ഹോട്ടല്‍ മുറിയില്‍ യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം ; കാമുകന്‍ പിടിയില്‍
തിരുവനന്തപുരത്തു തമ്പാനൂരില്‍ ഹോട്ടല്‍ മുറിയില്‍ യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ കാമുകന്‍ പിടിയില്‍. തിരുവനന്തപുരം കാട്ടാക്കട സ്വദേശി ഗായത്രിദേവിയാണ് ഹോട്ടല്‍ മുറിയില്‍ വെച്ച് കൊല്ലപ്പെട്ടത്. കൂടെ ഹോട്ടല്‍ മുറിയിലുണ്ടായിരുന്ന കൊല്ലം സ്വദേശിയായ പ്രവീണ്‍ സ്ഥലത്ത് നിന്നും രക്ഷപ്പെട്ടിരുന്നു. ഇന്ന് ഉച്ചയോടെ കൊല്ലം പരവൂര്‍ പൊലീസ് സ്റ്റേഷനില്‍ ഇയാള്‍ കീഴടങ്ങി. ശനിയാഴ്ചയാണ് ഗായത്രിയും പ്രവീണും ഹോട്ടലില്‍ മുറിയെടുത്തത്. രാവിലെ പത്ത് മണിയോടെ പ്രവീണെത്തിയാണ് മുറിയെടുത്ത്. 12 മണിയോടെ ഗായത്രിയും എത്തിയെന്നാണ് ജീവനക്കാരില്‍ നിന്നും ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ പൊലീസ് പറയുന്നത്. വൈകിട്ട് പ്രവീണ്‍ മുറിയില്‍നിന്നു പുറത്തേക്ക് പോയി. മുറി പുറത്ത് നിന്നും പൂട്ടിയ ശേഷമാണ് ഇയാള്‍ രക്ഷപ്പെട്ടത്. അതിന് ശേഷം ഹോട്ടിലിലേക്കെത്തിയ ഒരു ഫോണ്‍ കോളിന്റെ അടിസ്ഥാനത്തിലാണ് പൊലീസെത്തി മുറി കുത്തിത്തുറന്നത്.
107 ആം നമ്പര്‍ മുറില്‍ ഒരു സ്ത്രീ മരിച്ചുവെന്നായിരുന്നു ഹോട്ടല്‍ റിസപ്ഷനിലേക്ക് രാത്രി പന്ത്രണ്ടരയോടെയെത്തിയ കോള്‍. ജീവനക്കാര്‍ തിരക്കിയെത്തിയപ്പോള്‍ മുറി പുറത്ത് നിന്നും പൂട്ടിയ നിലയിലായിരുന്നു. ഹോട്ടല്‍ ജീവനക്കാര്‍ ഉടന്‍ പൊലീസിനെ വിവരമറിയിച്ചു. പൊലീസ് എത്തി മുറി തുറന്നപ്പോഴാണ് വായില്‍ നിന്നും നുരയും പതയും വന്ന നിലയില്‍ മൃതദേഹം കണ്ടെത്തിയത്. പ്രണയത്തെച്ചൊല്ലിയുള്ള തര്‍ക്കമാണ് ഗായത്രിയുടെ കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് വിവരം. നഗരത്തിലെ ഒരു ജ്വല്ലറിയിലെ ജീവനക്കാരായിരുന്നു ഗായത്രിയും പ്രവീണും.ജ്വല്ലറിയില്‍ ഡ്രൈവറാണ് പ്രവീണ്‍. വിവാഹിതനായ പ്രവീണിന് രണ്ട് കുട്ടികളുണ്ട്. ഗായത്രിയുമായുള്ള ബന്ധം പ്രവീണിന്റെ വീട്ടിലറിയുകയും പ്രശ്‌നങ്ങളുണ്ടാകുകയും ചെയ്തിരുന്നു. എട്ട് മാസം മുമ്പ് ഗായത്രി ജോലി നിര്‍ത്തി. പ്രവീണിന്റെ ഭാര്യയുടെ പരാതിയെ തുടര്‍ന്നാണ് ഗായത്രിയെ ജ്വല്ലറിയില്‍ നിന്നും മാറ്റിയതെന്നാണ് വിവരം. പ്രവീണിനെ തമിഴ് നാട്ടിലെ ഷോറൂമിലേക്കും സ്ഥലം മാറ്റി.
പ്രവീണ്‍ തമിഴ്‌നാട്ടിലേക്ക് പോകുന്നതിന് മുമ്പായാണ് ഇരുവരും ഇന്നലെ കണ്ടത് എന്നാണ് സൂചന. ഇരുവരും വിവാഹിതരായിരുന്നു എന്ന വിവരവും പുറത്ത് വന്നിട്ടുണ്ട്. പ്രവീണും ഗായത്രിയും പള്ളിയില്‍ വച്ച് താലി കെട്ടുന്ന ഫോട്ടോകള്‍ അടക്കം പൊലീസിന് ലഭിച്ചിട്ടുണ്ട്. ഇന്നലെ പ്രവീണുമായി നില്‍ക്കുന്ന ചിത്രങ്ങള്‍ ഗായത്രി വാട്‌സാപ്പ് സ്റ്റാറ്റസാക്കിയിരുന്നതായി സുഹൃത്തുക്കളും പറയുന്നു. ഗായത്രിയെ ശ്വാസം മുട്ടിച്ചാണ് കൊലപ്പെടുത്തിയതെന്ന് പ്രതി പ്രവീണ്‍ പൊലീസിനോട് പറഞ്ഞത്. വാക്കു തര്‍ക്കത്തിനിടെയാണ് കൊലപാതകം.