യുദ്ധം ; പ്രത്യാഘാതങ്ങളെ കുറിച്ച് പുടിന് വ്യക്തതയില്ല എന്ന് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍
ഉക്രൈന്‍ ആക്രമണം തുടരുന്നു എങ്കിലും വരാനിരിക്കുന്ന പ്രത്യാഘാതങ്ങളെ കുറിച്ച് റഷ്യന്‍ പ്രസിഡന്റ് വ്ളാദിമിര്‍ പുടിന് വ്യക്തതയില്ലെന്ന് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍. പാശ്ചാത്യ രാജ്യങ്ങള്‍ റഷ്യയ്ക്കെതിരെ സാമ്പത്തിക ഉപരോധം ഏര്‍പ്പെടുത്തിയ സാഹചര്യത്തിലാണ് അമേരിക്കന്‍ പ്രസിഡന്റിന്റെ പരാമര്‍ശം. മുന്നറിയിപ്പുകളെയൊന്നും വകവയ്ക്കാതെ റഷ്യ യുക്രൈനില്‍ കനത്ത ആക്രമണം തുടരുകയാണ്. റഷ്യന്‍ ആക്രമണത്തെ തുടര്‍ന്ന് നിരവധിയാളുകളാണ് യുക്രൈനില്‍ നിന്നും പലായനം ചെയ്തത്. റഷ്യന്‍ സൈന്യം യുക്രൈന്‍ തലസ്ഥാനമായ കിയവ് ആക്രമിച്ചു കീഴടക്കാന്‍ പദ്ധതിയിട്ടിരിക്കുകയാണെന്ന വാര്‍ത്തയും പുറത്തുവരുന്നു. 2014-ല്‍ റഷ്യ പിടിച്ചെടുത്ത ഉപദ്വീപായ ക്രിമിയയുടെ വടക്ക് ഭാഗത്തുള്ള കെര്‍സണിന്റെ നിയന്ത്രണം സൈന്യം ഏറ്റെടുത്തതായി റഷ്യന്‍ പ്രതിരോധ മന്ത്രാലയ വക്താവ് അറിയിച്ചു.
‘യുദ്ധഭൂമിയില്‍ റഷ്യയ്ക്കു നേട്ടമുണ്ടാക്കാമെങ്കിലും, ദീര്‍ഘകാലാടിസ്ഥാനത്തില്‍ പുടിന് വലിയ വില നല്‍കേണ്ടിവരും,’ ബൈഡന്‍ തന്റെ സ്റ്റേറ്റ് ഓഫ് യൂണിയന്‍ പ്രസംഗത്തില്‍ പറഞ്ഞു. എന്താണ് വരാന്‍ പോകുന്നതെന്ന് അയാള്‍ക്ക് അറിയില്ലെന്നും അദ്ദേഹം വിശദമാക്കി. ബൈഡന്റെ പ്രസംഗത്തെ നിറഞ്ഞ കയ്യടികളോടെയാണ് സഭാംഗങ്ങള്‍ ഏറ്റെടുത്തത്. അവരില്‍ പലരും ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു കൊണ്ട് യുക്രേനിയന്‍ പതാക വീശി. ഭക്ഷണത്തിന്റെയും ഇന്ധനത്തിന്റെയും ദൗര്‍ലഭ്യം ഉള്‍പ്പെടെയുള്ള പ്രതിസന്ധികള്‍ കാരണം കിയവ് ആക്രമിച്ചു കീഴടക്കുകയെന്ന റഷ്യന്‍ സേനയുടെ ലക്ഷ്യം സ്തംഭനാവസ്ഥയിലാണെന്ന് മുതിര്‍ന്ന യു.എസ് പ്രതിരോധ ഉദ്യോഗസ്ഥന്‍ പറഞ്ഞു.
അതേസമയം സാധാരണ ജനങ്ങളെ ബോംബെറിഞ്ഞു കൊല്ലുന്നത് നിര്‍ത്തി രണ്ടാം ഘട്ട സമാധാന ചര്‍ച്ചയ്ക്ക് റഷ്യ തയ്യാറാകണമെന്ന് യുക്രൈന്‍ പ്രസിഡന്റ് വ്ളാദിമിര്‍ സെലന്‍സ്‌കി ആവശ്യപ്പെട്ടു. 450,000-ത്തിലധികം ആളുകള്‍ യുക്രൈനില്‍ നിന്ന് പോളണ്ടിലേക്കും 113,000 പേര്‍ റൊമാനിയയിലേക്കും പലായനം ചെയ്തിട്ടുണ്ടെന്നാണ് വിവരം. റഷ്യ യുദ്ധം അവസാനിപ്പിക്കണമെന്നും യക്രൈനില്‍ നിന്നും സൈന്യത്തെ പിന്‍വലിക്കണമെന്നും യു.എന്‍ വ്യക്തമാക്കി. റഷ്യയ്ക്കെതിരെ കടുത്ത വിമര്‍ശനങ്ങളാണ് ലോകരാജ്യങ്ങള്‍ യുഎന്നില്‍ ഉന്നയിച്ചത്.