ഗൂഗിള്‍ വഴികാട്ടി ; ടിക്കറ്റുപോലുമില്ലാതെ ഒമ്പതുവയസുകാരന്‍ വിമാനത്തില്‍ സഞ്ചരിച്ചത് 2,700 കിലോമീറ്റര്‍

അമിതമായ മൊബൈല്‍ ഉപയോഗം കുഞ്ഞുങ്ങളെ വഴി തെറ്റിക്കും എന്നാണ് പൊതുവെയുള്ള ആക്ഷേപം. ഒരു കണക്കിന് അത് സത്യവുമാണ്. മൊബൈല്‍ എങ്ങനെ ഉപയോഗിക്കണം എന്ന് മുതിര്‍ന്നവര്‍ക്ക് പോലും അറിയാത്ത പല കാര്യങ്ങളും കുട്ടികള്‍ക്ക് നിസ്സാരമാണ്. അച്ഛന്റെയും അമ്മയുടെയും ഫോണ്‍ ഉപയോഗിച്ച് കുട്ടികള്‍ ഉണ്ടാക്കി വെക്കുന്ന പ്രശ്‌നങ്ങളും ചെറുതല്ല. എന്നാല്‍ ബ്രസീലില്‍ ഉള്ള ഒരു കുഞ്ഞു മിടുക്കന്‍ പറ്റിച്ച പണി അതിലും വലുതാണ്. ഗൂഗിള്‍ സഹായത്തോടെ തന്റെ മാതാപിതാക്കള്‍ പോലും അറിയാതെ വീട്ടില്‍ നിന്ന് ഓടിപ്പോയി വിമാനത്തില്‍ കയറുകയും ഏകദേശം 2,700 കിലോമീറ്റര്‍ യാത്ര ചെയ്യുകയും ചെയ്തു.
ബ്രസീലിലെ മനാസിലാണ് സംഭവം. ഒമ്പതു വയസ്സുള്ള ഇമാനുവല്‍ മാര്‍ക്വെസ് ഡി ഒലിവേരയാണ് ഈ അതിസാഹസികത കാണിച്ച് വിമാനത്തില്‍ കയറിയത്.

ഫെബ്രുവരി 26 ന് രാവിലെയാണ് കുട്ടിയെ കാണാതായത്. സംഭവത്തെ കുറിച്ച് ഇമാനുവലിന്റെ അമ്മ ഡാനിയേല്‍ പറയുന്നതിങ്ങനെ. ‘ഞാന്‍ രാവിലെ 5.30 ന് ഉണര്‍ന്ന് അവന്റെ മുറിയില്‍ പോയി, അവന്‍ സാധാരണ പോലെ ഉറങ്ങുന്നത് കണ്ടു. പിന്നീട് 7.30 ആയപ്പോള്‍ വീണ്ടും മുറിയില്‍ പോയി. അപ്പോള്‍ അവന്‍ അവിടെ ഇല്ലായിരുന്നു.അതോടെ ഞാന്‍ പരിഭ്രാന്തയായി. പൊലീസില്‍ വിവരം അറിയിച്ചു’. പൊലീസ് ഇമ്മാനുവലിനെ കുറിച്ച് അന്വേഷിച്ചു. ഒടുവില്‍ കുട്ടിയെ കണ്ടെത്തിയതായി വിവരം ലഭിക്കുമ്പോള്‍ അവന്‍ രാജ്യത്തിന്റെ മറുഭാഗത്തായിരുന്നു.

തീരദേശ സംസ്ഥാനമായ സാവോപോളോയില്‍ സ്ഥിതി ചെയ്യുന്ന ഗ്വാറുള്‍ഹോസ് നഗരത്തില്‍ നിന്നാണ് ഇമ്മാനുവലിനെ കണ്ടെത്തിയത്. വിമാനയാത്രക്ക് വേണ്ട ടിക്കറ്റോ മറ്റ് രേഖകളോ ഇല്ലാതെ എങ്ങനെ അവന്‍ വിമാത്തില്‍ കയറിയെന്ന കാര്യത്തില്‍ ഇനിയും വ്യക്തമായിട്ടില്ല. ലാറ്റം എയര്‍ലൈനിലാണ് ഈ ഒമ്പതുവയസുകാരന്‍ ഒളിച്ചു കയറിയത്. കുട്ടിക്ക് വീട്ടില്‍ മറ്റ് പ്രശ്നങ്ങളില്ലായിരുന്നെന്നും ഇന്റര്‍നെറ്റില്‍ നോക്കി പഠിച്ച ധൈര്യത്തിലാണ് യാത്ര ചെയ്തതുമെന്നാണ് പൊലീസ് പറയുന്നത്. സംഭവത്തില്‍ മനാസ് എയര്‍പോര്‍ട്ട് മാനേജ്‌മെന്റ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കുട്ടി എങ്ങനെയാണ് യാത്ര ചെയ്തതെന്ന് മനസിലാക്കാന്‍ ലോക്കല്‍ പൊലീസ് സുരക്ഷാ ക്യാമറ ദൃശ്യങ്ങള്‍ ആവശ്യപ്പെട്ടിട്ടുണ്ട്.