ഓപ്പറേഷന്‍ ഗംഗ ; അഞ്ചാമത്തെ വിമാനം ഡല്‍ഹിയിലെത്തി

ഉക്രെയ്നില്‍ നിന്നും ഇന്ത്യക്കാരെ തിരികെ എത്തിക്കുന്ന ഓപ്പറേഷന്‍ ഗംഗയുടെ ഭാഗമായി അഞ്ചാമത്തെ വിമാനം ഡല്‍ഹിയിലെത്തി. റൊമേനിയയില്‍ നിന്ന് 249 പേരുമായാണ് വിമാനം എത്തിയത്. ഇന്ന് രണ്ട് വിമാനങ്ങളാണ് ഇന്ത്യയില്‍ എത്തുന്നത്. ഹംഗറിയില്‍ നിന്നാണ് രണ്ടാമത്തെ വിമാനം എത്തുക. ഇന്‍ഡിഗോ വിമാനങ്ങളിലാണ് ഇന്ത്യന്‍ സംഘത്തെ നാട്ടിലെത്തിക്കുന്നത്. യുക്രെയ്ന്‍ അതിര്‍ത്തി രാജ്യങ്ങളായ ഹംഗറി, പോളണ്ട്, സ്ലോവാക്യ, റൊമാനിയ അതിര്‍ത്തികളിലൂടെ കൂടുതല്‍ ഇന്ത്യക്കാരെ നാട്ടിലെത്തിക്കാനാണ് ശ്രമം. ഇതിനു പുറമേ മോള്‍ഡോവ വഴിയും സംഘമെത്തും. ഇവിടങ്ങളില്‍ അതിര്‍ത്തികള്‍ കടക്കുന്ന ഇന്ത്യക്കാരെ സഹായിക്കാന്‍ ക്രോണ്‍ട്രോറൂമുകള്‍ സജ്ജീകരിച്ചിട്ടുണ്ട്. ഓപ്പറേഷന്‍ ഗംഗയുടെ വിവരങ്ങള്‍ പങ്കുവക്കാന്‍ ട്വിറ്റര്‍ അക്കൗണ്ടും ആരംഭിച്ചു.

പോളണ്ട് അതിര്‍ത്തിയിലേക്ക് ഇന്ത്യക്കാര്‍ക്കായി പ്രത്യേക ബസുകള്‍ തയ്യാറക്കിയതായി സ്ഥാനപതി കാര്യാലയം അറിയിച്ചിട്ടുണ്ട്. ഷെഹ്നി അതിര്‍ത്തിയിലെ ഇന്ത്യക്കാര്‍ക്കായി 10 ബസുകള്‍ സര്‍വ്വീസ് നടത്തും. അതേസമയം, ലിവിവില്‍ ഉള്ളവര്‍ അവിടെ തന്നെ തുടരണമെന്നാണ് നിര്‍ദേശം. കിഴക്കന്‍ യുക്രെയ്‌നില്‍ കുടുങ്ങിക്കിടക്കുന്നവരെ തിരിച്ചെത്തിക്കാനുള്ള ശ്രമങ്ങളും തുടരുകയാണ്. റഷ്യ വഴിയുള്ള രക്ഷാപ്രവര്‍ത്തനമാണ് പരിഗണനയിലുള്ളത്. റഷ്യ, യുക്രെയ്ന്‍ സ്ഥാനപതിമാരുമായി വിദേശകാര്യ സെക്രട്ടറി ഹര്‍ഷ് വര്‍ധന്‍ ശ്യംഗ്‌ള ആശയവിനിമയം നടത്തി. അതേസമയം യുക്രെയ്ന്‍ രക്ഷാദൗത്യത്തിന്റെ ഭാഗമായി കേന്ദ്രമന്ത്രിമാര്‍ യുക്രെയ്ന്‍ അതിര്‍ത്തിയിലെത്തും. മന്ത്രിമാരായ ഹര്‍ദീപ് പുരി, ജ്യോതിരാദിത്യ സിന്ധ്യ, കിരണ്‍ റിജ്ജു, ജന. വികെ സിംഗ് എന്നിവരാണ് യുക്രെയ്ന്‍ അതിര്‍ത്തി രാജ്യങ്ങളായ റൊമേനിയ, മാള്‍ഡോവ, സ്ലോവാക്യ, ഹംഗറി, പോളണ്ട് തുടങ്ങിയ രാജ്യങ്ങളിലേക്ക് പുറപ്പെടുന്നത്. രക്ഷാദൗത്യ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനും ഇന്ത്യന്‍ വിദ്യാര്‍ത്ഥികളെ സഹായിക്കുന്നതിനുമായാണ് മന്ത്രിമാര്‍ യാത്ര തിരിക്കുന്നത്.

റൊമേനിയ, മാള്‍ഡോവ എന്നിവിടങ്ങളിലാണ് ജ്യോതിരാദിത്യ സിന്ധ്യ സന്ദര്‍ശിക്കുന്നത്. കിരണ്‍ റിജ്ജു സ്ലോവാക്യയിലേക്കും ഹര്‍ദീപ് സിംഗ് പുരി ഹംഗറിയിലേക്കും പുറപ്പെടും. വികെ സിംഗിനാണ് പോളണ്ടിലെ രക്ഷാദൗത്യത്തിന്റെ ചുമതല. യുക്രെയ്ന്‍ പ്രതിസന്ധിയെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ പ്രധാനമന്ത്രിയുടെ നേതൃത്വത്തില്‍ ഇന്ന് നടന്ന ഉന്നതതല യോഗത്തിലാണ് ഇതുസംബന്ധിച്ച് തീരുമാനമായത്. സര്‍ക്കാര്‍ കണക്കനുസരിച്ച് ഏതാണ്ട് 4,0000 ഇന്ത്യന്‍ വിദ്യാര്‍ത്ഥികളാണ് യുക്രെയ്‌നിലുള്ളത്. സംഘര്‍ഷ മേഖലയായ കീവില്‍ പ്രഖ്യാപിച്ച വാരാന്ത്യ കര്‍ഫ്യൂ പിന്‍വലിച്ചു. എല്ലാ വിദ്യാര്‍ത്ഥികളോടും പടിഞ്ഞാറന്‍ ഭാഗങ്ങളിലേക്കുള്ള യാത്രയ്ക്കായി റെയില്‍വേ സ്റ്റേഷനിലേക്ക് പോകാന്‍ എംബസി നിര്‍ദേശിച്ചിരിക്കുകയാണ്. രക്ഷാദൗത്യത്തിനായി പ്രത്യേക ട്രെയിനുകള്‍ ഏര്‍പ്പെടുത്തുന്നുണ്ട്.