വിസ്മയ കേസ് ; പ്രതി കിരണ്‍ കുമാറിന് ജാമ്യം
വിവാദമായ വിസ്മയ കേസിലെ മുഖ്യ പ്രതിയും വിസ്മയയുടെ ഭര്‍ത്താവുമായ കിരണ്‍ കുമാറിന് ജാമ്യം. സുപ്രീം കോടതിയാണ് കിരണ്‍ കുമാറിന് ജാമ്യം അനുവദിച്ചത്. ജസ്റ്റിസ് സഞ്ജയ് കിഷന്‍ കൗള്‍, ജസ്റ്റിസ് എം.എം. സുന്ദരേഷ് എന്നിവരടങ്ങിയ ബെഞ്ചാണ് പ്രതിക്ക് ജാമ്യം അനുവദിച്ചത്. ഏഴ് ദിവസത്തെ ജാമ്യം അനുവദിക്കണമെന്നാവശ്യപ്പെട്ടായിരുന്നു കിരണ്‍ കുമാര്‍ സുപ്രീം കോടതിയെ സമീപിച്ചത്. ഹര്‍ജി അംഗീകരിച്ച സുപ്രീം കോടതി കിരണിന് റെഗുലര്‍ ജാമ്യം അനുവദിക്കുകയായിരുന്നു. കേസിന്റെ വിചാരണയില്‍ പ്രധാന സാക്ഷികളെയടക്കം വിസ്തരിച്ച സാഹചര്യത്തില്‍ ഇനി ജാമ്യം നല്‍കുന്നതില്‍ തടസ്സമില്ലെന്ന് കോടതി നിരീക്ഷിച്ചു. പ്രതിക്ക് ജാമ്യം നല്‍കിയാല്‍ സാക്ഷികളെ സ്വാധീനിക്കും എന്ന വാദം തള്ളിയാണ് കോടതി ഈ നിരീക്ഷണം നടത്തിയത്. കേസില്‍ വിചാരണ പൂര്‍ത്തിയായി ശിക്ഷ വിധിച്ചാല്‍ മാത്രമേ കിരണിന് ജയിലില്‍ പോകേണ്ടതുള്ളൂ.
2021 ജൂണ്‍ 21നാണ് നിലമേല്‍ കൈതോട് കുളത്തിന്‍കര മേലേതില്‍ പുത്തന്‍വീട്ടില്‍ ത്രിവിക്രമന്‍നായരുടെയും സരിതയുടെയും മകള്‍ വിസ്മയയെ അമ്പലത്തുംഭാഗത്തെ ഭര്‍തൃഗൃഹത്തില്‍ തൂങ്ങിമരിച്ച നിലയില്‍കാണപ്പെട്ടത്. വീടിന്റെ മുകളിലത്തെ നിലയിലെ ശുചിമുറിയില്‍ തൂങ്ങിനിന്ന വിസ്മയയെ ഭര്‍തൃവീട്ടുകാര്‍ ശാസ്താംകോട്ടയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും മരണം സംഭവിച്ചിരുന്നു. മരണത്തില്‍ ദുരൂഹത ഉയരുകയും പീഡനത്തിത്തിന്റെ നിരവധി തെളിവുകള്‍ പുറത്തുവരികയും ചെയ്തു. ഇതോടെ ഭര്‍ത്താവ് കിരണ്‍ ഒളിവില്‍ പോയെങ്കിലും രാത്രിയോടെ പൊലീസില്‍ കീഴടങ്ങയായിരുന്നു. ഏറെ വിവാദമായ കേസില്‍ അറസ്റ്റിലായതിനു പിന്നാലെ കിരണിനെ സര്‍വ്വീസില്‍ നിന്നും പിരിച്ചു വിടുകയും ചെയ്തിരുന്നു.