തുടരെ ഷെല്ലാക്രമണം ; നടന്നു എങ്കിലും ഖാര്‍ഖീവ് വിടാന്‍ ഇന്ത്യന്‍ എംബസി
എത്രയും വേഗം ഖാര്‍ക്കിവ് വിടണമെന്ന് വീണ്ടും ഇന്ത്യക്കാര്‍ക്ക് കര്‍ശന നിര്‍ദേശവുമായി യുക്രൈനിലെ ഇന്ത്യന്‍ എംബസി. ബസും ട്രെയിനും കാത്തുനിന്ന് സമയം കളയരുതെന്നും പറ്റാവുന്നത്രയും വേഗത്തില്‍ ഖാര്‍ക്കീവ് വിടണമെന്നുമാണ് എംബസി വ്യക്തമാക്കിയിരിക്കുന്നത്. എത്രയും പെട്ടെന്ന് പെസോച്ചിന്‍, ബേബെ, ബെസ്ലിയുഡോവ്ക എന്നിവിടങ്ങളിലേക്ക് എത്തണമെന്നാണ് നിര്‍ദേശം. റഷ്യ നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഇന്ത്യന്‍ എംബസിയുടെ അടിയന്തര നിര്‍ദേശം. ഇന്നലെ മുതല്‍ ഖാര്‍കീവില്‍ വലിയ ആക്രമണമാണ് റഷ്യ നടത്തുന്നത്. ഇതിന്റെ പശ്ചാത്തലത്തിലാണ് ഇന്ത്യന്‍ സ്വദേശികളോട് ഉടന്‍ ഖാര്‍കീവ് വിടണമെന്ന മുന്നറിയിപ്പ് എംബസി നല്‍കുന്നത്. യുക്രൈന്‍ പ്രാദേശിക സമയം, 18:00 മണിയോടെ ഖാര്‍കീവ് വിടണമെന്നാണ് മുന്നറിയിപ്പ്.
യുദ്ധം തുടങ്ങി ഏഴാം ദിവസവും യുക്രൈനില്‍ ആക്രമണം ശക്തമാക്കിയിരിക്കുകയാണ് റഷ്യ. ഖേഴ്സണ്‍ റഷ്യയുടെ നിയന്ത്രണത്തിലായി. പ്രദേശത്ത് റഷ്യ കനത്ത ഷെല്ലാക്രമണമാണ് നടത്തുന്നത്. ഖേഴ്സണിലെ നദീ തുറമുഖവും റെയില്‍വേ സ്റ്റേഷനും റഷ്യന്‍ സൈന്യം പിടിച്ചെടുത്തു. ഖാര്‍ക്കിവിലെ റഷ്യന്‍ ഷെല്ലാക്രമണത്തില്‍ 21 പേരാണ് കൊല്ലപ്പെട്ടത്. 112 പേര്‍ക്ക് പരുക്കേറ്റു. റഷ്യന്‍ പട്ടാളത്തിന്റെ ആക്രമണം തടയാന്‍ പരമാവധി ശ്രമിക്കുന്നതായി ഖാര്‍ക്കിവ് മേയര്‍ ഐഹര്‍ ടെറഖോവ് അറിയിച്ചു. ഖാര്‍ക്കിവിലെ സൈനിക അക്കാദമിക്കും ആശുപത്രിക്കും നേരെ റഷ്യന്‍ റോക്കറ്റ് ആക്രമണം നടക്കുകയാണ്. ഖാര്‍ക്കിവിന് പുറമെ സുിയിലും ഷെല്ലാക്രമണം നടക്കുന്നുണ്ട്. ഖാര്‍ക്കിവിലെയും സുമിയിലേയും ജനങ്ങളോട് പുറത്തറിങ്ങരുതെന്ന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
കീവിലും ഖാര്‍ക്കീവിലും ആക്രമണം അതിരൂക്ഷമാണ്. കീവിലെ ടെലിവിഷന്‍ ടവറിന് നേരെയുണ്ടായ ആക്രമണത്തില്‍ 5 പേര്‍ കൊല്ലപ്പെട്ടു. ഖാര്‍കീവ് നഗരത്തില്‍ റഷ്യന്‍ വ്യോമസേന എത്തിയതായി യുക്രൈന്‍ സ്ഥിരീകരിച്ചു. ഖാര്‍കീവിലെ ജനവാസ മേഖലയിലെ വ്യോമാക്രമണത്തില്‍ 8 പേര്‍ കൊല്ലപ്പെട്ടു. അതേസമയം യുക്രൈനിലെ വിനിത്സിയയില്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥി അസുഖബാധിതനായി മരിച്ചു. പഞ്ചാബിലെ ബര്‍ണാല സ്വദേശിയായ ചന്ദന്‍ ജിന്‍ഡാല്‍ ആണ് മരിച്ചത്. വിനിത്സിയ പൈറോഗോവിലെ മെമ്മോറിയല്‍ മെഡിക്കല്‍ യൂണിവേഴ്‌സിറ്റിയില്‍ വിദ്യാര്‍ത്ഥിയായിരുന്നു ചന്ദന്‍ ജിന്‍ഡാല്‍. അസുഖബാധിതനായി വിനിത്സിയയിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു ചന്ദന്‍.
മസ്തിഷ്‌കാഘാതത്തെത്തുടര്‍ന്നാണ് ചന്ദനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കഴിഞ്ഞ കുറച്ച് ദിവസമായി കോമയില്‍ അബോധാവസ്ഥയിലായിരുന്നു ചന്ദന്‍ എന്നാണ് സഹപാഠികള്‍ വ്യക്തമാക്കുന്നത്. അതീവഗുരുതരാവസ്ഥയിലായിരുന്നതിനാല്‍ത്തന്നെ ചന്ദനെ മറ്റൊരിടത്തേക്ക് മാറ്റുന്നത് പ്രായോഗികമായിരുന്നില്ല. നില വഷളായതോടെ പ്രാദേശിക സമയം ഉച്ചയോടെ ചന്ദന്റെ മരണം സ്ഥിരീകരിക്കുകയായിരുന്നു. ഇന്നലെ ഖാര്‍കീവില്‍ ഷെല്ലാക്രമണത്തില്‍ കര്‍ണാടക സ്വദേശിയായ മെഡിക്കല്‍ വിദ്യാര്‍ത്ഥി നവീന്‍ എസ് ജ്ഞാനഗൗഡര്‍ കൊല്ലപ്പെട്ടിരുന്നു. കര്‍ണാടക ഹാവേരി ചാലഗേരി സ്വദേശിയായ നവീന്‍ ഖാര്‍കീവ് മെഡിക്കല്‍ യൂണിവേഴ്‌സിറ്റിയിലെ നാലാംവര്‍ഷ എംബിബിഎസ് വിദ്യാര്‍ത്ഥിയായിരുന്നു. അവശ്യസാധനങ്ങള്‍ വാങ്ങാനായി സൂപ്പര്‍മാര്‍ക്കറ്റില്‍ ക്യൂ നില്‍ക്കുമ്പോഴായിരുന്നു ഷെല്ലാക്രമണം. തൊട്ട് സമീപത്തുള്ള ഗവര്‍ണര്‍ ഹൗസ് ലക്ഷ്യമിട്ടായിരുന്നു റഷ്യയുടെ ആക്രമണം നടന്നത്. പ്രദേശത്ത് ആക്രമണത്തില്‍ കൊല്ലപ്പെട്ടത് നിരവധിപ്പേരാണ്.