സംസ്ഥാനത്ത് കനത്ത മഴയ്ക്ക് സാധ്യത
സംസ്ഥാനത്ത് കനത്ത മഴയ്ക്ക് സാധ്യത. ഇന്നു മുതല്‍ തിങ്കളാഴ്ച വരെയാണ് മഴ ലഭിക്കുകയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. മധ്യകേരളത്തിലും തെക്കന്‍ കേരളത്തിലുമാകും കൂടുതല്‍ മഴ ലഭിക്കുക. ശ്രീലങ്കന്‍ തീരുത്തുനിന്ന് 360 കിലോമീറ്റര്‍ തെക്കു പടിഞ്ഞാറായാണ് ഇപ്പോള്‍ ന്യൂനമര്‍ദ്ദം സ്ഥിതിചെയ്യുന്നത്. ഇത് അതിതീവ്ര ന്യൂനമര്‍ദമായി രൂപം പ്രാപിച്ച് തമിഴ്‌നാടിന്റെ വടക്കു ഭാഗത്തേക്ക് നീങ്ങാനാണ് സാധ്യത. കന്യാകുമാരി, തമിഴ്‌നാട് തീരങ്ങളിലും പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിലും മത്സ്യബന്ധനത്തിനു പോകുന്നത് സുരക്ഷിതമല്ലെന്നും അധികൃതര്‍ അറിയിച്ചു.
വരും ദിവസങ്ങളില്‍ മഴയോടൊപ്പം കേരള തീരത്ത് കാറ്റിനും സാദ്ധ്യതയുണ്ട്. ഏപ്രിലില്‍ കൂടുതല്‍ മഴ ലഭിക്കും. മാര്‍ച്ച് ഒന്നു മുതല്‍ മേയ് 31 വരെയുള്ള വേനല്‍ക്കാലത്ത് ശരാശരി 361.5 മില്ലി മീറ്റര്‍ മഴയാണ് ലഭിക്കേണ്ടത്. ഇത്തവണ ഇതിനെക്കാള്‍ ലഭിക്കുമെന്നാണ് വിലയിരുത്തല്‍. ഇപ്പോള്‍ പകല്‍ സമയങ്ങളില്‍ ചൂടും രാത്രിയും പുലര്‍ച്ചെയും കടുത്ത തണുപ്പുമാണ്. രാത്രിയില്‍ വടക്കുകിഴക്കന്‍ ഭാഗത്തുനിന്ന് തണുത്ത വായുപ്രവാഹം ഉണ്ടാകുന്നതുകൊണ്ടാണ് തണുപ്പ് അനുഭവപ്പെടുന്നത്. അതിനും മാറ്റംവരും.