വെടി നിര്‍ത്തല്‍ പരാജയം ; സുമിയില്‍നിന്നുള്ള ഇന്ത്യക്കാരുടെ രക്ഷാദൗത്യം പ്രതിസന്ധിയില്‍
വെടി നിര്‍ത്തല്‍ പരാജമായതിനെ തുടര്‍ന്ന് യുക്രെയ്ന്‍ നഗരമായ സുമിയില്‍ കുടുങ്ങിയ ഇന്ത്യക്കാരെ ഒഴിപ്പിക്കുന്നത് താല്‍ക്കാലികമായി നിര്‍ത്തിവച്ചു. ഇന്ത്യക്കാരെ ഒഴിപ്പിക്കേണ്ട പാതയില്‍ ബോംബിംഗ് നടന്നതായുള്ള വിവരത്തെ തുടര്‍ന്നാണ് ഒഴിപ്പിക്കല്‍ നിര്‍ത്തിവച്ചത്. റഷ്യന്‍ സൈന്യം വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ സുമിയില്‍ നിന്നും വിദ്യാര്‍ത്ഥികളെ എത്രയും പെട്ടെന്ന് മാറ്റാനായിരുന്നു ഇന്ത്യന്‍ എംബസിയുടെ നീക്കം. ഇതിനായി സുമിയിലേക്ക് എംബസി ഇടപെട്ട് ബസുകള്‍ എത്തിക്കുകയും വിദ്യാര്‍ത്ഥികള്‍ ബസില്‍ കയറുകയും ചെയ്യുന്നതിനിടെയാണ് രക്ഷാദൗത്യം അടിയന്തരമായി നിര്‍ത്തിവയ്ക്കാന്‍ എംബസിയില്‍ നിന്നും സ്ഥലത്തുണ്ടായിരുന്ന സ്റ്റുഡന്റ് ഏജന്റുമാര്‍ക്ക് നിര്‍ദേശം നല്‍കിയത്.
പെണ്‍കുട്ടികളെയാണ് ആദ്യഘട്ടത്തില്‍ പുറത്ത് എത്തിക്കാന്‍ തീരുമാനിച്ചത്. ഇതിനായി പെണ്‍കുട്ടികളെല്ലാം ബസുകള്‍ക്ക് എത്തിയെങ്കിലും ഈ ബസുകള്‍ ഹോളണ്ട് അതിര്‍ത്തിയിലേക്ക് എത്തേണ്ട പാതയില്‍ എവിടെയോ ഷെല്ലാക്രമണം നടന്നുവെന്ന വിവരത്തെ തുടര്‍ന്നാണ് രക്ഷാദൗത്യം നിര്‍ത്തിവച്ചു. വിദ്യാര്‍ത്ഥികളോടെല്ലാം അവരുടെ ബങ്കറുകളിലേക്ക് മടങ്ങാനും ആവശ്യപ്പെട്ടു. സാധാരണക്കാര്‍ക്ക് രക്ഷപ്പെടാനായി പ്രധാന യുക്രൈന്‍ നഗരങ്ങളില്‍ എല്ലാം റഷ്യ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചിരുന്നു. സുരക്ഷിത ഇടനാഴികള്‍ ഒരുക്കി ജനങ്ങളെ പുറത്തേക്ക് എത്തിക്കുമെന്നും റഷ്യന്‍ സൈനിക വൃത്തങ്ങള്‍ അറിയിച്ചു. യുദ്ധം തുടങ്ങിയതോടെ വിവിധ യുക്രെയ്ന്‍ നഗരങ്ങളില്‍ കുടുങ്ങി കിടക്കുന്ന ലക്ഷക്കണക്കിനാളുകള്‍ പ്രതീക്ഷയോടെയായിരുന്നു പ്രഖ്യാപനത്തെ കണ്ടത്.
