പീഡന പരാതി വ്യാജം ; നിയമപരമായി നേരിടുമെന്ന് സംവിധായകന്‍ ലിജു കൃഷ്ണ

തനിക്ക് എതിരെ ഉയര്‍ന്ന പീഡന പരാതി വ്യജമാണ് എന്ന് സംവിധായകന്‍ ലിജു കൃഷ്ണ. പരാതി നിയമപരമായി നേരിടുമെന്ന് കൂടുതല്‍ കാര്യങ്ങള്‍ പിന്നീട് പറയാമെന്നും ലിജു വ്യക്തമാക്കി. ലിജുവിനെ പൊലീസ് കാക്കനാട് കോടതിയില്‍ ഹാജരാക്കി. കണ്ണൂരിലെ സിനിമ ഷൂട്ടിംഗ് സൈറ്റില്‍ നിന്നാണ് ലിജു കൃഷ്ണനെ ഇന്‍ഫോ പാര്‍ക്ക് പൊലീസ് കസ്റ്റഡിയില്‍ എടുത്തത്. ലിജു കൃഷ്ണ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് പടവെട്ട്. ചിത്രത്തിന്റെ തിരക്കഥയും ഇയാള്‍ തന്നെയാണ് നിര്‍വഹിച്ചിരിക്കുന്നത്. സണ്ണി വെയ്ന്‍ ആദ്യമായി നിര്‍മിക്കുന്ന ചിത്രം കൂടിയാണിത്.

നേരത്തെ മൊമന്റ് ജസ്റ്റ് ബിഫോര്‍ ഡെത്ത് എന്ന നാടകത്തില്‍ സണ്ണി വെയ്നും ലിജു കൃഷണയും ഒരുമിച്ച് പ്രവര്‍ത്തിച്ചിരുന്നു. ഇയാള്‍ നിര്‍മിച്ച നാടകം സണ്ണി വെയ്ന്‍ ആയിരുന്നു സംവിധാനം ചെയ്തത്.കണ്ണൂരിലാണ് പടവെട്ടിന്റെ പ്രധാന ലൊക്കേഷന്‍. ഇവിടെ ചിത്രീകരണം പുരോഗമിക്കുന്നതിനിടെയാണ് സംവിധായകനെ കസ്റ്റഡിയിലെടുത്തത്. ഇതേതുടര്‍ന്ന് തുടര്‍ചിത്രീകരണം നിര്‍ത്തിവച്ചിരിക്കുകയാണ്. 2020ല്‍ കാക്കനാട്ടെ ഫ്‌ലാറ്റിലും സ്വകാര്യ ഹോട്ടലുകളിലും കൊണ്ടു പോയി നിരവധി തവണ ലിജു തന്നെ പീഡിപ്പിച്ചു എന്നാണ് കൊച്ചി സ്വദേശിനിയായ യുവതിയുടെ പരാതി.