റഷ്യക്ക് എതിരെ പോരാടാന്‍ ഉക്രൈന്‍ സൈന്യത്തില്‍ ചേര്‍ന്ന് തമിഴ് യുവാവ്
റഷ്യക്കെതിരെ പോരാടാന്‍ യുക്രൈന്‍ സേനയോടൊപ്പം ചേര്‍ന്ന് തമിഴ്‌നാട് സ്വദേശിയായ യുവാവ്. തമിഴ്നാട്ടിലെ കോയമ്പത്തൂര്‍ ജില്ലയില്‍ നിന്നുള്ള 21കാരനായ സൈനികേഷ് രവിചന്ദ്രന്‍ എന്ന വിദ്യാര്‍ത്ഥിയാണ് റഷ്യയ്‌ക്കെതിരെ പോരാടാന്‍ സേനയില്‍ ചേര്‍ന്നത്. 2018-ല്‍ ഖാര്‍കിവിലെ നാഷണല്‍ എയ്‌റോസ്‌പേസ് യൂണിവേഴ്‌സിറ്റിയില്‍ പഠിക്കാന്‍ യുക്രൈനിലേക്ക് പോയ സൈനികേഷ് 2022 ജൂലൈയില്‍ കോഴ്സ് പൂര്‍ത്തിയാക്കേണ്ടതായിരുന്നു. യുദ്ധത്തിനിടയില്‍, കുടുംബത്തിന് സൈനികേഷുമായുള്ള ആശയവിനിമയം നഷ്ടപ്പെട്ടു. എംബസിയുടെ സഹായം തേടിയ ശേഷമാണ് അവര്‍ക്ക് സൈനികേഷുമായി ബന്ധപ്പെടാന്‍ കഴിഞ്ഞത്. ആ സമയത്താണ് റഷ്യയ്‌ക്കെതിരെ പോരാടാന്‍ യുക്രൈന്‍ അര്‍ധസൈനിക വിഭാഗത്തില്‍ ചേര്‍ന്നതായി സൈനികേഷ് കുടുംബത്തെ അറിയിക്കുന്നത്.
ഇന്റലിജന്റ്സ് ഉദ്യോഗസ്ഥര്‍ സൈനികേഷിന്റെ വീട്ടിലെത്തി മാതാപിതാക്കളോട് കാര്യങ്ങള്‍ ചോദിച്ചറിഞ്ഞു. ഇന്ത്യന്‍ സൈന്യത്തില്‍ ചേരാന്‍ അപേക്ഷിച്ചെങ്കിലും സെലക്ഷന്‍ കിട്ടിയിരുനില്ലെന്ന് സൈനികേഷിന്റെ മാതാപിതാക്കള്‍ പറഞ്ഞു. യുക്രൈന്‍ സൈന്യത്തോടൊപ്പമുള്ള സൈനികേഷിന്റെ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. ഖാര്‍കിവ് എയറോനോട്ടിക്കല്‍ സര്‍വകലാശാലയില്‍ വിദ്യാര്‍ഥിയാണ് സായി നികേഷ്. ഇന്റര്‍നാഷണല്‍ ലീജിയണ്‍ ഫോര്‍ ടെറിറ്റോറിയല്‍ ഡിഫെന്‍സില്‍ ചേര്‍ന്നതായാണ് വിവരം. കോയമ്പത്തൂരിലെ സായി നികേഷിന്റെ വീട്ടിലെത്തി ഇന്റലിജന്‍സ് ഉദ്യോഗസ്ഥര്‍ വിവരം ശേഖരിച്ചു. സൈനിക യൂണിഫോമില്‍ ആയുധങ്ങളുമായി നില്‍ക്കുന്ന ചിത്രം ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്.
വാര്‍ വീഡിയോ ഗെയിമുകളില്‍ തല്‍പ്പരനാണ് യുവാവെന്നാണ് വിവരം. ഇന്റലിജന്‍സ് ഉദ്യോഗസ്ഥര്‍ വീട്ടില്‍ നടത്തിയ പരിശോധനയിലും സായി നികേഷിന്റെ മുറി നിറയെ സൈനികരുടെ ഫോട്ടോകളും പോസ്റ്ററുകളും പതിച്ചതായി കണ്ടെത്തി. റഷ്യന്‍ അധിനിവേശത്തിലകപ്പെട്ട യുക്രൈന് വേണ്ടി പ്രതിരോധരംഗത്തിറങ്ങാന്‍ സന്നദ്ധരാവുന്ന വിദേശികള്‍ക്ക് പ്രവേശന വിസ വേണ്ടെന്ന് യുക്രൈന്‍ നേരത്തെ വിശദമാക്കിയിരുന്നു. വിസ താല്‍ക്കാലികമായി എടുത്തുകളയാനുള്ള ഉത്തരവില്‍ യുക്രെയ്ന്‍ പ്രസിഡന്റ് ഒപ്പുവെച്ചിരുന്നു. രാജ്യത്തെ സൈനിക നിയമം പിന്‍വലിക്കുന്നതു വരെ ഉത്തരവ് തുടരുമെന്ന് യുക്രൈന്‍ ഔദ്യോഗിക വക്താക്കളെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയായ അസോസിയേറ്റഡ് പ്രസ് റിപ്പോര്‍ട്ട് ചെയ്തത്.