താല്‍ക്കാലിക വെടി നിര്‍ത്തല്‍ പ്രഖ്യാപിച്ചു റഷ്യ
താല്‍ക്കാലിക വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ച് റഷ്യ. ഇന്ത്യന്‍ സമയം ഉച്ചയ്ക്ക് 12.30 മുതലാണ് വെടിനിര്‍ത്തല്‍. രക്ഷാപ്രവര്‍ത്തനത്തിനായാണ് റഷ്യ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചത്. കുടുങ്ങിക്കിടക്കുന്നവരെ ഒഴിപ്പിക്കാന്‍ ഇടനാഴികള്‍ തയാറാക്കുമെന്ന് പ്രതിരോധ മന്ത്രാലയം അറിയിച്ചു. ആറു മണിക്കൂര്‍ സമയമാണ് വെടിനിര്‍ത്തലെന്നാണ് സൂചന. മരിയുപോള്‍, വൊള്‍നോവാഹ എന്നിവിടങ്ങളിലൂടെയാണ് ഒഴിപ്പിക്കുന്നത്. ഇന്ത്യക്കാരുള്‍പ്പെടെ നിരവധി രാജ്യങ്ങളിലെ ആള്‍ക്കാര്‍ യുക്രെയ്‌നില്‍ കുടുങ്ങിക്കിടക്കുകയാണ്. ഇവരെ സുരക്ഷിതമായി പുറത്തെത്തിക്കാന്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടിരുന്നു.
ബങ്കറുകളില്‍ കഴിയുന്ന പലരും ഭക്ഷണവും വെള്ളവും ഇല്ലാതെയാണ് കഴിയുന്നത്. ആക്രമണത്തില്‍ ജലവിതരണവും ഭക്ഷണ വിതരണവും പൂര്‍ണമായും നിലച്ചു. ഇന്ത്യന്‍ വിദ്യാര്‍ഥികളെ ഉള്‍പ്പെടെ യുക്രെയ്ന്‍ ബന്ധികളാക്കിയിരിക്കുകയാണെന്ന് റഷ്യ ആരോപിച്ചിരുന്നു. തുടര്‍ന്നാണ് രക്ഷാപ്രവര്‍ത്തനത്തിനായി വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചത്. യുക്രെയ്‌നില്‍ കുടുങ്ങിക്കിടക്കുന്നവരെ ഒഴിപ്പിക്കുന്നതിനായി മോസ്‌കോ സമയം രാവിലെ പത്തുമണിയോടെ താല്‍ക്കാലികമായി വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചതായി റഷ്യന്‍ വാര്‍ത്താ ഏജന്‍സിയായ സ്പുട്‌നിക് റിപ്പോര്‍ട്ട് ചെയ്തു. ‘ഇന്ന്, മാര്‍ച്ച് 5 ന്, മോസ്‌കോ സമയം രാവിലെ 10 മണിക്ക്, റഷ്യന്‍ പക്ഷം വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കുകയും മരിയുപോളില്‍ നിന്നും വോള്‍നോവാഖയില്‍ നിന്നും സിവിലിയന്മാര്‍ക്ക് പുറത്തുകടക്കുന്നതിന് മാനുഷിക ഇടനാഴികള്‍ തുറക്കുകയും ചെയ്യുന്നു,’ റഷ്യന്‍ പ്രതിരോധ മന്ത്രാലയത്തെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സി പറഞ്ഞു.
ബെലാറസിലെ ബ്രെസ്റ്റില്‍ നടന്ന രണ്ടാം റൗണ്ട് ചര്‍ച്ചയില്‍ നേരത്തെ യുക്രേനിയന്‍ പ്രതിനിധികളുമായി മാനുഷിക ഇടനാഴികളും എക്‌സിറ്റ് റൂട്ടുകളും ചര്‍ച്ച ചെയ്തിരുന്നതായും റഷ്യന്‍ പ്രതിരോധ മന്ത്രാലയം അറിയിച്ചു. റഷ്യക്കാര്‍ ഉടന്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കണമെന്നും സാധാരണക്കാരെ ഒഴിപ്പിക്കാന്‍ മാനുഷിക ഇടനാഴികള്‍ നിര്‍മ്മിക്കണമെന്നും യുക്രെയ്ന്‍ ആവശ്യപ്പെട്ടു. മാനുഷിക ഇടനാഴികളുടെ നിര്‍ദ്ദേശം സംബന്ധിച്ച് ഇരുപക്ഷവും സമ്മതിച്ചതായി യുക്രെയ്‌നിന്റെ പ്രസിഡന്‍ഷ്യല്‍ ഉപദേഷ്ടാവ് മൈഖൈലോ പോഡോലിയാക് വ്യാഴാഴ്ച ട്വീറ്റ് ചെയ്തു.
യുദ്ധം തുടങ്ങി പത്താം ദിവസത്തിലാണ് താത്കാലിക വെടിനിര്‍ത്തല്‍ റഷ്യ പ്രഖ്യാപിച്ചിരിക്കുന്നത്. ഓപ്പറേഷന്‍ ഗംഗ വഴി കഴിഞ്ഞ ദിവസങ്ങളില്‍ 25000-ത്തോളം ഇന്ത്യക്കാരെ പുറത്ത് എത്തിച്ചെങ്കിലും ഇനിയും രണ്ടായിരത്തോളം വിദ്യാര്‍ത്ഥികള്‍ സുമി, ഖാര്‍കീവ്, എന്നീ നഗരങ്ങളിലായി കുടുങ്ങി കിടക്കുന്നുണ്ട്. യുദ്ധം തുടരുന്ന സാഹചര്യത്തില്‍ രക്ഷാദൗത്യം മന്ദ?ഗതിയിലാണെന്നും വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചാല്‍ മാത്രമേ ഇവരെ സു?ഗമമായി പുറത്തേക്ക് കൊണ്ടു വരാനാവൂ എന്നും ഇന്നലെ വിദേശകാര്യമന്ത്രാലയം അറിയിച്ചിരുന്നു. ഇതിനായി യുക്രൈന്‍, റഷ്യന്‍ സര്‍ക്കാരുകളുമായി സമ്പര്‍ക്കം തുടരുകയാണെന്നും ഇന്നലെ സര്‍ക്കാര്‍ അറിയിച്ചിരുന്നു.