പൊലീസ് കസ്റ്റഡിയിലായിരുന്ന പ്രതി മരിച്ചു ; പ്രതിഷേധവുമായി നാട്ടുകാര്‍

ജഡ്ജിക്കുന്ന് സ്വദേശി സുരേഷാണ് മരിച്ചത്. തിരുവനന്തപുരം തിരുവല്ലം പൊലീസ് സ്റ്റേഷനിലാണ് സംഭവം. നെഞ്ചുവേദനയെ തുടര്‍ന്ന് ഇയാളെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണപ്പെട്ടിരുന്നു. മരണവിവരം പുറത്തുവന്നതിനു പിന്നാലെ നാട്ടുകാര്‍ പൊലീസ് സ്റ്റേഷനു മുന്നില്‍ പ്രതിഷേധിക്കുകയാണ്. കസ്റ്റഡി മരണമാണെന്നാണ് നാട്ടുകാരും ബന്ധുക്കളും ആരോപിക്കുന്നത്. ദമ്പതികളെ ആക്രമിച്ചതുമായി ബന്ധപ്പെട്ട കേസില്‍ ഇന്നലെ രാത്രി എട്ടരയോടെയാണ് സുരേഷിനെ പൊലീസ് കസ്റ്റഡിയിലെടുത്തത്. തുടര്‍ന്ന് തിരുവല്ലം പൊലീസ് സ്റ്റേഷനിലേക്ക് ഇയാളെ കൊണ്ടുവന്നു. ഇന്ന് രാവിലെ 9 മണിയോടെ സുരേഷിന് ദേഹാസ്വസ്ഥ്യവും തളര്‍ച്ചയും ഉണ്ടായി. തുടര്‍ന്ന് ഇയാളെ ആദ്യം പൂന്തുറ ആശുപത്രിയിലേക്കും പിന്നീട് മെഡിക്കല്‍ കോളജിലേക്ക് പോകും വഴി ആരോഗ്യനില വഷളായതിനാല്‍ അനന്തപുരിയി സ്വകാര്യ ആശുപത്രിയിലേക്കും കൊണ്ടുപോയി. പക്ഷേ രക്ഷിക്കാനായില്ല.

മുന്‍പ് പല ക്രിമിനല്‍ കേസുകളിലും പ്രതിയായിരുന്നു സുരേഷ്. ഇന്നലെ തിരുവല്ലത്ത് വച്ച് സദാചാര പൊലീസ് ചമഞ്ഞ് ദമ്പതികളെ അക്രമിച്ച കേസിലായിരുന്നു അറസ്റ്റ്. ഇന്ന് രാവിലെ നെഞ്ചു വേദന അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് സുരേഷ് കുമാറിനെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. തുടര്‍ന്ന് ആശുപത്രിയില്‍ വച്ച് മരണപ്പെട്ടു. ഹൃദയാഘാതമാണ് മരണകാരണം എന്നാണ് പൊലീസ് പറയുന്നത്. എന്നാല്‍ സുരേഷ് കുമാറിനെ പൊലീസ് ഉപദ്രവിച്ചുവെന്നാണ് ബന്ധുക്കളുടെ ആരോപണം. തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ പോസ്റ്റോമോര്‍ട്ടം നടപടികള്‍ പുരോഗമിക്കുകയാണ്. പോസ്റ്റ് മോര്‍ട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.