ആരോപണം സോഷ്യല്‍ മീഡിയയില്‍ മാത്രം ; പരാതി നല്‍കാതെ പെണ്‍കുട്ടികള്‍ മുങ്ങുന്നു ; നിസഹായരായി പൊലീസ്
ടാറ്റൂ കലാകാരന്‍ പീഡിപ്പിച്ചു എന്ന ആരോപണം ഉന്നയിച്ച യുവതി കേസില്ല എന്ന് എഴുതി നല്‍കി മുങ്ങി. ടാറ്റൂ ആര്‍ട്ടിസ്റ്റിനു എതിരെ ആദ്യം സമൂഹമാധ്യമത്തില്‍ പോസ്റ്റിട്ട യുവതി കഴിഞ്ഞ ദിവസം മാതാപിതാക്കള്‍ക്കൊപ്പം പൊലീസ് സ്റ്റേഷനില്‍ നേരിട്ടെത്തി പരാതി ഇല്ലെന്ന് അറിയിച്ചിരുന്നു. യുവതിയുടെ ആരോപണത്തിന് പിന്നാലെ ഒട്ടേറെ പേരാണ് മീടൂ ആരോപണവുമായി കൊച്ചിയില്‍ രംഗത്ത് വന്നത്. എന്നാല്‍ പെണ്‍കുട്ടികളാരും പരാതി നല്‍കാന്‍ തയാറാകാതെ വന്നതോടെ സിറ്റി പൊലീസാണ് പ്രതിസന്ധിയിലായത്. ഇവര്‍ക്കൊപ്പം ആരോപണങ്ങളുമായി എത്തിയ പെണ്‍കുട്ടികളെയും പൊലീസ് കണ്ടെത്തി നേരിട്ടു ചോദിക്കുമ്പോള്‍ ഇവര്‍ക്ക് ആര്‍ക്കും പരാതിയില്ലെന്നാണ് പറയുന്നത്.
സമൂഹമാധ്യമങ്ങള്‍ വഴി ഉയര്‍ന്നുവരുന്ന ആരോപണങ്ങള്‍ വച്ച് അന്വേഷണം നടത്തേണ്ട ഗതികേടിലാണ് പൊലീസ് ഉദ്യോഗസ്ഥര്‍.
കാക്കനാട്ടെ ടാറ്റൂ കലാകാരനെതിരെ ലൈംഗിക ആരോപണങ്ങള്‍ വന്നതിനു പിന്നാലെ പ്രമുഖനാ ഒരു മേക്കപ്പ് ആര്‍ട്ടിസ്റ്റിനെതിരെയും ആരോപണം ഉയര്‍ന്നിട്ടുണ്ട്. സ്വകാര്യ ഭാഗത്തു ടാറ്റു വരയ്ക്കാന്‍ പോയ തനിക്ക് ദുരനുഭവമുണ്ടായെന്നായിരുന്നു ടാറ്റൂ കലാകാരനെതിരായ വെളിപ്പെടുത്തല്‍. ഇതിന് പിന്നാലെ നിരവധിപ്പേര്‍ ദുരനുഭവമുണ്ടായെന്ന് ചൂണ്ടിക്കാട്ടി രംഗത്തെത്തി. ഇതിന്റെ തുടര്‍ച്ചയായാണ് വൈറ്റിലയ്ക്കടുത്ത് സ്ഥാപനം നടത്തുന്ന മേക്കപ്പ് കലാകാരനെതിരെ ആരോപണം ഉയര്‍ത്തി സമൂഹമാധ്യമത്തില്‍ ആരോപണം വന്നത്. ഇതിനു കമന്റുകളായും ചാറ്റുകളായും നിരവധി പേര്‍ സ്വന്തം അനുഭവങ്ങള്‍ വെളിപ്പെടുത്തിയെന്ന് ആരോപണം ഉന്നയിച്ച യുവതി പറയുന്നു. ഇവയെല്ലാം സ്വന്തം സ്റ്റാറ്റസായി ഇവര്‍ പോസ്റ്റിടുക കൂടി ചെയ്തതോടെ അന്വേഷണം ഏതു രീതിയില്‍ വേണമെന്ന സംശയത്തിലാണ് പൊലീസ്.
