റഷ്യക്കും യുക്രൈനും മേല്‍ സമ്മര്‍ദ്ദം ശക്തമാക്കി ഇന്ത്യ ; യുക്രെയിനില്‍ നിന്ന് ഇതുവരെ എത്തിയത് 1,401 പേര്‍
ഇന്ത്യക്കാരെ തിരികെ എത്തിക്കാന്‍ റഷ്യക്കും യുക്രൈനും മേല്‍ സമ്മര്‍ദ്ദം ശക്തമാക്കി ഇന്ത്യ. ഇപ്പോഴും ധാരാളം ഇന്ത്യക്കാര്‍ കുടുങ്ങി കിടക്കുന്ന സുമിയിലെ മുഴുവന്‍ പേരെയും ഒഴിപ്പിക്കുമെന്ന് സുമിയിലെ ഇന്ത്യന്‍ സ്ഥാനപതി അറിയിച്ചു. വിദ്യാര്‍ത്ഥികള്‍ സമാനതകളില്ലാത്ത ഇച്ഛാശക്തിയും ദൃഢതയും കാണിച്ചു. വിദ്യാര്‍ത്ഥികള്‍ കുറച്ച് മണിക്കൂറുകള്‍ കൂടി കാത്തിരിക്കണം എന്നും അദ്ദേഹം പറഞ്ഞു. ഖാര്‍കീവിലെ ഭൂരിഭാഗം ഇന്ത്യക്കാരെയും ഒഴിപ്പിച്ചെന്ന് വിദേശകാര്യ വക്താവ് അറിയിച്ചു. അടിയന്തര വെടിനിര്‍ത്തലിന് സമ്മര്‍ദ്ദം ശക്തമാക്കി. സുമിയില്‍ ആക്രമണവും ഗതാഗതവുമാണ് വെല്ലുവിളി. 24 മണിക്കൂറിനിണ്ടെ 15 വിമാനങ്ങള്‍ സര്‍വീസ് നടത്തി. 13 വിമാനങ്ങള്‍ കൂടി സര്‍വീസ് നടത്തും. യുക്രൈനില്‍ നിന്ന് 13,000 ഇന്ത്യക്കാരെയാണ് ഒഴിപ്പിച്ചത് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അതേസമയം രക്ഷാദൗത്യം വഴി ഡല്‍ഹിയിലും മുംബൈയിലുമെത്തിയ 331 മലയാളികളെക്കൂടി സംസ്ഥാന സര്‍ക്കാര്‍ ഇന്നു(05 മാര്‍ച്ച്) കേരളത്തില്‍ എത്തിച്ചു. ഡല്‍ഹിയില്‍നിന്നുള്ള ചാര്‍ട്ടേഡ് ഫ്ളൈറ്റുകളിലാണ് ഇവരെ കേരളത്തിലേക്ക് എത്തിച്ചത്. ഇന്ന് വൈകിട്ട് ഏഴ് വരെയുള്ള കണക്കുകള്‍ പ്രകാരം ഇതോടെ യുക്രെയിനില്‍നിന്ന് എത്തിയവരില്‍ സംസ്ഥാന സര്‍ക്കാരിന്റെ നേതൃത്വത്തില്‍ കേരളത്തിലേക്ക് എത്തിച്ച ആകെ മലയാളികളുടെ എണ്ണം 1,401 ആയി. ഡല്‍ഹിയില്‍നിന്ന് ഇന്നലെ(04 മാര്‍ച്ച്) രാത്രി പുറപ്പെട്ട ചാര്‍ട്ടേഡ് ഫ്ളൈറ്റ് ഇന്നു(05 മാര്‍ച്ച്) പുലര്‍ച്ചെ ഒന്നിന് കൊച്ചിയില്‍ എത്തി. ഇതില്‍ 153 യാത്രക്കാര്‍ ഉണ്ടായിരുന്നു. ഇന്ന്(05 മാര്‍ച്ച്) ഡല്‍ഹിയില്‍നിന്ന് ഏര്‍പ്പെടുത്തിയ ചാര്‍ട്ടേഡ് ഫ്ളൈറ്റുകളില്‍ ആദ്യത്തേത് 178 യാത്രക്കാരുമായി ഉച്ചകഴിഞ്ഞു 3.10ന് കൊച്ചിയില്‍ എത്തി. രണ്ടാമത്തെ ചാര്‍ട്ടേഡ് വിമാനം ഇന്നു രാത്രി കൊച്ചിയിലെത്തും.
തങ്ങള്‍ക്കെതിരെ ഉപരോധമേര്‍പ്പെടുത്തിയ രാജ്യങ്ങള്‍ക്കെതിരെ റഷ്യന്‍ പ്രസിഡന്റ് വ്‌ലാദിമിര്‍ പുടിന്‍ രംഗത്തെത്തി. തങ്ങള്‍ക്കെതിരെ ഉപരോധമെന്നാല്‍ യുദ്ധപ്രഖ്യാപനമാണെന്ന് പുടിന്‍ പറഞ്ഞു. യുക്രൈനില്‍ വ്യോമപാത നിരോധനം ഏര്‍പ്പെടുത്തുന്നത് യുദ്ധപ്രഖ്യാപനമാണ്. റഷ്യയില്‍ പട്ടാള നിയമം പ്രഖ്യാപിക്കില്ല. യുക്രൈന്‍ പൂര്‍ണമായി പിടിച്ചടക്കുമെന്നും പുടിന്‍ പറഞ്ഞു. റഷ്യന്‍ അധിനിവേശത്തില്‍ ഇതുവരെ കൊല്ലപ്പെട്ടത് 351 സാധാരണക്കാരെന്ന് ഐക്യരാഷ്ട്ര സംഘടന അറിയിച്ചു. 707 പേര്‍ക്ക് പരുക്കേറ്റു. ഉറപ്പായ കണക്കുകള്‍ ഇതാണെങ്കിലും സംഖ്യയില്‍ വര്‍ധനയുണ്ടാവാമെന്നും ഐക്യരാഷ്ട്ര സംഘടനയുടെ മോണിട്ടറിംഗ് സെഷന്‍ അറിയിച്ചു.