മാര്‍ച്ച് 23 മുതല്‍ ഒന്ന് മുതല്‍ ഒന്‍പത് വരെയുള്ള ക്ലാസുകളുടെ വാര്‍ഷിക പരീക്ഷ
തിരുവനന്തപുരം : ഒന്നു മുതല്‍ ഒന്‍പത് വരെ ക്ലാസുകളിലെ വാര്‍ഷിക പരീക്ഷ മാര്‍ച്ച് 23 മുതല്‍ ഏപ്രില്‍ 2 വരെ നടക്കുമെന്ന് വിദ്യാഭ്യാസവകുപ്പ് മന്ത്രി വി.ശിവന്‍കുട്ടി. ജൂണ്‍ ഒന്നിന് തന്നെ സ്കൂള്‍ തുറക്കുമെന്നും മന്ത്രി വ്യക്തമാക്കി. എസ് എസ് എല്‍ സി പരീക്ഷ ഈ മാസം 30 മുതല്‍ ഏപ്രില്‍ 29 വരെ നടക്കും. പ്ലസ് വണ്‍ പരീക്ഷകള്‍ മധ്യവേനലവധി കഴിഞ്ഞ ശേഷം ജൂണ്‍ 2 മുതല്‍ 18 വരെയുള്ള തീയതിയിലാവും നടത്തുക. ഏപ്രില്‍,മെയ് മാസങ്ങളില്‍ സ്കൂളുകള്‍ക്ക് മധ്യവേനലവധി ആയിരിക്കും.
അധ്യാപകരുടെ പരിശീലന ക്യാമ്പുകള്‍ മെയ് മാസത്തില്‍ നടത്തുമെന്നും അടുത്ത വര്‍ഷത്തെ അക്കാദമിക്ക് കലണ്ടര്‍ മെയ് മാസത്തില്‍ പ്രസിദ്ധീകരിക്കുമെന്നും മന്ത്രി അറിയിച്ചു. കുട്ടികളുടെ മാനസിക സമ്മര്‍ദ്ദം ലഘൂകരിക്കും വിധമായിരിക്കും പരീക്ഷകള്‍ ക്രമീകരിക്കുക. ലളിതമായ ചോദ്യങ്ങളാവും ഉണ്ടാവുക. പ്ലസ് വണ്‍ വിദ്യാര്‍ത്ഥികള്‍ക്ക് പഠിക്കാന്‍ ഒരുപാട് സമയം ലഭിക്കുമെന്നും മന്ത്രി പറഞ്ഞു.ഈ മാസം 31 മുതലാണ് SSLC പരീക്ഷകള്‍ ആരംഭിക്കാനിരിക്കുന്നത്. പ്ലസ് ടു പരീക്ഷകള്‍ 30നും ആരംഭിക്കും. അടുത്ത മാസം വിഷു, ഈസ്റ്റര്‍, റംസാന് വൃതാരംഭം എന്നിവ കൂടി കണക്കിലെടുത്താണ് തീരുമാനം. ഒന്ന് മുതല്‍ നാല് വരെയുള്ള ക്ലാസുകളില്‍ പരീക്ഷയ്ക്ക് പകരം വര്‍ക്ക്ഷീറ്റുകള്‍ നല്‍കും. അഞ്ചു മുതല്‍ ഒന്‍പതു വരെയുള്ള ക്സാസുകളിലായിരിക്കും പരീക്ഷകള്‍ നടത്തുക.
മിക്ക ക്ലാസുകളിലേയും പാഠഭാഗങ്ങള്‍ പൂര്‍ത്തികരിച്ചതിനാല്‍ മാര്‍ച്ച് 31നുള്ളില്‍ പരീക്ഷ നടത്തുന്നതില്‍ അധ്യാപക സംഘടനകള്‍ക്ക് എതിര്‍പ്പില്ല. കോവിഡിനെ തുടര്‍ന്ന് നവംബര്‍ 1 നാണ് സംസ്ഥാനത്തെ സ്കൂളുകളില്‍ ഓഫ്ലൈന് ക്ലാസുകള്‍ ആരംഭിച്ചത്. കഴിഞ്ഞ മാസം 21 മുതല്‍ മുഴുവന്‍ കുട്ടികളേയും ഉള്‍പ്പെടുത്തി ക്ലാസുകള്‍ പുനഃരാരംഭിച്ചിരുന്നു. പരീക്ഷ ഈ മാസം നടത്താന്‍ തീരുമാനിച്ചതോടെ വിദ്യാര്‍ത്ഥികള്‍ക്ക് രണ്ട് മാസത്തെ വേനലാവധിയും ലഭിക്കും.