ക്രിക്കറ്റിലെ സ്പിന്‍ മാന്ത്രികന്‍ ഷെയ്ന്‍ വോണ്‍ അന്തരിച്ചു
ഓസ്ട്രേലിയ : സ്പിന്‍ ഇതിഹാസം ഷെയ്ന്‍ വോണ്‍ അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്നാണ് 52-ാം വയസില്‍ ഇതിഹാസ താരത്തിന്റെ വേര്‍പാട്. തായ്ലന്‍ഡില്‍ വച്ചാണ് വോണിന്റെ മരണമെന്ന് രാജ്യാന്തര മാധ്യമമായ ഫോക്സ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു. വോണിന്റെ മരണം സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരുന്നതേയുള്ളൂ. തായ്‌ലന്റിലെ കോ സമൂയിയിലെ വില്ലയില്‍ താരത്തെ അബോധാവസ്ഥയില്‍ കണ്ടെത്തുകയും ആശുപത്രിയില്‍ വച്ച് മരണം സ്ഥിരീകരിക്കുകയുമായിരുന്നു.
ടെസ്റ്റ് ക്രിക്കറ്റില്‍ 145 മത്സരങ്ങളില്‍ നിന്ന് 708 വിക്കറ്റുകള്‍ നേടിയ വോണ്‍ 194 ഏകദിനങ്ങളില്‍ നിന്ന് 293 വിക്കറ്റും നേടിയിട്ടുണ്ട്. ടെസ്റ്റില്‍ 37 തവണ 5 വിക്കറ്റ് പ്രകടനവും 10 തവണ 10 വിക്കറ്റ് പ്രകടനവും നടത്തിയിട്ടുണ്ട്. ഐപിഎല്‍ രാജാസ്ഥാന്‍ റോയല്‍സിന്റെ പരീശീലകനാണ്. ആസ്ത്രേലിയക്ക് വേണ്ടി 1992 നും 2007 നും ഇടയില്‍ 145 ടെസ്റ്റുകളും 194 ഏകദിനങ്ങളും കളിച്ച വോണ്‍ ആകെ 1001 വിക്കറ്റുകള്‍ നേടി. എക്കാലത്തെയും മികച്ച സ്പിന്നര്‍മാരില്‍ ഒരാളായാണ് ഷെയ്ന്‍ വോണ്‍ വിലയിരുത്തപ്പെടുന്നത്. വോണ്‍-സച്ചിന്‍, വോണ്‍-ലാറ പോരാട്ടം അക്കാലത്ത് വിഖ്യാതമായിരുന്നു.
ഏകദിനത്തില്‍ ഒരു തവണയാണ് അഞ്ച് വിക്കറ്റ് പിഴുതത്. ടെസ്റ്റില്‍ 3154 റണ്‍സും ഏകദിനത്തില്‍ 1018 റണ്‍സും നേടി. ഇന്ത്യയിലും വലിയ ആരാധകവ്യൂഹം വോണിനുണ്ടായിരുന്നു. ഐപിഎല്ലില്‍ 55 മത്സരങ്ങളില്‍ 57 വിക്കറ്റ് വീഴ്ത്തി. ഐപിഎല്ലിന്റെ പ്രഥമ സീസണില്‍ രാജസ്ഥാന്‍ റോയല്‍സിനെ അപ്രതീക്ഷിത കിരീടത്തിലേക്ക് നയിച്ച ക്യാപ്റ്റനായിരുന്നു ഷെയ്ന്‍ വോണ്‍. പിന്നീട് ടീമിന്റെ ഉപദേശക സ്ഥാനവും വഹിച്ചു ഇതിഹാസ താരം.