റഷ്യന്‍ ആക്രമണത്തില്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥി കൊല്ലപ്പെട്ടു
റഷ്യന്‍ ആക്രമണം തുടരുന്ന യുക്രൈനിലെ ഖര്‍ഖീവില്‍ നടന്ന ഷെല്ലാക്രമണത്തില്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥി കൊല്ലപ്പെട്ടു. കര്‍ണാടക സ്വദേശിയും ഖര്‍ഖീവിലെ മെഡിക്കല്‍ യൂണിവേഴ്‌സിറ്റിയില്‍ നാലാം വര്‍ഷ വിദ്യാര്‍ത്ഥിയുമായ നവീന്‍ ജ്ഞാനഗൗഡര്‍ എന്ന വിദ്യാര്‍ത്ഥിയാണ് കൊല്ലപ്പെട്ടത്. ഖര്‍ഖീവില്‍ കുടുങ്ങിയ മലയാളി വിദ്യാര്‍ത്ഥികളടക്കം ഇക്കാര്യം സ്ഥിരീകരിക്കുന്നുണ്ട്. അവശ്യസാധനങ്ങള്‍ വാങ്ങാനായി സൂപ്പര്‍മാര്‍ക്കറ്റില്‍ നവീന്‍ ക്യൂ നില്‍ക്കുമ്പോള്‍ ആണ് ഷെല്ലാക്രമണം നടന്നത് എന്നാണ് സൂചന. ഈ സമയത്ത് നഗരത്തില്‍ ഗവര്‍ണര്‍ ഹൌസ് ലക്ഷ്യമിട്ട് കൊണ്ട് റഷ്യ ഷെല്ലാക്രമണം നടത്തുകയായിരുന്നു.
ഒരു ഇന്ത്യന്‍ വിദ്യാര്‍ത്ഥി യുക്രൈനിലെ ഷെല്ലാക്രമണത്തില്‍ കൊല്ലപ്പെട്ടു എന്ന വാര്‍ത്ത ഇന്ത്യന്‍ വിദേശകാര്യമന്ത്രാലയം സ്ഥിരീകരിച്ചിട്ടുണ്ട്. വിദേശകാര്യവക്താവാണ് ട്വിറ്ററിലൂടെ ഇക്കാര്യം സ്ഥിരീകരിച്ചത്. കൊല്ലപ്പെട്ട നവീന്റെ മാതാപിതാക്കള്‍ ചെന്നൈയിലാണുള്ളത് എന്നാണ് വിവരം. ഇവരുമായി വിദേശകാര്യമന്ത്രാലയം ബന്ധപ്പെടുന്നുണ്ട്. ഷെല്ലാക്രമണത്തില്‍ കഴിഞ്ഞ ദിവസം ഒരു ഇസ്രയേലി പൗരനും കൊല്ലപ്പെട്ടിരുന്നു. ഇന്ന് രാവിലെ ഖാര്‍കിവില്‍ ഷെല്ലാക്രമണത്തില്‍ ഒരു ഇന്ത്യന്‍ വിദ്യാര്‍ത്ഥിക്ക് ജീവന്‍ നഷ്ടപ്പെട്ടുവെന്ന് അഗാധമായ ദുഃഖത്തോടെ ഞങ്ങള്‍ സ്ഥിരീകരിക്കുന്നു. അദ്ദേഹത്തിന്റെ കുടുംബവുമായി മന്ത്രാലയം ബന്ധപ്പെട്ടുവരികയാണ്. കുടുംബത്തോട് ഞങ്ങളുടെ അഗാധമായ അനുശോചനം അറിയിക്കുന്നു – ഇന്ത്യന്‍ വിദേശകാര്യവക്താവ് ട്വിറ്ററില്‍ കുറിച്ചു.
റഷ്യന്‍ അതിര്‍ത്തിയോട് ചേര്‍ന്ന് കിടക്കുന്ന ഖര്‍ഖീവ് ന?ഗരത്തില്‍ തുടക്കം മുതല്‍ റഷ്യ കടുത്ത ആക്രമണം നടത്തി വരികയായിരുന്നു. കഴിഞ്ഞ രണ്ട് ദിവസമായി ഇവിടെ ഷെല്ലാക്രമണത്തിന് അല്‍പം ശമനം വന്നതോടെ വിദ്യാര്‍ത്ഥികള്‍ പലരും പുറത്തിറങ്ങുകയും ഭക്ഷണവും വെള്ളവും മറ്റും ശേഖരിക്കുകയും ചെയ്തിരുന്നു. ചില വിദ്യാര്‍ത്ഥികള്‍ ഖാര്‍ഖീവില്‍ നിന്നും ട്രെയിന്‍ പിടിച്ച് പടിഞ്ഞാറന്‍ ന?ഗരമായ ലീവിവിലേക്ക് മാറ്റാനും ആലോചിച്ചിരുന്നു. ആറ് ദിവസമായി ഖര്‍ഖീവിലെ ഷെല്‍ട്ടറുകളില്‍ അഭയംപ്രാപിച്ച ഇന്ത്യന്‍ വിദ്യാത്ഥികള്‍ ഭക്ഷണത്തിനും വെള്ളത്തിനും ക്ഷാമം നേരിട്ടതോടെ ഇന്നും ഇന്നലെയുമായി പുറത്തേക്ക് ഇറങ്ങിയത് എന്നാണ് സൂചന.
രാവിലെയാണ് ഗവര്‍ണറുടെ വസതിക്കുനേരെ റഷ്യന്‍ ഷെല്ലാക്രമണമുണ്ടായത്. തൊട്ടടുത്തുള്ള സൂപ്പര്‍മാര്‍ക്കറ്റില്‍ ഭക്ഷണം വാങ്ങാനെത്തിയതായിരുന്നു നവീന്‍. ഭക്ഷണം വാങ്ങാനും എ.ടി.എമ്മില്‍നിന്ന് പണം എടുക്കാനുമായാണ് നവീന്‍ പുറത്തിറങ്ങിയത്. ഇറങ്ങുമ്പോള്‍ അച്ഛനെ ഫോണില്‍ വിളിച്ചു സംസാരിക്കുകയും ചെയ്തിരുന്നു. ”ഇന്ത്യക്കാരുള്ള ഹോസ്റ്റലുകളില്‍ വിദ്യാര്‍ത്ഥികള്‍ക്ക് ആവശ്യമായ ഭക്ഷണമെല്ലാം എത്തിച്ചിരുന്നു. എന്നാല്‍, ഗവര്‍ണറുടെ വസതിക്കു തൊട്ടടുത്തുള്ള ഫ്ളാറ്റിലായിരുന്നു നവീന്‍ താമസിച്ചിരുന്നത്. ഇവിടെ ഭക്ഷണം എത്തിക്കാനായിരുന്നില്ല. ഇതിനാലാണ് പുറത്ത് സൂപ്പര്‍മാര്‍ക്കറ്റിലേക്ക് പോയത്.” ഖാര്‍കിവില്‍ സ്റ്റുഡന്റ് കോഡിനേറ്ററായ പൂജ പ്രഹാരാജ് എന്‍.ഡി.ടി.വിയോട് പറഞ്ഞു.