യുവതിക്ക് നേരെ ലൈംഗിക അതിക്രമം ; കൊച്ചിയിലെ പ്രമുഖ ടാറ്റൂ ആര്‍ട്ടിസ്റ്റിനെതിരെ പരാതി

ഇങ്ക്‌ഫെക്ടഡ് ടാറ്റു സ്റ്റുഡിയോ ഉടമയും അറിയപ്പെടുന്ന ടാറ്റു ആര്‍ട്ടിസ്റ്റുമായ സുജീഷ് പി എസിനെതിരെയാണ് റെഡ്ഡിറ്റിലൂടെ ലൈംഗിക ആരോപണം പുറത്തുവന്നത്. ടാറ്റൂ ചെയ്യാന്‍ പോയപ്പോഴാണ് തനിക്ക് ദുരനുഭവം ഉണ്ടായതെന്ന് യുവതി പറയുന്നു. ഇതിന് പിന്നാലെ നിരവധി യുവതികള്‍ സമാന ആരോപണവുമായി രംഗത്തെത്തി. ആദ്യമായി ടാറ്റു ചെയ്യാനെത്തിയപ്പോഴാണ് തനിക്ക് ദുരനുഭവം ഉണ്ടായത്. വാരിയെല്ലിന്റെ ഭാഗത്തായി ടാറ്റു ചെയ്യാനാണ് താന്‍ സുജീഷിന്റെ അടുത്ത് പോയത്. ആദ്യം തന്നോട് ബ്രാ ഊരാന്‍ ആവശ്യപ്പെട്ടു. ഇത് കേട്ട് ശരിക്കുമൊന്ന് പകച്ചുപോയി. ആദ്യമായി എത്തിയതുകൊണ്ട് ഇങ്ങനെയായിരിക്കുമെന്ന് കരുതി. എന്നാല്‍ ശരീരഭാഗം മറയ്ക്കാന്‍ തുണി നല്‍കാറുണ്ടെന്ന കാര്യം പിന്നീടാണ് അറിഞ്ഞത്. ടാറ്റു ചെയ്യുന്നതിനിടെ അയാള്‍ തന്റെ മാറിടത്തില്‍ പിടിച്ചതായും യുവതി പറഞ്ഞു.

ഈ സമയം വല്ലാത്ത അസ്വസ്ഥതയുണ്ടായി. രണ്ട് വര്‍ഷം മുമ്പുണ്ടായ അനുഭവം താന്‍ ലൈംഗിക പീഡനത്തിന് ഇരയായതിന് സമാനമാണെന്ന് ഇപ്പോള്‍ തിരിച്ചറിയുന്നതായും യുവതി പറഞ്ഞു. നിരവധി പേര്‍ക്ക് സമാനമായ അനുഭവം ഉണ്ടായതായും യുവതി ചൂണ്ടിക്കാണിക്കുന്നു. അതേസമയം റെഡ്ഡിറ്റിലൂടെ ആദ്യം പുറത്തുവന്ന യുവതിയുടെ അനുഭവവും വ്യത്യസ്തമല്ല. ടാറ്റു ചെയ്യുന്നതിനിടെ സുജീഷ് സ്വകാര്യ ഭാഗങ്ങളില്‍ മനപൂര്‍വ്വം സ്പര്‍ശിച്ചതായാണ് യുവതി ആരോപിക്കുന്നത്. ഒരാഴ്ച മുമ്പാണ് ടാറ്റു ചെയ്യാനായി സുജീഷിന്റെ അടുത്ത് പോയത്. നിരവധി സെലിബ്രിറ്റികള്‍ ഇവിടെ ടാറ്റു ചെയ്തശേഷം നല്ല അനുഭവം പങ്കുവെച്ചിരുന്നു. അതുകൊണ്ടുതന്നെയാണ് താനും അവിടെ പോകാന്‍ കാരണമെന്ന് യുവതി പറയുന്നു. റെഡ്ഡിറ്റില്‍ എഴുതിയ കുറിപ്പില്‍ സുജീഷിന്റെ ഇന്‍സ്റ്റാഗ്രാം ഐഡി ഉള്‍പ്പടെ യുവതി പങ്കുവെച്ചിട്ടുണ്ട്. ഈ കുറിപ്പ് വന്നതോടെയാണ് നിരവധി പേര്‍ സുജീഷിനെതിരെ ആരോപണവുമായി രംഗത്തെത്തിയത്.

