സംസ്ഥാനത്തു പോലീസ് വാഹനങ്ങളില്‍ ഇന്ധനം അടിക്കാന്‍ പോലും കാശില്ല എന്ന് റിപ്പോര്‍ട്ട് ; കുടിശിക രണ്ടരക്കോടി

സര്‍ക്കാര്‍ വമ്പന്‍ പദ്ധതികളുടെ പിന്നാലെ പായുന്ന വേളയില്‍ സംസ്ഥനത്തിന്റെ സാമ്പത്തിക നില എത്രമാത്രം മോശമാണ് എന്നുള്ളതിന് വ്യക്തമായ തെളിവ് പുറത്ത്. ഏറ്റവും മുഖ്യ വകുപ്പായ പോലീസില്‍ വാഹനങ്ങള്‍ക്ക് ഇന്ധനത്തിനുള്ള പണമില്ലാതെ കുഴക്കുകയാണ് കേരളാ പോലീസ്. സര്‍ക്കാരിനോട് ആവശ്യപ്പെട്ടെങ്കിലും ഇന്ധനമടിക്കാനുള്ള പണം സര്‍ക്കാര്‍ അനുവദിച്ചില്ല. സംസ്ഥാനത്തെ സാമ്പത്തിക സാഹചര്യം ചൂണ്ടിക്കാട്ടിയാണ് പണം നല്‍കാത്തത്. തിരുവനന്തപുരം പേരൂര്‍ക്കട എസ്എപി ക്യാമ്പിലെ പമ്പില്‍ നിന്നുള്ള വിതരണം നിര്‍ത്തി. തലസ്ഥാനമായ തിരുവനന്തപുരം ജില്ലയിലാണ് ഏറ്റവും കൂടുതല്‍ പ്രതിസന്ധി. ഇന്ധനം നല്‍കിയ വകയില്‍ പെട്രോളിയം കമ്പനികള്‍ക്ക് രണ്ടരക്കോടി രൂപ പോലീസ് നല്‍കാനുണ്ട്. കുടിശ്ശിക വന്നതോടെ ഇന്ധനം നല്‍കുന്നത് കമ്പനികള്‍ അവസാനിപ്പിച്ചു.

പേരൂര്‍ക്കട എസ്എപി ക്യാമ്പിലെ പമ്പു വഴിയുള്ള വിതരണം നിലച്ചു. കെഎസ്ആര്‍ടിസി പമ്പുകളിലോ സ്വകാര്യ പമ്പുകളില്‍ നിന്നോ ഇന്ധനം കടം വാങ്ങണമെന്നാണ് ഡി ജി പിയുടെ നിര്‍ദ്ദേശം. കെ എസ് ആര്‍ ടി സി 45 ദിവസത്തേക്ക് കടം നല്‍കാമെന്ന് അറിയിച്ചിട്ടുണ്ട്. 2021- 22 വര്‍ഷത്തേക്ക് ഇന്ധനത്തിന് അനുവദിച്ച തുക കഴിഞ്ഞതോടെയാണ് പൊലീസ് സര്‍ക്കാരിനെ സമീപിച്ചത്. സംസ്ഥാനത്തിന്റെ നിലവിലെ സാമ്പത്തിക സ്ഥിതിയില്‍ കൂടുതല്‍ പണം അനുവദിക്കാന്‍ കഴിയില്ലെന്ന് കാട്ടി സര്‍ക്കാര്‍ പൊലീസിന്റെ ആവശ്യം നിരാകരിച്ചതായി, കടം വാങ്ങാന്‍ നിര്‍ദ്ദേശിച്ചിട്ടുള്ള ഡിജിപിയുടെ കത്തില്‍ പറയുന്നു. തിരുവനന്തപുരം സിറ്റി, റൂറല്‍ പോലീസുകള്‍ക്കും മറ്റ് എല്ലാ യൂണിറ്റുകള്‍ക്കുമായാണ് നിര്‍ദ്ദേശം. ഇന്ധന പ്രതിസന്ധി ഉണ്ടെങ്കിലും ഔദ്യോഗിക കാര്യങ്ങള്‍ മുടങ്ങരുത് എന്ന് കത്തില്‍ പ്രത്യേകം സൂചിപ്പിച്ചിട്ടുണ്ട്. യൂണിറ്റ് മേധാവിമാര്‍ അടിയന്തരമായി ബദല്‍ നടപടി സ്വീകരിക്കണമെന്നാണ് നിര്‍ദ്ദേശം. അതേസമയം പമ്പുടമകള്‍ കടം തന്നില്ലെങ്കില്‍ എന്ത് ചെയ്യണം എന്നാണ് ഒരു വിഭാഗം ഉദ്യോഗസ്ഥര്‍ ചോദിക്കുന്നത്.