യുക്രെയ്‌നിലുള്ള മകളെ നാട്ടിലെത്തിക്കാമെന്ന് വാഗ്ദാനം ചെയ്തു മാതാപിതാക്കളില്‍ നിന്നും 37000 രൂപ തട്ടി
യുദ്ധം വരെ തട്ടിപ്പിന് ഉപയോഗിക്കുന്നവരുടെ കാലമാണ് ഇപ്പോള്‍. യുദ്ധഭീതിയില്‍ കഴിയുന്ന നിസ്സഹായവസ്ഥയിലുള്ളവരെ പോലും തട്ടിപ്പുകാര്‍ വെറുതെ വിടുന്നില്ല. റഷ്യന്‍ അധിനിവേശത്തിനിടെ യുക്രെയ്‌നില്‍ കുടുങ്ങിയ ഇന്ത്യക്കാരെ തിരിച്ചെത്തിക്കുവാന്‍ സഹായിക്കാം എന്ന പേരില്‍ തട്ടിപ്പ് സംഘങ്ങള്‍ വിലസുന്നു എന്നാണ് ഇപ്പോള്‍ വരുന്ന വാര്‍ത്തകള്‍. മകളെ നാട്ടിലെത്തിക്കാന്‍ സഹായിക്കാമെന്ന് വാഗ്ദാനം ചെയ്തു മധ്യപ്രദേശില്‍നിന്നുള്ള യുവതിയില്‍നിന്ന് തട്ടിപ്പ് സംഘം 37000 രൂപ തട്ടിയെടുത്തു എന്നതാണ് അതിലെ അവസാന വാര്‍ത്ത. പ്രധാനമന്ത്രിയുടെ ഓഫീസ് (പിഎംഒ) നിയോഗിച്ച ‘പേഴ്സണല്‍ അസിസ്റ്റന്റ്’ എന്ന വ്യാജേന രംഗത്തെത്തിയയാളാണ് പണം തട്ടിയെടുത്തത്. യുക്രെയ്‌നില്‍ ഒറ്റപ്പെട്ടുപോയ മകളെ നാട്ടിലെത്തിക്കാനുള്ള വിമാന ടിക്കറ്റ് ബുക്ക് ചെയ്യാന്‍ 42,000 രൂപയാണ് ലാബ് അസിസ്റ്റന്റായ വൈശാലി വില്‍സണില്‍നിന്ന് തട്ടിപ്പുകാരന്‍ ആവശ്യപ്പെട്ടത്. ഇതുപ്രകാരം 42000 രൂപ യുവതി കൈമാറി. എന്നാല്‍ പിന്നീട് പ്രതികരണം ഇല്ലാതായതോടെയാണ് താന്‍ തട്ടിപ്പിന് ഇരയായതെന്ന് യുവതിക്ക് ബോധ്യമായത്.
ഇതിനിടെ 5000 രൂപ തട്ടിപ്പുകാരന്‍ തിരികെ നല്‍കി. ഇതോടെ യുവതി പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. പൊലീസ് അന്വേഷണത്തില്‍ ഡല്‍ഹി സ്വദേശിയായ പ്രിന്‍സ് എന്നയാളാണ് തട്ടിപ്പ് നടത്തിയതെന്ന് വ്യക്തമായിട്ടുണ്ട്. ഇയാളെ ഉടന്‍ പിടികൂടുമെന്ന് പൊലീസ് അറിയിച്ചു. നേരത്തെ യുക്രെയ്‌നിലുള്ള മകളെ സുരക്ഷിതമായി ഒഴിപ്പിക്കാന്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളോട് അഭ്യാര്‍ഥിക്കുന്ന യുവതിയുടെ വീഡിയോ വൈറലായിരുന്നു. ഇത് ശ്രദ്ധയില്‍പ്പെട്ടതോടെയാണ് തട്ടിപ്പ് സംഘം യുവതിയെ ബന്ധപ്പെട്ടതെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു. താന്‍ പ്രധാനമന്ത്രിയുടെ ഓഫീസില്‍നിന്ന് നിയോഗിച്ച ഉദ്യോഗസ്ഥനാണെന്നും, മകളെ നാട്ടിലെത്തിക്കാന്‍ സഹായിക്കാമെന്നും ഇയാള്‍ യുവതിയെ ഫോണിലൂടെ അറിയിച്ചു. വിമാന ടിക്കറ്റ് എടുക്കുന്നതിനായി 42000 രൂപ കൈമാറണമെന്ന് ഇയാള്‍ ആവശ്യപ്പെട്ടു. ഇത് കേട്ട് ഒരു മടിയും കൂടാതെ യുവതി പണം കൈമാറി. എന്നാല്‍, മറുപടിയൊന്നും ലഭിക്കാതെ വന്നതോടെ യുവതി പരിഭ്രാന്തയായി.
തട്ടിപ്പുകാരനെ പലതവണ വിളിച്ചെങ്കിലും അയാള്‍ പ്രതികരിച്ചില്ലെന്ന് യുവതി പറഞ്ഞു. നിരന്തരമായി വിളിച്ചതോടെ തട്ടിപ്പ് നടത്തിയയാള്‍ 5000 രൂപ തിരികെ നല്‍കുകയും ചില വ്യാജ സ്ലിപ്പുകള്‍ അയയ്ക്കുകയും ചെയ്തു. യുക്രെയ്‌നിലെ സ്ഥിതിഗതികളില്‍ മകളുടെ അവസ്ഥയോര്‍ത്ത് ഏറെ പരിഭ്രാന്തിയിലാണെന്ന് വൈശാലി മാധ്യമങ്ങളോട് പറഞ്ഞു. തട്ടിപ്പിന് ഇരയായെന്ന് ബോധ്യമായതോടെ യുവതി പോലീസില്‍ പരാതി നല്‍കി. ഇതേ തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തില്‍ ഡല്‍ഹി സ്വദേശി പ്രിന്‍സ് എന്നയാളാണ് തട്ടിപ്പ് നടത്തിയതെന്ന് കണ്ടെത്തിയിട്ടുണ്ട്. ഇയാളുടെ പേരിലുള്ള ബാങ്ക് അക്കൌണ്ട് മരവിപ്പിക്കുകയും ചെയ്തു. പ്രതിയെ പിടികൂടാന്‍ പൊലീസ് സംഘം ഡല്‍ഹിയിലേക്ക് പോയിട്ടുണ്ട്. ഇയാളുടെ മൊബൈല്‍ ഫോണ്‍ ഇപ്പോള്‍ ഓഫ് ആയ നിലയിലാണ്. മകളെ നാട്ടിലേക്ക് തിരികെ കൊണ്ടുവരാന്‍ യുവതിക്ക് എല്ലാ സഹായവും നല്‍കുമെന്ന് മധ്യപ്രദേശ് ആരോഗ്യമന്ത്രി പ്രഭുറാം ചൗധരിയും മെഡിക്കല്‍ വിദ്യാഭ്യാസ മന്ത്രി വിശ്വാസ് സാരംഗും ഉറപ്പ് നല്‍കി. ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയവും വൈശാലിയെ വിളിച്ച് സഹായം വാഗ്ദാനം ചെയ്തിട്ടുണ്ട്.