കൊലക്കേസില്‍ ജീവപര്യന്തം ശിക്ഷ അനുഭവിക്കുന്ന ആളിനെ DYFI മേഖലാ വൈസ് പ്രസിഡന്റ് ആക്കി

ആലപ്പുഴ : പരോളിലിറങ്ങിയ കൊലക്കേസ് പ്രതിക്ക് ഡിവൈഎഫ്‌ഐ (DYFI) ഭാരവാഹിത്വം.കഴിഞ്ഞ ദിവസം നടന്ന ആര്യാട് ഐക്യഭാരതം മേഖലാ കമ്മറ്റിയുടെ വൈസ് പ്രസിഡന്റായാണ് കോവിഡ് ആനുകൂല്യത്തില്‍ പരോളിലിറങ്ങിയ ആന്റണി ജോസഫിനെ തെരഞ്ഞെടുത്തത്. കാളാത്ത് സ്വദേശി അജു എന്ന യുവാവിനെ ആളുമാറി കൊലപ്പെടുത്തിയ കേസില്‍ ജീവപര്യന്തം ശിക്ഷ അനുഭവിക്കുന്ന വ്യക്തിയാണ് ആന്റണി. 2008 നവംബര്‍ 16ന് ആലപ്പുഴ നഗരത്തിലെ കാളാത്ത് വാര്‍ഡില്‍ അജു എന്ന 25കാരനെ ആളുമാറി വെട്ടിക്കൊലപ്പെടുത്തിയ കേസിലാണ് ആലപ്പുഴ ജില്ലാ കോടതി ആന്റണി ഉള്‍പ്പെടെയുള്ള 7 പ്രതികള്‍ക്ക് ജീവപര്യന്തം ശിക്ഷ വിധിച്ചത്. പിന്നീട് കീഴ്‌ക്കോടതി വിധി ഹൈക്കോടതിയും ശരിവച്ചു.

കോവിഡ് ആനുകൂല്യത്തില്‍ പരോളിലിറങ്ങിയ ശേഷമാണ് ആന്റണി ഡിവൈഎഫ്‌ഐ ഐക്യ ഭാരതം മേഖലാ കമ്മറ്റിയുടെ സമ്മേളന പ്രതിനിധിയായി എത്തുന്നതും ഭാരവാഹിത്വത്തിലേക്ക് തെരഞ്ഞെടുക്കപ്പെടുന്നതും. പരോളിലായ വ്യക്തി എങ്ങനെയാണ് സമ്മേളന പ്രതിനിധിയായത് എന്നതിനെ സംബന്ധിച്ച് വിശദീകരണം നല്‍കാന്‍ ഡിവൈഎഫ്‌ഐ ക്ക് ആയിട്ടില്ല. തെരഞ്ഞെടുപ്പിനെ സംബന്ധിച്ച് അറിവില്ലായിരുന്നു എന്ന് ജില്ലാ സെക്രട്ടറി ആര്‍ നാസര്‍ സ്ഥിരീകരിച്ചു. ആലപ്പുഴയില്‍ ഏറെ കോളിളക്കം സൃഷ്ടിച്ച കേസായിരുന്നു അജു വധക്കേസ്. മറ്റൊരാളെ തേടിയെത്തിയ ക്രിമിനല്‍ സംഘം ആളുമാറി അജു ഉള്‍പ്പടെയുള്ള രണ്ട് പേരെ വെട്ടുകയായിരുന്നു.

അക്രമത്തിന് ശേഷം സമീപത്തേക്ക് ആരേയും അടുക്കാനോ രക്ഷപെടുത്താനോ പോലും അക്രമികള്‍ അനുവദിച്ചില്ല. സംഭവത്തില്‍ പ്രതികളെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് ഡിവൈഎഫ്‌ഐ തന്നെ അന്ന് രംഗത്തെത്തിയിരുന്നു. പാര്‍ട്ടിയില്‍ വിഭാഗിയത മുതലെടുത്ത് ക്രിമിനലുകള്‍ കയറിപ്പറ്റുന്നു എന്ന് ജില്ലാ സമ്മേളന പ്രവര്‍ത്തന റിപ്പോര്‍ട്ട് തന്നെ വ്യക്തമാക്കി ആഴ്ചകള്‍ പിന്നിടുമ്പോഴാണ് യുവജന സംഘടനയുടെ നേതൃത്വത്തിലേക്ക് കോലക്കേസ് പ്രതി എത്തുന്നത്. ഏരിയാ സമ്മേളന കാലയളവില്‍ രാമങ്കരി ഉള്‍പ്പടെയുള്ള ഇടങ്ങളില്‍ വാഹനം കത്തിക്കലടക്കമുള്ള കേസുകള്‍ സമ്മേളനവുമായി ബന്ധപ്പെട്ട് റിപ്പോര്‍ട്ട് ചെയ്തിരുന്നു. ക്രിമിനല്‍ വത്കരണം രൂക്ഷമാകുന്നു എന്ന് ആരോപണം കടുക്കുന്നതിനിടയില്‍ ആണ് പുത്തന്‍ നടപടികള്‍.