ഫ്രഞ്ച് പ്രസിഡന്റിന്റെ അടക്കമുള്ള ലോകനേതാക്കളുടെ അഭ്യര്‍ത്ഥനകള്‍ കണക്കിലെടുത്താണ് മൂന്നാംവട്ടവും വെടിനിര്‍ത്തല്‍ റഷ്യ പ്രഖ്യാപിച്ചത്. എന്നാല്‍ ബെലാറൂസിലേക്കും റഷ്യയിലേക്കുമുള്ള പാതകളിലാണ് റഷ്യ മാനുഷിക ഇടനാഴി പ്രഖ്യാപിച്ചതെന്നും പോളണ്ട് അടക്കമുള്ള ഇതര രാജ്യങ്ങളിലേക്ക് മാനുഷിക ഇടനാഴി പ്രഖ്യാപിച്ചില്ലെന്നും യുക്രെയ്ന്‍ ആരോപിച്ചിരുന്നു. നീണ്ട അനിശ്ചിതത്വങ്ങള്‍ക്കൊടുവിലാണ് യുക്രൈനിലെ സുമിയിലുള്ള വിദ്യാര്‍ഥികളെ ഒഴിപ്പിക്കാന്‍ വഴിയൊരുങ്ങിയത്. പോള്‍ട്ടാവ വഴി വിദ്യാര്‍ഥികളെ പടിഞ്ഞാറന്‍ അതിര്‍ത്തിയിലെത്തിക്കുമെന്നാണ് ഇന്ത്യന്‍ എംബസി നേരത്തെ അറിയിച്ചത്. റഷ്യയുടെ അധിനിവേശം തുടങ്ങിയത് മുതല്‍ ഏറെ ദുരിതമനുഭവിച്ചത് സുമിയിലുള്ള വിദ്യാര്‍ഥികളായിരുന്നു. മറ്റ് നഗരങ്ങളിലെ വിദ്യാര്‍ഥികള്‍ അതിര്‍ത്തിയിലേക്ക് കടന്നപ്പോഴും അതിനും കഴിയാതെ സുമിയിലെ വിദ്യാര്‍ഥികള്‍ കുടുങ്ങി. 700ഓളം വിദ്യാര്‍ഥികളാണ് റഷ്യന്‍ അതിര്‍ത്തിയോട് ചേര്‍ന്നുകിടക്കുന്ന മേഖലയില്‍ കുടുങ്ങിയിരിക്കുന്നത്. ഇതില്‍ ഏറെയും മലയാളികളാണ്. അതിര്‍ത്തിയിലേക്ക് പോകാന്‍ വാഹനങ്ങളില്ലാത്തതും ആക്രമണം രൂക്ഷമായതുമാണ് വിദ്യാര്‍ഥികളെ ദുരിതത്തിലാക്കിയത്. റോഡുകളും റെയില്‍വേ ട്രാക്കുകളും ബോംബാക്രമണത്തില്‍ തകര്‍ന്നിരിക്കുകയാണ്.
കഴിഞ്ഞ രണ്ടു ദിവസവും റഷ്യ പ്രഖ്യാപിച്ച വെടിനിര്‍ത്തല്‍ ഫലം കണ്ടിരുന്നില്ല. ഇര്‍ബിന്‍ നഗരത്തില്‍ അടക്കം വെടിനിര്‍ത്തല്‍ വിശ്വസിച്ചു പുറത്തിറങ്ങിയ സാധാരണക്കാര്‍ കൊല്ലപ്പെടുകയും ചെയ്തു. വെടിനിര്‍ത്തല്‍ പരാജയപ്പെട്ടതിന്റെ ഉത്തരവാദിത്തം യുക്രയ്നാണെന്ന് റഷ്യ ആരോപിക്കുന്നു. എന്നാല്‍ പൊള്ളയായ വെടിനിര്‍ത്തല്‍ പ്രഖ്യാപനമാണ് റഷ്യയുടേത് എന്നാണ് യുക്രൈന്റെ വാദം.
ഇന്നത്തെ വെടിനിര്‍ത്തല്‍ പ്രഖ്യാപനത്തെ ഏറെ പ്രതീക്ഷയോടെയാണ് സുമിയില്‍ അടക്കം കുടുങ്ങി കിടക്കുന്ന ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ കാണുന്നത്. മലയാളികള്‍ അടക്കം 600 ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ ഇപ്പോഴും സുമിയില്‍ കുടുങ്ങി കിടക്കുകയാണ് എന്നാണ് കേന്ദ്ര സര്‍ക്കാരിന്റെ അനൗദ്യോഗിക കണക്ക്. ഈ വിദ്യാര്‍ത്ഥികളോട് യാത്രയ്ക്ക് തെയ്യാറായിരിക്കാന്‍ നിര്‍ദേശിച്ചിട്ടുണ്ട്. ഇന്നത്തെ വെടിനിര്‍ത്തല്‍ ഫലപ്രദമായാല്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് രക്ഷാ മാര്‍ഗം ഒരുങ്ങും. അതേസമയം മരിയോപോളില്‍ അടക്കം കുടുങ്ങി കിടക്കുന്ന ലക്ഷക്കണക്കിന് യുക്രെയ്ന്‍ക്കാര്‍ ഇടനാഴിയിലൂടെ നീങ്ങുന്നതോടെ പോളണ്ടില്‍ അടക്കം അഭയാര്‍ത്ഥി പ്രവാഹം ഇനിയും ശക്തമാകും.