ചര്‍ച്ചിന് ഉള്ളില്‍ വെച്ച് മൂന്ന് മക്കളെ വെടിവെച്ച് കൊന്ന് പിതാവ് ജീവനൊടുക്കി

ചര്‍ച്ചിന് ഉള്ളില്‍ വെച്ച് മൂന്ന് മക്കളെ വെടിവെച്ച് കൊലപ്പെടുത്തിയ ശേഷം പിതാവ് വെടിയുതിര്‍ത്ത് ജീവനൊടുക്കി. കാലിഫോര്‍ണിയ സാക്രമെനോയിലെ ക്രിസ്ത്യന്‍ പള്ളിയിലാണ് സംഭവം. കൊല്ലപ്പെട്ട കുട്ടികളെല്ലാം 15 വയസ്സില്‍ താഴെയുള്ളവരാണെന്ന് സാക്രമെനോ കൗണ്ടി ഷെരീഫ് ഓഫീസ് അറിയിച്ചു. മറ്റൊരാളും വെടിവെപ്പില്‍ കൊല്ലപ്പെട്ടിട്ടുണ്ട്. എന്നാല്‍ ഇയാളെ തിരിച്ചറിഞ്ഞിട്ടില്ലെന്ന് പൊലീസ് അറിയിച്ചു. തിങ്കളാഴ്ച പ്രാദേശിക സമയം വൈകിട്ട് അഞ്ചുമണിയോടെയാണ് വെടിവെയ്പ്പ് നടന്ന വിവരം പൊലീസിന് ലഭിക്കുന്നത്. തുടര്‍ന്ന് സ്ഥലത്തെത്തിയപ്പോള്‍ മൂന്ന് കുട്ടികളടക്കം അഞ്ചുപേരെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയതെന്നും പൊലീസ് പറഞ്ഞു. സംഭവത്തിന് പിന്നില്‍ കുടുംബപ്രശ്നങ്ങളാണെന്നാണ് പ്രാഥമിക നിഗമനം.

തുടര്‍ച്ചയായുണ്ടാകുന്ന വെടിവെയ്പ്പുകളിലും കൊലപാതകങ്ങളിലും കാലിഫോര്‍ണിയ ഗവര്‍ണര്‍ നടുക്കം രേഖപ്പെടുത്തി. ‘അമേരിക്കയില്‍ അക്രമത്തിന്റെ വിവേകശൂന്യമായ മറ്റൊരു പ്രവൃത്തി — ഇത്തവണ ഞങ്ങളുടെ വീട്ടുമുറ്റത്ത്. അകത്ത് കുട്ടികളുള്ള ഒരു പള്ളിയില്‍, തികച്ചും വിനാശകരമാണ്. ഞങ്ങളുടെ ഹൃദയം ഇരകള്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കും ഒപ്പമാണ്’- കാലിഫോര്‍ണിയ ഗവര്‍ണ പറഞ്ഞു. കഴിഞ്ഞ കുറച്ചു കാലങ്ങളായി തോക്കുകള്‍ ഉപയോഗിച്ചുള്ള കൂട്ടക്കൊലകള്‍ അമേരിക്കയില്‍ ഒരു സാധാരണ സംഭവമായി മാറിയിരിക്കുകയാണ്. തോക്ക് നിയമങ്ങള്‍ ലളിതമായതടക്കമുള്ള വിഷയങ്ങളാണ് ഇതിന് കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. ചെറിയ തര്‍ക്കങ്ങള്‍ വരെ കൂട്ടക്കൊലകളില്‍ അവസാനിക്കുന്ന കാഴ്ചയാണ് അമേരിക്കയില്‍ ഇപ്പോള്‍ കാണുവാന്‍ സാധിക്കുന്നത്. എന്നാല്‍ ഇതിനെതിരെ എന്തെങ്കിലും ചെയ്യാന്‍ അമേരിക്കന്‍ സര്‍ക്കാരുകള്‍ ശ്രമിക്കുന്നില്ല എന്നതും സത്യമാണ്.