റഷ്യയുടെ നിയന്ത്രണത്തിലായതിനു ശേഷം ; ചെര്‍ണോബില്‍ ആണവനിലയവുമായുള്ള ബന്ധം നഷ്ടപ്പെട്ടെന്ന് യു.എന്‍

ആശങ്ക വര്‍ദ്ധിപ്പിച്ചു ചെര്‍ണോബില്‍ ആണവനിലയവുമായുള്ള ആശയവിനിമയ ബന്ധം മുറിഞ്ഞതായി യു.എന്‍. ഐക്യരാഷ്ട്ര സഭയ്ക്കു കീഴിലുള്ള ആണവ നിരീക്ഷണ വിഭാഗമായ ഇന്റര്‍നാഷനല്‍ ആറ്റമിക് എനര്‍ജി ഏജന്‍സി(ഐ.എ.ഇ.എ) ആണ് ഇക്കാര്യം വെളിപ്പെടുത്തിയത്. കഴിഞ്ഞ മാസം 24ന് റഷ്യ ചെര്‍ണോബില്‍ നഗരവും ആണവനിലയവും നിയന്ത്രണത്തിലാക്കിയിരുന്നു. ചെര്‍ണോബില്‍ ആണവനിലയത്തില്‍ സ്ഥാപിച്ച നിരീക്ഷണസംവിധാനത്തില്‍നിന്നുള്ള വിവരകൈമാറ്റങ്ങള്‍ നിലച്ചിട്ടുണ്ടെന്നും നിലയവുമായുള്ള ആശയവിനിമയ ബന്ധം നഷ്ടപ്പെട്ടിരിക്കുകയാണെന്നും ഐ.എ.ഇ.എ തലവന്‍ റാഫേല്‍ ഗ്രോസി പ്രസ്താവനയില്‍ അറിയിച്ചു. യുക്രൈനിലെ മറ്റു സ്ഥലങ്ങളിലുള്ള നിരീക്ഷണസംവിധാനങ്ങളുടെ സ്ഥിതി പരിശോധിച്ചുവരികയാണെന്നും കൂടുതല്‍ വിവരങ്ങള്‍ ഉടന്‍ പുറത്തുവിടുമെന്നും അദ്ദേഹം അറിയിച്ചു.

ആണവായുധങ്ങളുടെ നിര്‍മാണം തടയാനായി വിവിധ ആണവനിലയങ്ങളില്‍ ഐ.എ.ഇ.എ നിരീക്ഷണ സംവിധാനങ്ങള്‍ സ്ഥാപിച്ചിട്ടുണ്ട്. ഏജന്‍സി ആസ്ഥാനത്തുനിന്ന് ഈ സംവിധാനംവഴി കൃത്യമായി നിലയത്തിലെ പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കാനാകും. 1986ലെ ആണവദുരന്തത്തിനുശേഷം ഡികമ്മീ ഷന്‍ ചെയ്ത റിയാക്ടറുകളും റേഡിയോ ആക്ടീവ് മാലിന്യസജ്ജീകരണങ്ങളുമടക്കം സ്ഥിതി ചെയ്യുന്ന പ്രത്യേക മേഖലയ്ക്കകത്താണ് ചെര്‍ണോബില്‍ ആണവനിലയം സ്ഥിതി ചെയ്യുന്നത്. മറ്റൊരു ദുരന്തം ആവര്‍ത്തിക്കാതിരിക്കാന്‍ വേണ്ട നിരന്തര മുന്‍കരുതല്‍ നടപടിക്രമങ്ങളുടെ ഭാഗമായി ഇവിടെ 2,000ത്തോളം ജീവനക്കാര്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്. നിലയം റഷ്യ നിയന്ത്രണത്തിലാക്കിയ ശേഷം ഇവിടെ 200ലേറെ സാങ്കേതിക വിദഗ്ധരും സുരക്ഷാജീവനക്കാരും കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണ് വിവരം. ഇവരുടെ സു രക്ഷാ, ആരോഗ്യനില കൂടുതല്‍ വഷളാകുകയാണെന്ന് യുക്രൈന്‍ ആണവ നിയന്ത്രണ വകുപ്പിനെ ഉദ്ധരിച്ച് ഐ.എ.ഇ.എ വെളിപ്പെടുത്തി. ചെര്‍ണോബില്‍ ആണവനിലയത്തിലെ ജീവനക്കാര്‍ അനുഭവിക്കുന്ന ബുദ്ധിമുട്ടേറിയതും മാനസികസംഘര്‍ഷം നിറഞ്ഞതുമായ സാഹചര്യത്തില്‍ അതീവ ഉത്കണ്ഠാകുലനാണെന്ന് ഐ.എ.ഇ.എ തലവന്‍ റാഫേല്‍ ഗ്രോസി പറഞ്ഞു.