കൊച്ചിയില്‍ ഒന്നര വയസുള്ള കുഞ്ഞിനെ അമ്മൂമ്മയുടെ കാമുകന്‍ ബക്കറ്റ് വെള്ളത്തില്‍ മുക്കി കൊന്നു
കൊച്ചി : പള്ളുരുത്തിയില്‍ ഒന്നര വയസ്സുള്ള കുഞ്ഞിനെ മുക്കിക്കൊന്നു. ഹോട്ടലിലെ മുറിയില്‍ ബക്കറ്റിലെ വെള്ളത്തില്‍ മുക്കിയാണ് കുഞ്ഞിനെ കൊലപ്പെടുത്തിയത്. സംഭവത്തില്‍ കുഞ്ഞിന്റെ അമ്മൂമ്മയുടെ 27 വയസ്സുകാരനായ കാമുകനെ പൊലീസ് അറസ്റ്റ് ചെയ്തു. അമ്മൂമ്മയോടൊപ്പമാണ് കുഞ്ഞ് താമസിച്ചിരുന്നത്. മുക്കിക്കൊന്ന കുഞ്ഞിനെ തുടര്‍ന്ന് ഇവര്‍ ആശുപത്രിയിലെത്തിച്ചിരുന്നു. ആശുപത്രി അധികൃതരുടെ പരാതി ലഭിച്ചതിനെ തുടര്‍ന്നാണ് പൊലീസ് അന്വേഷണം നടത്തിയത്. ഛര്‍ദിച്ച് അവശനിലയിലായി എന്ന് പറഞ്ഞ് കുഞ്ഞിനെ ഇന്നലെ കൊച്ചിയിലെ ഒരു ആശുപത്രിയില്‍ എത്തിച്ചിരുന്നു. എന്നാല്‍ ആശുപത്രിയില്‍ എത്തും മുന്‍പേ കുഞ്ഞ് മരണപ്പെട്ടിരുന്നു. ആശുപത്രി അധികൃതര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് സ്ഥലത്ത് എത്തിയ പൊലീസുദ്യോഗസ്ഥര്‍ക്ക് കുഞ്ഞിനെ കൊണ്ടു വന്നവരുടെ മൊഴിയില്‍ സംശയം തോന്നിയതോടെയാണ് സംഭവത്തിന്റെ ചുരുളഴിഞ്ഞത്.
പൊലീസ് നടത്തിയ അന്വേഷണത്തില്‍ ഹോട്ടല്‍ മുറിയില്‍ വച്ച് കുഞ്ഞിനെ വെള്ളത്തില്‍ മുക്കിക്കൊന്നതാണെന്ന് വ്യക്തമായി. സംഭവത്തില്‍ പള്ളുരുത്തി സ്വദേശിയായ ജോണ്‍ ബിനോയ് ഡിക്രൂസ് എന്നയാളെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. കുഞ്ഞിന്റെ മുത്തശിയും പ്രതിയും ചേര്‍ന്നാണ് ഹോട്ടലില്‍ മുറിയെടുത്തത്. കൊല്ലപ്പെട്ട കുഞ്ഞിന്റെ അമ്മയുടെ അമ്മയുടെ കാമുകന്‍ ആണ് ബിനോയ്. ബിനോയ് ഡിക്രൂസ് കൊച്ചി പള്ളുരുത്തി സ്വദേശിയാണ്. ഇയാളുടെ കാമുകിയായ മുത്തശ്ശി അങ്കമാലി സ്വദേശിയാണ്. മാതാപിതാക്കള്‍ അറിയാതെ കുഞ്ഞിനെ എങ്ങനെ ഇവര്‍ ഹോട്ടല്‍ മുറിയില്‍ എത്തിച്ചു എന്നതിനെക്കുറിച്ച് പൊലീസ് അന്വേഷിച്ചു വരികയാണ്. കുട്ടിയുടെ അമ്മ വിദേശത്ത് ജോലി ചെയ്യുകയാണ് എന്നാണ് പൊലീസിന് ലഭിച്ച വിവരം.
തിങ്കളാഴ്ച പുലര്‍ച്ചെ രണ്ടരയോടെയാണ് താമസിച്ച ഹോട്ടലിന്റെ റിസപ്ഷനിലേക്ക് ഒന്നര വയസ്സുള്ള പെണ്‍കുഞ്ഞിനേയും നാല് വയസ്സുള്ള ആണ്‍കുഞ്ഞുമായി സ്ത്രീ വന്നത്. പരിഭ്രാന്തയായിരുന്നു സ്ത്രീയും കുഞ്ഞ്ഛര്‍ദ്ദിച്ച് ബോധം പോയിരിക്കുകയാണെന്നും സ്ത്രീ പറഞ്ഞുവെന്നാണ് ഹോട്ടലിലെ ജീവനക്കാര്‍ പറയുന്നത്. ഹോട്ടല്‍ മുറിയില്‍ വച്ചുണ്ടായ തര്‍ക്കത്തിനിടെ ബിനോയ് കുഞ്ഞിനെയെടുത്ത് ബക്കറ്റില്‍ മുക്കുകയായിരുന്നുവെന്നാണ് പൊലീസ് വൃത്തങ്ങള്‍ നല്‍കുന്ന സൂചന. മാര്‍ച്ച് അഞ്ചാം തീയതി മുതല്‍ ഈ സ്ത്രീയും രണ്ട് കുട്ടികളും യുവാവും ഹോട്ടലില്‍ തങ്ങുന്നുവെന്നാണ് വിവരം. മരണപ്പെട്ട കുഞ്ഞിന്റെ പിതൃത്വത്തെ സംബന്ധിച്ചുണ്ടായ തര്‍ക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പ്രതിയായ യുവാവ് പൊലീസിന് ഇപ്പോള്‍ നല്‍കിയ മൊഴി. മകളുടെ രണ്ടാമത്തെ കുഞ്ഞിന്റെ പിതാവ് യുവാവാണെന്ന് പറഞ്ഞ് മുത്തശ്ശിയായ സ്ത്രീ വഴക്കുണ്ടാക്കിയെന്നും ഇതില്‍ പ്രകോപിതനായ യുവാവ് കുഞ്ഞിനെ ബക്കറ്റില്‍ മുക്കി കൊലപ്പെടുത്താന്‍ ശ്രമിക്കുകയായിരുന്നുവെന്നുമാണ് സൂചന.