുക്രൈനില്‍ നിന്നുള്ള ആദ്യ വിമാനം മുംബൈയില്‍ എത്തി

യുക്രൈനില്‍ നിന്നും ഇന്ത്യക്കാരെ വഹിച്ചുകൊണ്ടുള്ള ആദ്യ വിമാനം മുംബൈയിലെത്തി. റൊമേനിയയിലെ ബുക്കാറെസ്റ്റില്‍ നിന്നുള്ള ആദ്യ രക്ഷാ ദൗത്യവിമാനമാണ് ഇന്ത്യയിലെത്തിയത്. 27 മലയാളികള്‍ ഉള്‍പ്പെടെ 219 യാത്രക്കാരെ വഹിച്ചാണ് എയര്‍ ഇന്ത്യയുടെ വിമാനം ഇന്ത്യയിലെത്തിയത്. കേന്ദ്രമന്ത്രി പിയൂഷ് ഗോയല്‍ ഉള്‍പ്പെടെയുള്ള മന്ത്രിമാര്‍ യുക്രൈനില്‍ നിന്നെത്തുന്നവരെ സ്വീകരിക്കാന്‍ വിമാനത്താവളത്തിലെത്തി. യാത്രക്കാര്‍ക്ക് വിശ്രമിക്കാനുള്ള സൗകര്യവും സൗജന്യ ഭക്ഷണം അടക്കമുള്ള എല്ലാ സജ്ജീകരണങ്ങളും എയര്‍പോര്‍ട്ട് അതോറിറ്റി ഒരുക്കിയിട്ടുണ്ട്. യാത്രക്കാര്‍ക്ക് കൊവിഡ് പരിശോധന സൗജന്യമായി നടത്താനുള്ള നടപടിയും എയര്‍പോര്‍ട്ട് അതോറിറ്റി കൈക്കൊണ്ടിട്ടുണ്ട്.

ഇത് കൂടാതെ ഇന്ന് ഉച്ചയ്ക്ക് 11.45 ന് ഡല്‍ഹിയില്‍ നിന്നും ബുക്കാറെസ്റ്റിലേക്ക് വിമാനം പുറപ്പെട്ടിരുന്നു. ഈ വിമാനം ഇന്ന് രാത്രിയോടു കൂടി തന്നെ തിരിച്ചെത്തുമെന്നാണ് കരുതുന്നത്. ബുക്കാറെസ്റ്റ് കേന്ദ്രീകരിച്ചുള്ള ഇന്ത്യയുടെ രക്ഷാദൗത്യം പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്. യുക്രൈനിലെ സ്ഥിതി ഗതികള്‍ രക്ഷാദൗത്യത്തിന് അനുകൂലമാണെങ്കില്‍ മറ്റു വിമാനത്താവളങ്ങളിലേക്കു കൂടി വിമാനങ്ങള്‍ അയക്കാനാണ് ഇന്ത്യയുടെ തീരുമാനം.അതേസമയം യുക്രൈയിനില്‍ നിന്നും കേന്ദ്രസര്‍ക്കാര്‍ ഒരുക്കിയ ഒഴിപ്പിക്കല്‍ വിമാനങ്ങളില്‍ ഡല്‍ഹി, മുംബൈ തുടങ്ങിയ ഇന്ത്യന്‍ നഗരങ്ങളിലെത്തുന്ന വിദ്യാര്‍ത്ഥികള്‍ക്ക് കേരളത്തിലേക്കുള്ള വിമാന ടിക്കറ്റുകള്‍ സംസ്ഥാന സര്‍ക്കാര്‍ നല്‍കും. ഇന്ത്യയിലെത്തുന്ന മലയാളികളുടെ വിവരങ്ങള്‍ മുന്‍കൂട്ടി ലഭ്യമാകാന്‍ വേണ്ട നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്.

യുക്രൈനില്‍ നിന്നും ദില്ലി മുംബൈ നഗരങ്ങളിലെത്തുന്ന വിദ്യാര്‍ത്ഥികള്‍ക്ക് കേരളത്തിലേക്കുള്ള വിമാന ടിക്കറ്റുകള്‍ സംസ്ഥാന സര്‍ക്കാര്‍ നല്‍കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. ഇന്ത്യയിലെത്തുന്ന മലയാളികളുടെ വിവരങ്ങള്‍ മുന്‍കൂട്ടി ലഭ്യമാകാന്‍ വേണ്ട നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. വിമാനത്താവളത്തിലെത്തുന്ന വിദ്യാര്‍ത്ഥികളെ സ്വീകരിച്ച് നാട്ടിലേയ്ക്കുള്ള യാത്ര സുഗമമാക്കാന്‍ വേണ്ട നടപടികള്‍ റെസിഡന്റ് കമ്മീഷണറും നോര്‍ക്ക ഉദ്യോഗസ്ഥരും കൈക്കൊള്ളും. കേരളത്തിലെ വിമാനത്താവളങ്ങളില്‍ എത്തുന്ന വിദ്യാര്‍ത്ഥികളെ സ്വീകരിക്കുന്നതിനും അവശ്യ സൗകര്യങ്ങള്‍ ഒരുക്കുന്നതിനും ജില്ലാ കളക്ടര്‍മാരെ ചുമതലപ്പെടുത്തിയെന്നും മുഖ്യമന്ത്രി അറിയിച്ചു.

മലയാളികള്‍ക്കായി കേരള ഹൗസില്‍ താമസം, ഭക്ഷണം, യാത്രാ സൗകര്യങ്ങള്‍ ഒരുക്കും. ദില്ലി വിമാനത്താവളത്തില്‍ കേരള ഹൗസിന്റെ കേന്ദ്രം തുറക്കും. റൊമേനിയയില്‍ നിന്ന് ദില്ലിയിലേക്ക് ഇന്ന് 17 മലയാളികള്‍ എത്തുമെന്നാണ് പ്രാഥമിക വിവരം. ദില്ലിയിലെത്തുന്ന മലയാളികളുടെ എണ്ണം കൂടാനും സാധ്യതയുണ്ട്. 19 മലയാളികള്‍ മുംബൈയിലും എത്തും. റൊമാനിയ വഴി മുംബൈയിലെത്തുന്ന വിദ്യാര്‍ത്ഥികളുടെ ആര്‍ടിപിസിആര്‍ പരിശോധന സൗജന്യമാക്കി. മുംബൈയിലെത്തുന്ന മലയാളികള്‍ക്ക് മുംബൈ കേരളാ ഹൗസില്‍ താമസം, ഭക്ഷണം ,കേരളാ ഹൗസ് വരെയുള്ള യാത്രാ സൗകര്യങ്ങള്‍ തയ്യാറാക്കി നിര്‍ത്തിയിട്ടുണ്ട്. വിമാനങ്ങള്‍ എത്തുന്ന സമയം അറിവായിട്ടില്ല. നോര്‍ക്കയും ടൂറിസം വകുപ്പും ചേര്‍ന്നാണ് ഒരുക്കങ്ങള്‍ തയ്യാറാക്കിയത്.