നിലവില്‍ ടാറ്റൂ കലാകാരനെതിരെ സുപ്രീം കോടതിയുടെ ലളിതകുമാരി വേഴ്‌സസ് യുപി കേസിലെ വിധി അനുസരിച്ചാണ് അന്വേഷണം നടക്കുന്നത്. ലൈംഗിക പീഡന പരാതികളില്‍ പൊലീസിനു നേരിട്ടു പരാതി ലഭിച്ചില്ലെങ്കിലും അന്വേഷിക്കാമെന്നാണ് സുപ്രീം കോടതിയുടെ ഉത്തരവ്. ഇതിനിടെ ആരോപണമുയര്‍ന്ന ടാറ്റു കലാകാരനെതിരെ അന്വേഷണവുമായി ഉദ്യോഗസ്ഥര്‍ കഴിഞ്ഞ ദിവസം ചിറ്റൂരിലും വെണ്ണലയിലുമുള്ള ഇയാളുടെ വീടുകളില്‍ എത്തിയിരുന്നു. പരാതി ഉയര്‍ന്നതിനു പിന്നാലെ ഫോണ്‍ ഓഫ് ചെയ്തിരിക്കുകയാണ്. ഇയാള്‍ ഒളിവിലാണെന്ന് സിറ്റി കമ്മീഷണര്‍ പറയുന്നു. അതേസമയം ടാറ്റൂ കലാകാരന്‍മാര്‍ക്കിടയിലുള്ള പോരാണ് ആരോപണത്തിന് പിന്നിലെന്നാണ് പ്രതിയുടെ ബന്ധുക്കള്‍ പറയുന്നത്.
അതേസമയം, സ്വകാര്യ ഭാഗങ്ങളില്‍ ചിത്രങ്ങള്‍ വരച്ചു തരണം എന്ന ആവശ്യവുമായി എത്തുന്ന പെണ്‍കുട്ടികളുടെ എണ്ണം കൂടിയിട്ടുണ്ട് എന്നാണ് ഈ മേഖലയിലുള്ള ചിത്രകാരന്‍മാരില്‍ ഒരാളുടെ വെളിപ്പെടുത്തല്‍. ‘എവിടെ ചിത്രം വരയ്ക്കണമെങ്കിലും കൈ കൊണ്ട് തൊലി വലിച്ചു പിടിച്ചു മാത്രമേ ചെയ്യാനാകൂ. അതുകൊണ്ടു തന്നെ ഇതിന് പീഡനമായി കണക്കാക്കുന്നതിനു ന്യായീകരണമില്ല. ജോലി ചെയ്യുമ്പോഴല്ലാതെ പെണ്‍കുട്ടിയുടെ ശരീരത്ത് എവിടെ സ്പര്‍ശിക്കുന്നതും ലൈംഗിക അതിക്രമമാണ് എന്നതില്‍ തര്‍ക്കമില്ല. കാക്കനാട് സ്റ്റുഡിയോയില്‍ എത്തിയ പെണ്‍കുട്ടി സ്വകാര്യ ഭാഗത്ത് ചിത്രം വരയ്ക്കാനാണ് എത്തിയത് എന്നാണ് അറിയുന്നത്. നിലവിലുള്ള സാഹചര്യത്തില്‍ ടാറ്റു കലാകാരന്‍മാരുടെ യോഗം ചേര്‍ന്ന് സംഘടന രൂപീകരിക്കാനാണ് തീരുമാനം’- ഒരു ടാറ്റൂ കലാകാരനെ ഉദ്ധരിച്ച് മലയാള മനോരമ റിപ്പോര്‍ട്ട് ചെയ്യുന്നു.