എം.കെ. സ്റ്റാലിന്റെ ആത്മകഥ പ്രകാശനം ചെയ്തു ; വേദിയില്‍ പിണറായിയും രാഹുല്‍ ഗാന്ധിയും
തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്റെ ആത്മകഥ ‘ഉങ്കളില്‍ ഒരുവന്‍’ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി പ്രകാശനം ചെയ്തു.മുതിര്‍ന്ന ഡിഎംകെ നേതാവും ജലവിഭവ വകുപ്പ് മന്ത്രിയുമായ ദുരൈമുരുഗന്‍ പുസ്തകം ഏറ്റുവാങ്ങി. ചടങ്ങില്‍ കേരള മുഖ്യമന്ത്രി പിണറായി വിജയന്‍, ബിഹാര്‍ പ്രതിപക്ഷ നേതാവ് തേജസ്വി യാദവ്, നാഷണല്‍ കോണ്‍ഫറന്‍സ് നേതാവ് ഒമര്‍ അബ്ദുള്ള തുടങ്ങിയവര്‍ പങ്കെടുത്തു. രാജ്യത്ത് ജനാധിപത്യവും മതനിരപേക്ഷതയും അപകടത്തില്‍ ആകുമ്പോള്‍ ഒറ്റയ്ക്ക് നിന്ന് പ്രതിരോധിക്കാന്‍ എം.കെ സ്റ്റാലിന്‍ എപ്പോഴും മുന്നിലുണ്ടാകാറുണ്ടെന്ന് പിണറായി വിജയന്‍ പറഞ്ഞു.
തമിഴും കേരളവും ഒരേ മണ്ണിന്റെ മക്കളാണ്. ആ ബന്ധം മികച്ച രീതിയിലാണ് മുന്നോട്ടു പോകുന്നത്. ദ്രാവിഡ രാഷ്ട്രീയം സാധാരണക്കാരുടെ സംരക്ഷണമാണ് മുന്നോട്ടുവെയ്ക്കുന്നത്. മതമൗലികവാദവും ഏകാധിപത്യവും ഇന്ത്യയില്‍ ശക്തിപ്രാപിക്കുകയാണ്. ഇതിനെതിരെ ഒന്നിച്ചു നിന്ന് പോരാടേണ്ട സമയമാണെന്നും മുഖ്യമന്ത്രി ചെന്നൈയില്‍ പറഞ്ഞു. അതേസമയം കേന്ദ്രസര്‍ക്കാരിനെതിരെ വിമര്‍ശനവുമായി രാഹുല്‍. തമിഴ്‌നാടിന്റെ ആവശ്യങ്ങളെ കേന്ദ്രം മാനിക്കുന്നില്ലെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. നീറ്റ്, ജിഎസ്ടി തുടങ്ങി ഒരുപിടി വിഷയങ്ങളില്‍ കേന്ദ്രം തമിഴ്‌നാടിനെ അപമാനിക്കുന്നു. ജമ്മു കശ്മീരിന്റെയും പഞ്ചാബിന്റെയും ഒക്കെ കാര്യത്തിലും കേന്ദ്രത്തിന്റെ നിലപാട് ഇതുതന്നെ. ജനതയെ അടിച്ചമര്‍ത്തി സ്വന്തം തീരുമാനങ്ങള്‍ നടപ്പാക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ ശ്രമിക്കുന്നത്. തമിഴ്നാടിന്റെ മണ്ണില്‍ തന്റെ രക്തമുണ്ടെന്നും അന്നുമുതലാണ് താന്‍ തമിഴ്‌നാട്ടുകാരനായതെന്നും രാഹുല്‍ഗാന്ധി പ്രസംഗത്തിനിടെ പറഞ്ഞു.
പ്രതിപക്ഷ ഐക്യത്തിന് ആഹ്വാനം ചെയ്തായിരുന്നു സ്റ്റാലിന്റെ പ്രസംഗം. ഇന്ത്യയുടെ മുന്നണിരാഷ്ട്രീയ സാഹചര്യം മാറിമറിയണം എന്ന് അദ്ദേഹം ആവശ്യപ്പെട്ടു. കോണ്‍ഗ്രസും ഇടതു പാര്‍ട്ടികളും മതേതര ജനാധിപത്യ പാര്‍ട്ടികളും കൈകോര്‍ക്കണം. എല്ലാവര്‍ക്കും എല്ലാം എന്ന ദ്രാവിഡ രാഷ്ട്രീയ മുദ്രാവാക്യം നടപ്പാകണമെന്നും അദ്ദേഹം പറഞ്ഞു. പ്രതിപക്ഷ ഐക്യശബ്ദം ഉയര്‍ത്തിയായിരുന്നു ചെന്നൈയിലെ സ്റ്റാലിന്റെ പുസ്തകപ്രകാശന ചടങ്ങ് നടന്നത്. രാജ്യത്തിന്റെ വൈവിദ്ധ്യവും മതേതരത്വവും ചോദ്യം ചെയ്യപ്പെടുന്നുവെന്ന് നേതാക്കള്‍ ആശങ്ക പ്രകടിപ്പിച്ചു. ഇന്ത്യയെന്ന ആശയം ചോദ്യം ചെയ്യപ്പെടുന്നുവെന്ന് ഒമര്‍ അബ്ദുള്ള കുറ്റപ്പെടുത്തി. സ്വാതന്ത്ര്യവും സമത്വവും നീതിയും ഭീഷണി നേരിടുന്നുവെന്ന് തേജസ്വി യാദവും വിമര്‍ശിച്ചു. മതമൗലികവാദവും ഏകാധിപത്യവും ഇന്ത്യയില്‍ ശക്തിപ്രാപിക്കുന്നുവെന്ന് പിണറായി പറഞ്ഞപ്പോള്‍ ഭരണഘടനാ മൂല്യങ്ങള്‍ സംരക്ഷിക്കാന്‍ എല്ലാവരും ഒന്നിച്ചു നില്‍ക്കേണ്ട നേരമെന്ന് നേതാക്കളുടെ പ്രസംഗത്തിലൂടെ വ്യക്തമായി.