സി പി എം സംസ്ഥാന സെക്രട്ടറിയായി കോടിയേരിക്ക് മൂന്നാമൂഴം ; പിണറായി വിജയന് പ്രത്യേക ഇളവ്
സിപിഎം സംസ്ഥാന സെക്രട്ടറിയായി കോടിയേരി ബാലകൃഷ്ണന്‍ തുടരുവാന്‍ തീരുമാനം. തുടര്‍ച്ചയായി മൂന്നാം തവണയാണ് കോടിയേരി ബാലകൃഷ്ണന്‍ സംസ്ഥാന സെക്രട്ടറിയാകുന്നത്. ഇതിനു മുന്‍പ് സെക്രട്ടറി സ്ഥാനത്ത് പിണറായി വിജയന്‍ അഞ്ചുതവണയും വി എസ് അച്യുതാനന്ദന്‍ മൂന്നുതവണയും ഇരുന്നിട്ടുണ്ട്. പുതുതായി എട്ട് പേരെ സംസ്ഥാന സെക്രട്ടറിയേറ്റില്‍ ഉള്‍പ്പെടുത്തി. സെക്രട്ടറിയടക്കം 17 അംഗ സെക്രട്ടറിയേറ്റിനെയാണ് സിപിഎം സംസ്ഥാന സമിതി തെരഞ്ഞെടുത്തിരിക്കുന്നത്. മന്ത്രി പി എ മുഹമ്മദ് റിയാസ്, എം സ്വരാജ് എന്നിവരടക്കമാണ് സെക്രട്ടേറിയറ്റിലെ പുതുമുഖങ്ങള്‍. സംസ്ഥാന കമ്മിറ്റിയിലെ ക്ഷണിതാക്കളായി ജോണ്‍ ബ്രിട്ടാസിനേയും ബിജു കണ്ടകൈയേയും തീരുമാനിച്ചു.
23ാം പാര്‍ട്ടി കോണ്‍ഗ്രസിന് മുന്നോടിയായി കൊച്ചി മറൈന്‍ ഡ്രൈവിലെ സമ്മേളനനഗരിയില്‍ നാലുനാള്‍ നീണ്ട സംസ്ഥാന സമ്മേളനം തെരഞ്ഞെടുത്ത സംസ്ഥാന കമ്മിറ്റിയില്‍ 16 പേര്‍ പുതുമുഖങ്ങളും 13 പേര്‍വനിതകളുമാണ്. എം എം വര്‍ഗീസ്, എ വി റസ്സല്‍, ഇ എന്‍ സുരേഷ്ബാബു, സി വി വര്‍ഗീസ്, പനോളി വത്സന്‍, രാജു എബ്രഹാം, എ എ റഹീം, വി പി സാനു, ഡോ. കെ എന്‍ ഗണേഷ്, കെ എസ് സലീഖ, കെ കെ ലതിക, പി ശശി, കെ അനില്‍കുമാര്‍, വി ജോയ്, ഒ ആര്‍ കേളു, ഡോ. ചിന്ത ജെറോം എന്നിവരാണ് പുതുമുഖങ്ങള്‍. നിലവിലുള്ള കമ്മിറ്റിയില്‍നിന്ന് 12 പേരെ ഒഴിവാക്കിയിട്ടുണ്ട്. പി കരുണാകരന്‍, വൈക്കം വിശ്വന്‍, ആനത്തലവട്ടം ആനന്ദന്‍, കെ ജെ തോമസ്, എം എം മണി, എം ചന്ദ്രന്‍, കെ അനന്ത ഗോപന്‍, ആര്‍ ഉണ്ണികൃഷ്ണപിള്ള, ജി സുധാകരന്‍, കോലിയക്കോട് കൃഷ്ണന്‍നായര്‍, സി പി നാരായണന്‍, ജെയിംസ് മാത്യൂ എന്നിവരാണ് ഒഴിവായത്.
അതേസമയം സെക്രട്ടറിയടക്കം 17 അംഗ സെക്രട്ടറിയേറ്റിനെയാണ് സിപിഎം സംസ്ഥാന സമിതി തെരഞ്ഞെടുത്തിരിക്കുന്നത്. പിണറായി വിജയന്‍, കോടിയേരി ബാലകൃഷ്ണന്‍, ഇ പി ജയരാജന്‍, തോമസ് ഐസക്, പി കെ ശ്രീമതി, എ കെ ബാലന്‍, ടി പി രാമകൃഷ്ണന്‍, കെ എന്‍ ബാലഗോപാല്‍, പി രാജീവ് എന്നിവര്‍ നിലവില്‍ സെക്രട്ടറിയേറ്റ് അംഗങ്ങളാണ്. അതേസമയം, പി ജയരാജന്റെ പേര് സംസ്ഥാന സെക്രട്ടറിയേറ്റില്‍ ഉള്‍പ്പെടുത്താത്തതും ശ്രദ്ധേയമാണ്. കഴിഞ്ഞ തവണയാണ് സിപിഎം സംസ്ഥാന സമിതിയിലേക്ക് റിയാസ് തെരഞ്ഞെടുക്കപ്പെടുന്നത്. ഇത്തവണ സെക്രട്ടറിയേറ്റിലേക്ക് ഉയര്‍ത്തിയത് മന്ത്രിയെന്ന നിലയിലുള്ള അദ്ദേഹത്തിന്റെ പ്രവര്‍ത്തനവും സംഘടനാ രംഗത്തെ മികവും പരിഗണിച്ചെന്നാണ് പാര്‍ട്ടി വൃത്തങ്ങള്‍ പറയുന്നത്. പ്രായപരിധി കണക്കിലെടുത്ത് സിപിഎം സംസ്ഥാന സമിതിയില്‍നിന്ന് 13 പേരെ ഒഴിവാക്കി. എന്നാല്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഒഴികെയുള്ള 75 വയസ്സ് പിന്നിട്ടവരെയാണ് ഒഴിവാക്കിയത്. മുഖ്യമന്ത്രി എന്ന നിലയ്ക്ക് പിണറായി വിജയന് പ്രത്യേക ഇളവ് നല്‍കുകയായിരുന്നു.