ഹിജാബ് വിവാദത്തില്‍ കുടുങ്ങി സാറാ അലി ഖാന്‍

ഹിജാബ് വിവാദത്തില്‍ കുടുങ്ങി ബോളിവുഡ് നടിയും നടന്‍ സൈഫ് അലി ഖാന്റെ മകളുമായ സാറാ അലി ഖാന്‍. സാറാ ഹിജാബ് വിഷയം സംബന്ധിച്ച് പ്രതികരിച്ചു എന്ന തരത്തില്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചില പോസ്റ്റുകള്‍ പ്രചരിക്കുകയാണ്. ‘ഹിന്ദുക്കള്‍ കൂടുതലുള്ള പ്രദേശങ്ങളില്‍ മുസ്ലീം പെണ്‍കുട്ടികള്‍ സാധാരണയായി ബുര്‍ഖ ധരിക്കാറില്ല, കാരണം അവര്‍ക്കവിടെ സുരക്ഷിതത്വം തോന്നുന്നു. മുസ്ലീം ആധിപത്യമുള്ള പ്രദേശങ്ങളില്‍ മാത്രമാണ് അവര്‍ ഹിജാബ് ധരിക്കുന്നത്, കാരണം അവര്‍ അവിടെ കുടുംബാംഗങ്ങളില്‍ നിന്ന് പോലും ലൈംഗിക പീഡനത്തിന് ഇരയാകുന്നു’ എന്നാണ് സാറയുടെ പേരില്‍ പ്രചരിക്കുന്ന ട്വീറ്റിലുള്ളത്. ട്വിറ്റ് പുറത്തു വന്ന ഉടന്‍ അത് വൈറല്‍ ആവുകയായിരുന്നു.

സത്യത്തില്‍ സാറ അലി ഖാന്‍ ഇത്തരത്തിലുള്ള ഒരു പ്രസ്താവനയും ട്വീറ്റ് ചെയ്തിട്ടില്ല. സാറയുടെ പേരില്‍ സൃഷ്ടിച്ച മറ്റൊരു അക്കൗണ്ടില്‍ നിന്നാണ് ട്വീറ്റ് വന്നിട്ടുള്ളത്.സംഘപരിവാര്‍ സൈബര്‍ ലോബിയാണ് ഇതിനു പിന്നിലെന്നാണ് ഇപ്പോള്‍ ഉയരുന്ന ആരോപണം.നേരത്തെയും പല പ്രമുഖരുടെയും പേരില്‍ ഇത്തരത്തില്‍ വ്യാജ പോസ്റ്റുകള്‍ പ്രചരിച്ചിരുന്നു. അതിനിടെ ഹിജാബ് വിഷയത്തില്‍ കര്‍ണാടകയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ അനിശ്ചിതത്വം ഇപ്പോഴും തുടരുകയാണ്. ഹിജാബ് ധരിച്ച് മുസ്ലിം വിദ്യാര്‍ത്ഥികള്‍ ക്ലാസിലെത്തിയതോടെ വിദ്യാര്‍ത്ഥികളില്‍ ചിലര്‍ തമ്മില്‍ പരസ്പരം ഏറ്റുമുട്ടലുണ്ടായി. ഹിജാബ് കേസില്‍ 11 ദിവസം തുടര്‍ച്ചയായി വാദം കേട്ട ശേഷം ഹൈക്കോടതി വിധി പറയാന്‍ മാറ്റിയിരിക്കുകയാണ്.