എലിവിഷം കൊണ്ട് പല്ലുതേച്ചു ; വിദ്യാര്‍ത്ഥിനിക്ക് ദാരുണാന്ത്യം

ടൂത്ത് പേസ്റ്റ് എന്ന് കരുതി എലിവിഷം ഉപയോഗിച്ച് പല്ല് തേച്ച 17 കാരിക്ക് ദാരുണാന്ത്യം. സുള്ള്യയിലെ മര്‍കഞ്ച ഗ്രാമത്തില്‍ നിന്നുള്ള ശ്രവ്യ ആണ് മരിച്ചത്. ഹിജാബ് വിവാദത്തിന്റെ പശ്ചാത്തലത്തില്‍ കോളേജിന് അവധി ആയതിനാല്‍ വീട്ടിലായിരുന്നു ശ്രവ്യ. ശ്രവ്യ ഉറങ്ങാന്‍ കിടക്കുന്നതിന് മുമ്പ് പല്ല് തേക്കുന്നതിനിടെ, ടൂത്ത് പേസ്റ്റിന് പകരം ബ്രഷില്‍ അബദ്ധത്തില്‍ എലിവിഷം പുരട്ടി. എന്നിരുന്നാലും, ഉടന്‍ തന്നെ പറ്റിയ അബദ്ധം മനസ്സിലാക്കി, വെള്ളം ഉപയോഗിച്ച് വായ കഴുകി. ഫെബ്രുവരി 14 ആയിരുന്നു സംഭവം. പിറ്റേന്ന് സുഖമായെന്ന് തോന്നിയെങ്കിലും ഫെബ്രുവരി 17ന് വയറുവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് പുത്തൂരിലെ ചികിത്സയ്ക്ക് ശേഷം മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം.

പുത്തൂര്‍ കോളേജിലെ പ്രീ യൂണിവേഴ്‌സിറ്റി വിദ്യാര്‍ത്ഥിനിയായിരുന്നു ശ്രവ്യ. പെണ്‍കുട്ടിയുടെ വീട്ടിലെ കുളിമുറിയുടെ ജനാലയ്ക്കടുത്തായിരുന്നു ടൂത്ത് പേസ്റ്റ് സൂക്ഷിച്ചിരുന്നത്. അതിനടുത്തായി എലിവിഷവും വച്ചിരുന്നു. മുറിയില്‍ ഇരുട്ടായതിനാല്‍ ശ്രവ്യ ടൂത്ത് പേസ്റ്റിന് പകരം എലിവിഷം എടുത്ത് പല്ല് തേയ്ക്കുകയായിരുന്നു. ശ്രവ്യയെപ്പോലെ എലിവിഷം പേസ്റ്റ് കാരണം ജീവന്‍ നഷ്ടപ്പെട്ട സംഭവങ്ങള്‍ മുമ്പും ഉണ്ടായിട്ടുണ്ട്. 2020 ജൂണില്‍, ആന്ധ്രാപ്രദേശിലെ പശ്ചിമ ഗോദാവരി ജില്ലയിലെ ഡെന്‍ഡുലൂര്‍ സോണിലെ ഗലയഗുഡെമില്‍ മൗനിക എന്ന ഗര്‍ഭിണി മരിച്ചിരുന്നു. കര്‍ണാടകയിലും മഹാരാഷ്ട്രയിലും സമാനമായ മറ്റ് മൂന്ന് സംഭവങ്ങള്‍ ഉണ്ടായി. പശ്ചിമ ബംഗാളിലും തെലങ്കാനയിലും സമാനമായ സംഭവങ്ങള്‍ അപൂര്‍വമായി ഉണ്ടായിട്ടുണ്ട്. പേസ്റ്റിന് പകരം എലി വിഷം മൂലം ജീവന്‍ നഷ്ടമായവരില്‍ ഏറെക്കുറെയും സ്ത്രീകളാണെന്നത് ശ്രദ്ധേയമാണ്.