കെഎസ്ആര്‍ടിസിയില്‍ യുവതിയെ ഉപദ്രവിച്ച വ്യക്തിക്കും കണ്ടക്ടര്‍ക്കുമെതിരെ കേസ്

കെഎസ്ആര്‍ടിസി ബസ്സില്‍ ദുരനുഭവം നേരിടേണ്ടി വന്ന അധ്യാപികയെ ഉപദ്രവിച്ച വ്യക്തിക്കും സംഭവം നടക്കുമ്പോള്‍ അതില്‍ ഇടപെടാതിരുന്ന കണ്ടക്ടര്‍ക്കുമെതിരെ പൊലീസ് കേസെടുത്തു. നടക്കാവ് പോലീസ് ആണ് കേസെടുത്തത്.കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് നിന്ന് കോഴിക്കോട്ടേക്ക് വരുമ്പോഴാണ് അധ്യാപികയെ പിന്‍ സീറ്റില്‍ ഇരുന്നിരുന്ന സഹയാത്രികന്‍ മോശമായി സ്പര്‍ശിച്ചത്. ഉടന്‍ തന്നെ എഴുന്നേറ്റുനിന്ന് എല്ലാവരും കേള്‍ക്കെ എന്തുവൃത്തികേടാണ് കാണിക്കുന്നതെന്ന് അധ്യാപിക ചോദിച്ചു. അയാള്‍ സോറി പറഞ്ഞു.

എന്നാല്‍ അയാള്‍ പിറകില്‍ തന്നെയുള്ളതിനാല്‍ പേടി തോന്നിയെന്ന് അധ്യാപിക പറഞ്ഞു. പരാതി പരിഹരിക്കേണ്ട ഉത്തരവാദിത്വമുള്ള കണ്ടക്ടര്‍ ഇടപെട്ടിരുന്നില്ല. ബസില്‍ അധ്യാപികയ്ക്കുണ്ടായ ദുരനുഭവം ഞെട്ടിപ്പിക്കുന്നതാണെന്ന് ഗതാഗത മന്ത്രി ആന്റണി രാജു നേരത്തെ പറഞ്ഞിരുന്നു. കണ്ടക്ടറോട് വിശദീകരണം ആവശ്യപ്പെട്ടിട്ടുണ്ടെന്നും കര്‍ശന നടപടിയെടുക്കുമെന്നും മന്ത്രി പറഞ്ഞു. തന്നെ മന്ത്രി ആന്റണി രാജു വിളിച്ചെന്ന് അധ്യാപികയും അറിയിച്ചിരുന്നു. ഇതിനെ കുറിച്ച് കുറിച്ച് അധ്യാപികയുടെ സുഹൃത്ത് ഇട്ട ഫേസ്ബുക്ക് പോസ്റ്റ് ആണ് സംഭവം ലോകം അറിയാന്‍ കാരണമായത്.