ചിറകുള്ള വജൈനയുടെ ചിത്രമാണ് ടാറ്റു ചെയ്യാനായി താന്‍ വന്നതെന്ന് യുവതി വ്യക്തമാക്കുന്നു. ടാറ്റുവിന്റെ അര്‍ത്ഥം ചോദിച്ച് മനസിലാക്കിയ സുജീഷ്, സെക്‌സ് ഇഷ്ടപ്പെടുന്നതുകൊണ്ടാണ് ഈ ടാറ്റു ചെയ്യുന്നതെന്ന് ചോദിച്ചു. പിന്നീട് ടാറ്റു ചെയ്യുന്നതിനിടെ തന്റെ രഹസ്യഭാഗങ്ങളിലെല്ലാം സ്പര്‍ശിക്കുകയും ലൈംഗികമായി ചൂഷണം ചെയ്യുകയും ചെയ്തു. കൈയില്‍ സൂചിയുള്ളതിനാല്‍ തനിക്ക് പ്രതികരിക്കാന്‍ കഴിഞ്ഞില്ലെന്നും യുവതി പറയുന്നു. ആദ്യമായി ടാറ്റൂ ചെയ്തതുകൊണ്ടുതന്നെ ഇത് ഏത് തരത്തിലാകുമെന്ന് അറിയില്ലായിരുന്നു. ഇടുപ്പിനോട് ചേര്‍ന്നാണ് ടാറ്റൂ ചെയ്യേണ്ടിയിരുന്നത്. അതുകൊണ്ടുതന്നെ അടച്ചിട്ട മുറിയില്‍ വച്ചാണ് ടാറ്റൂ ചെയ്തത്. ടാറ്റൂ ചെയ്യുന്നതിനിടെ ആര്‍ട്ടിസ്റ്റ് ലൈംഗിക ചുവയോടെ സംസാരിക്കാന്‍ ആരംഭിച്ചു. കൂടെ വന്നയാള്‍ ബോയ് ഫ്രണ്ട് ആണോ, പതിനെട്ട് തികഞ്ഞതാണോ, വിര്‍ജിന്‍ ആണോ, മുമ്പ് എത്ര തവണ ലൈംഗിക ബന്ധത്തിലേര്‍പ്പെട്ടിട്ടുണ്ട് എന്നിങ്ങനെയായി ചോദ്യങ്ങള്‍. പിരീഡ്‌സ് ആണോ എന്നതടക്കം ഇയാള്‍ ചോദിച്ചു. പിന്നാലെ തന്റെ വസ്ത്രം അഴിക്കുകയും ബലപ്രയോഗത്തിലൂടെ ലൈംഗികാതിക്രമം നടത്തുകയുമായിരുന്നു. – യുവതി കുറിച്ചു.

ലൈംഗികാതിക്രമം നടത്തുമ്പോഴെല്ലാം ടാറ്റൂ ചെയ്യുന്ന സൂചി മുന തന്റെ നട്ടല്ലിനോട് ചേര്‍ത്താണ് പിടിച്ചിരുന്നത്. അതുകൊണ്ടുതന്നെ എന്ത് ചെയ്യണമെന്ന് അറിയാത്ത അവസ്ഥയായി. അമ്മ ഫോണില്‍ വിളിച്ചപ്പോള്‍ മാത്രമാണ് ഇയാള്‍ തന്നെ വിട്ടതെന്നും യുവതി പോസ്റ്റില്‍ പറയുന്നു. കാര്യങ്ങളെല്ലാം രക്ഷിതാക്കളോട് പറഞ്ഞെന്നും അവര്‍ ഒരു അഭിഭാഷകയെ സമീപിച്ചപ്പോള്‍ സാക്ഷിയില്ലാത്തതിനാല്‍ നീതി ലഭിക്കാന്‍ സാധ്യതയില്ലെന്നാണ് പറഞ്ഞതെന്നും പോസ്റ്റില്‍ വിവരിക്കുന്നു.ഈ പോസ്റ്റ് പുറത്തുവന്നതോടെ സമാനമായ ആരോപണവുമായി നിരവധി പേര്‍ രംഗത്തെത്തുന്നുണ്ട്. റെഡ്ഡിറ്റില്‍ പെണ്‍കുട്ടിയെ പിന്തുണച്ചെത്തിയവരും നിരവധിയാണ്. ടാറ്റൂ ഇപ്പോള്‍ മലയാളികള്‍ക്കിടയില്‍ ഒരു ഫാഷന്‍ ആയി മാറിയിട്ടുണ്ട്. അതുകൊണ്ടു തന്നെ കൂണുപോലെ ആണ് പല ഇടങ്ങളിലും ടാറ്റൂ സ്റ്റുഡിയോകള്‍ ഉണ്ടായിരിക്കുന്നത്. ഇതിന്റെ മറവില്‍ നടക്കുന്ന അതിക്രമങ്ങള്‍ പലരും കണ്ടില്ല എന്ന് നടിക്കുകയാണ്.