ആണവായുധങ്ങള്‍ പ്രയോഗിക്കാന്‍ റഷ്യ ഒരുങ്ങുന്നുവോ…? ആണവായുധങ്ങള്‍ സജ്ജമാക്കാന്‍ സേനാ തലവന്മാര്‍ക്ക് പുടിന്റെ നിര്‍ദേശം

സ്ഥിതിഗതികള്‍ കൂടുതല്‍ രൂക്ഷമാക്കി യുക്രൈനെതിരെ ആണവായുധം സജ്ജമാക്കാന്‍ റഷ്യന്‍ പ്രസിഡന്റ് വ്ളാദ്മീര്‍ പുടിന്‍ നിര്‍ദേശം നല്‍കിയതായി റിപ്പോര്‍ട്ട്. സേനാ തലവന്മാര്‍ക്കാണ് പുടിന്‍ നിര്‍ദേശം നല്‍കിയതെന്ന് റഷ്യ ടുഡേ റിപ്പോര്‍ട്ട് ചെയ്യുന്നു. നാറ്റോയുടെ കടുത്ത നിലപാടിന് പിന്നാലെയാണ് തീരുമാനമെന്ന് പുടിന്‍ വ്യക്തമാക്കി. റഷ്യയ്ക്കെതിരെ പാശ്ചാത്യ രാജ്യങ്ങള്‍ കടുത്ത സാമ്പത്തിക ഉപരോധങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നു.മുന്‍നിര നാറ്റോ അംഗങ്ങളില്‍ നിന്നുള്ള ഉന്നത ഉദ്യോഗസ്ഥര്‍ റഷ്യയ്ക്കെതിരെ ആക്രമണാത്മക പ്രസ്താവനകള്‍ നടത്തുകയും ചെയ്തിരുന്നു.

ഇതിനിടെ യുക്രൈന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ സെലന്‍സ്‌കി റഷ്യയുമായുള്ള ചര്‍ച്ച സ്ഥിരീകരിച്ചു. ബെലാറസ് പ്രസിഡന്റിന്റെ ഉറപ്പിനെ തുടര്‍ന്നാണ് തീരുമാനമെന്നും അദ്ദേഹം വ്യക്തമാക്കി. ചര്‍ച്ചയില്‍ പങ്കെടുക്കുന്ന പ്രതിനിധികളുടെ സുരക്ഷ ഉറപ്പാക്കുമെന്ന് ബെലാറസ് പ്രസിഡന്റ് അറിയിച്ചു.യുക്രൈന്‍ പ്രതിനിധി സംഘം ചര്‍ച്ചയ്ക്ക് തിരിച്ചതായിയാണ് റിപ്പോര്‍ട്ട്. ബെലാറസില്‍ വച്ച് ചര്‍ച്ചയ്ക്ക് തയാറല്ലെന്നായിരുന്നു യുക്രൈന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ സെലന്‍സ്‌കി നേരത്തെ പറഞ്ഞിരുന്നത്. വായ്സോ, ഇസ്താംബുള്‍,എന്നിവിടങ്ങളില്‍ എവിടെയും ചര്‍ച്ചയ്ക്ക് തയാറാണ് എന്നാല്‍ ബലാറസില്‍ വച്ചുള്ള ചര്‍ച്ചയ്ക്ക് തയാറല്ലെന്നുമാണ് യുക്രൈന്‍ അറിയിച്ചിരുന്നത്. ആക്രമണം നിര്‍ത്തുകയാണ് റഷ്യ ആദ്യം ചെയ്യേണ്ടതെന്നും ബെലാറസില്‍ നിന്ന് ആക്രമണം നടത്തുമ്പോള്‍ ചര്‍ച്ച സാധ്യമല്ലെന്നും സെലന്‍സ്‌കി പ്രതികരിച്ചിരുന്നു.

ചര്‍ച്ചയ്ക്കായി റഷ്യന്‍ സംഘം ബെലാറൂസിലെത്തി. റഷ്യന്‍ പ്രസിഡന്റ് വ്ളാദിമിര്‍ പുട്ടിന്റെ പ്രതിനിധികളും സംഘത്തിലുണ്ടെന്ന് വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ബെലാറൂസ് വഴി യുക്രൈന്‍ ആക്രമണം നേരിടുമ്പോള്‍ ചര്‍ച്ച സാധ്യമാകില്ലെന്നും മറ്റേതെങ്കിലും രാജ്യത്തു ചര്‍ച്ച നടത്തണം എന്നുമായിരുന്നു യുക്രൈന്റെ ആദ്യ നിലപാട്. അതേസമയം, റഷ്യന്‍ അധിനിവേശത്തില്‍ തിരിച്ചടി നല്‍കുന്നതായി യുക്രൈന്‍ സര്‍ക്കാര്‍. ഇതുവരെ 4,300 റഷ്യന്‍ സൈനികരെ വധിച്ചെന്നും 146 സൈനിക ടാങ്കുകള്‍ തകര്‍ത്തെന്നും യുക്രൈന്‍ ഡെപ്യൂട്ടി പ്രതിരോധ മന്ത്രി പറഞ്ഞതായി റിപ്പോര്‍ട്ട് പുറത്തുവന്നു.റഷ്യക്കെതിരെ പ്രതിരോധം തീര്‍ക്കാന്‍ സൈന്യത്തിനും ആയുധധാരികളായ ജനതയ്ക്കും ഒപ്പം വിദേശികളെക്കൂടി അണിനിരത്താനാണു യുക്രൈന്റെ തീരുമാനമെന്ന് വാര്‍ത്താ ഏജന്‍സിയായ റോയിറ്റേഴ്സ് റിപ്പോര്‍ട്ട് ചെയ്തു.