സിനിമകള്‍ക്ക് പാരയായി ഫാന്‍സ് ഷോകള്‍ ; അവസാനിപ്പിക്കാന്‍ ഫിയോക്ക് തീരുമാനം
സിനിമകള്‍ക്ക് തന്നെ ഭീഷണിയാകുന്ന തരത്തില്‍ കുഴപ്പങ്ങള്‍ അടിക്കടി ഉണ്ടാകുന്ന സാഹചര്യത്തില്‍ സിനിമകളുടെ റിലീസ് സമയത്തുള്ള ഫാന്‍സ് ഷോകള്‍ നിരോധിക്കാന്‍ തീരുമാനമെടുത്ത് തിയറ്റര്‍ ഉടമകളുടെ സംഘടനായ ഫിയോക്ക്. വര്‍ഗീയത, ഡീഗ്രേഡിങ് എന്നിവയാണ് ഫാന്‍സ് ഷോകള്‍ കൊണ്ട് നടക്കുന്നത് എന്ന് ഫിയോക് പ്രസിഡന്റ് വിജയകുമാര്‍ പറയുന്നു. സിനിമാ വ്യവസായത്തിന് ഫാന്‍സ് ഷോ യാതൊരു ഗുണവും ചെയ്യില്ലെന്നും അദ്ദേഹം വ്യക്തമാക്കുന്നു. കഴിഞ്ഞ 22-ാം തിയതി ചേര്‍ന്ന ഫിയോക്കിന്റെ എക്‌സിക്യൂട്ടീവ് യോഗത്തില്‍ ഫാന്‍സ് ഷോ നിര്‍ത്തലാക്കണമെന്ന നിര്‍ദ്ദേശം മുന്നോട്ട് വച്ചിട്ടുണ്ട്. ഫാന്‍സ് ഷോ എന്ന പേരില്‍ ഡീഗ്രേഡിങ്ങും അഭിനേതാക്കളുടെ ജാതിയും മതവും നോക്കി സിനിമ പ്രോമോട്ട് ചെയ്യുകയെന്ന രീതിയിലേക്കുമാണ് സാഹചര്യങ്ങള്‍ പോകുന്നത്.
ഫാന്‍സ് ഷോ കൊണ്ട് ഒരു സിനിമയ്ക്കും യാതൊരുവിധ പ്രയോജനവും ഉണ്ടാകുന്നില്ല. ഡീഗ്രേഡിങ്ങും വര്‍ഗീയതയും കാരണം ഒരു ചിത്രത്തിന്റെ പ്രേക്ഷകനെയാണ് നഷ്ടമാകുന്നത്. അതിനാലാണ് ഇങ്ങനെയൊരു തീരുമാനത്തിലേക്ക് ഞങ്ങള്‍ എത്തിച്ചേര്‍ന്നത്. മാര്‍ച്ച് 29ന് ജനറല്‍ ബോഡിയില്‍ ഈ വിഷയം ചര്‍ച്ചയ്‌ക്കെടുക്കും. അപ്രൂവല്‍ ആകുകയാണെങ്കില്‍ ഫാന്‍സ് ഷോകള്‍ പൂര്‍ണമായും നിര്‍ത്തലാക്കും. അനുമതി ലഭിക്കുമെന്നാണ് പ്രതീക്ഷ. എല്ലാ തിയറ്ററുകാരുടെയും അഭിപ്രായങ്ങള്‍ ഒന്ന് തന്നെയാണ്. ഒരു പുതിയ ചിത്രം ഇറങ്ങുന്നു, അതില്‍ അഭിനയിക്കുന്ന നടന്റെ ജാതിയും മതവും പറഞ്ഞാണ് പടത്തെ സപ്പോര്‍ട്ട് ചെയ്യുന്നതും സപ്പോര്‍ട്ട് ചെയ്യാതിരിക്കുന്നതും. ഈ ഒരു പ്രവണത കേരളത്തില്‍ കൂടിക്കൊണ്ടിരിക്കുകയാണ്. അതൊരിക്കലും ഞങ്ങള്‍ക്ക് അംഗീകരിക്കാന്‍ സാധിക്കില്ല. ഒരു നടന്റെ സിനിമ കാണുന്നതിന് മറ്റുള്ള എല്ലാ താരങ്ങളുടെയും ആരാധകര്‍ എത്തും. അവര്‍ പരസ്പരം മത്സരിക്കുന്നു. അത്തരക്കാര്‍ തിയറ്ററില്‍ നിന്നും ഇറങ്ങിയ ശേഷം ചിത്രം വളരെ മോശമാണെന്നും പൈസ നഷ്ടമാണെന്നും വ്യാപകമായി പ്രചരിപ്പിക്കുന്നു. ഇക്കാരണങ്ങള്‍ കൊണ്ട് ആ ചിത്രത്തിന് ലഭിക്കേണ്ട സാമാന്യ പ്രേക്ഷകരെയാണ് നഷ്ടമാകുന്നത്.
തിയറ്ററിന് അകത്തും പുറത്തും ഫാന്‍സുകാരുടെ ആഭാസത്തരങ്ങളാണ് നടക്കുന്നത് എന്നും അദ്ദേഹം പറയുന്നു. ഫാന്‍സ് ഷോ കാരണം ഒരു സിനിമയ്ക്കും യാതൊരു ഗുണവും ഉണ്ടാകുന്നില്ല. രാത്രി 12 മുതല്‍ രാവിലെ 7വരെ ഫാന്‍സ് ഷോ നടത്തിയ ചിത്രങ്ങള്‍ പോലും മൂക്കും കുത്തി വീഴുകയാണ് ചെയ്തത്. ഒരു സിനിമയെ പോലും രക്ഷിക്കാന്‍ ഫാന്‍സുകാര്‍ക്ക് സാധ്യമല്ല. സിനിമയുടെ കണ്ടന്റാണ് വലുത്. പ്രേക്ഷകന് മാത്രമേ സിനിമയെ രക്ഷിക്കാനാകൂ. ആ പ്രേക്ഷകനെ സിനിമയില്‍ നിന്നും അകറ്റുന്ന പ്രവണതയാണ് ഫാന്‍സുകാര്‍ മുഖാന്തരം സംഭവിച്ചു കൊണ്ടിരിക്കുന്നത്. സിനിമ റിലീസാകുന്ന ദിവസം മറ്റുള്ളവര്‍ക്ക് സിനിമ കാണാന്‍ സാധിക്കാത്ത അവസ്ഥയാണ്. പ്രേക്ഷകര്‍ പൈസ മുടക്കി തിയറ്ററില്‍ വരുന്നത് സമാധാനമായി സിനിമ കാണാനാണ്. സിനിമ ആസ്വദിക്കാനാണ്. എന്നാല്‍ അതിനുള്ള അവസരം ഫാന്‍സുകാര്‍ നിഷേധിക്കുകയാണ്. കൂടാതെ ഫാന്‍സുകാര്‍ തമ്മിലുള്ള ബഹളത്തില്‍ തിയറ്ററിനും ഉടമകള്‍ക്കും ഉണ്ടാകുന്ന നാശ നഷ്ടങ്ങള്‍ ഏറെയാണ്. ഇക്കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് ഫാന്‍സ് ഷോ നിരോധിക്കണമെന്ന നിര്‍ദ്ദേശം മുന്നോട്ട് വച്ചത്.
അതേസമയം കോവിഡ് നിയന്ത്രണങ്ങളില്‍ സംസ്ഥാന സര്‍ക്കാര്‍ കൂടുതല്‍ ഇളവ് പ്രഖ്യാപിച്ചു. ഇതു പ്രകാരം ജില്ലകളെ കാറ്റഗറി തിരിക്കുന്നത് അവസാനിപ്പിച്ചു. കൂടാതെ തീയേറ്ററുകളില്‍ 100 ശതമാനം സീറ്റുകളിലും പ്രവേശനം അനുവദിച്ചതായും സര്‍ക്കാര്‍ വ്യക്തമാക്കി. ഇതുകൂടാതെ ബാറുകള്‍, ക്ലബ്ബുകള്‍, റെസ്റ്റോറന്റുകള്‍ എന്നിവിടങ്ങളിലെ നിയന്ത്രണങ്ങളും പിന്‍വലിച്ചിട്ടുണ്ട്. പൊതു പരിപാടികളില്‍ 1500 പേര്‍ക്ക് പങ്കെടുക്കാമെന്നും സര്‍ക്കാര്‍ അറിയിച്ചു. സര്‍ക്കാര്‍ പരിപാടികള്‍ ഓണ്‍ലൈനായി നടത്തണമെന്ന വ്യവസ്ഥയും ഒഴിവാക്കിയിട്ടുണ്ട്.