രാജീവ് ഗാന്ധി വധക്കേസ് ; പ്രതി പേരറിവാളന് ജാമ്യം ; രണ്ട് ബാറ്ററികള്‍ മാറ്റിമറിച്ച ജീവിതം

രണ്ട് ബാറ്ററികള്‍ മാറ്റിമറിച്ച ജീവിതം അതാണ് പേരറിവാളന്റെ ജീവിതത്തിനെ കുറിച്ച് ഒറ്റ വാക്കില്‍ പറയുവാന്‍ കഴിയുന്നത്. മുന്‍പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ വധിച്ച കേസിലെ പ്രതി എ.ജി.പേരറിവാളന് സുപ്രീം കോടതി ജാമ്യം അനുവദിച്ചു. കേസില്‍ 32 വര്‍ഷമായി ജയില്‍ശിക്ഷ അനുഭവിച്ചു വരികയാണ് പേരറിവാളന്‍. 32 കൊല്ലത്തെ തടവും നല്ലനടപ്പും പരിഗണിച്ചാണ് ജാമ്യം. കേന്ദ്രസര്‍ക്കാര്‍ എതിര്‍ത്തെങ്കിലും ജസ്റ്റിസ് എല്‍.നാഗേശ്വര റാവു, ജസ്റ്റിസ് ബി.എല്‍.ഗവായ് എന്നിവരടങ്ങുന്ന ബഞ്ച് ജാമ്യം അനുവദിക്കുകയായിരുന്നു.

1991 ജൂണ്‍ 11നാണ് പേരറിവാളന്‍ അറസ്റ്റിലായത്. 26 വര്‍ഷത്തെ ജയില്‍വാസത്തിന് ശേഷം 2017 ജനുവരി 24നാണ് ആദ്യമായി പരോള്‍ അനുവദിച്ചത്. പിന്നീട് എട്ടുതവണ പേരറിവാളന് പരോള്‍ അനുവദിച്ചിരുന്നു. കഴിഞ്ഞ മാസം പരോളില്‍ ഇറങ്ങിയതിന് ശേഷം ഹൈക്കോടതി പരോള്‍ കാലാവധി നീട്ടി നല്‍കി. ജയില്‍മോചനത്തിനായി ഗവര്‍ണര്‍ക്ക് അപേക്ഷ നല്‍കി കാത്തിരിക്കുകയാണ് പേരറിവാളന്‍. ഇക്കാര്യത്തില്‍ ഗവര്‍ണര്‍ ഇനിയും തീരുമാനം എടുത്തിട്ടില്ല. മൂന്ന് പതിറ്റാണ്ടിലേറെയായി ജയിലില്‍ കഴിയുന്ന കേസിലെ മൂന്ന് പ്രതികളേയും വിട്ടയക്കണമെന്നാണ് തമിഴ്‌നാട് സര്‍ക്കാരിന്റെ നിലപാട്. 31 വര്‍ഷങ്ങള്‍ക്ക് മുന്‍പ്. കൃത്യമായി പറഞ്ഞാല്‍ 1991 മേയ് 21. ഇന്ത്യയുടെ 75 വര്‍ഷത്തെ രാഷ്ട്രീയ ചരിത്രത്തിലെ ഏറ്റവും വലിയ ഞെട്ടലായിരുന്നു രാജീവ് ഗാന്ധി വധക്കേസ്. വിടര്‍ന്നതും കൊഴിഞ്ഞതു ക്ഷണനേരം കൊണ്ട്. അമ്മയുടെ ചിതയെരിഞ്ഞു തീരും മുന്‍പേ ഏറ്റെടുക്കേണ്ടി വന്ന പ്രധാനമന്ത്രി പദം. ഏഴു വര്‍ഷം മാത്രം നീണ്ട നായകത്വം ഉച്ചസ്ഥായില്‍ എത്തിനില്‍ക്കെ അവസാനിച്ചു.

കോയമ്പത്തൂരിലെ ശ്രീ പെരുമ്പത്തൂര്‍. സമയം രാത്രി 10.20. ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രചാരണം ചൂടേറിയ കാലം. വേദിക്ക് അകലെ കാറില്‍ നിന്നിറങ്ങി പൂമാലകളും പൂച്ചെണ്ടുകളും സ്വീകരിച്ചായിരുന്നു രാജീവ് ഗാന്ധി നടന്നു നീങ്ങിയത്. അനുഗ്രഹം തേടാനായി തനു എന്ന തേന്‍മൊഴി രാജരത്‌നം കാലില്‍ വീഴാന്‍ നോക്കവെ അരയിലുറപ്പിച്ച ബോംബ് പൊട്ടിത്തെറിച്ചു 14 മനുഷ്യ ജീവനുകള്‍ ചിന്നിച്ചിതറി. കേസിലാകെ 26 പ്രതികളാണുണ്ടായിരുന്നത്. 1998ല്‍ ടാഡ കോടതി പ്രതികളെ വധശിക്ഷയ്ക്കു വിധിച്ചു. അടുത്ത വര്‍ഷം പ്രതികളുടെ അപ്പീലില്‍ സുപ്രിംകോടതി 19 പേരെ വിട്ടയച്ചു. നളിനി, ശാന്തന്‍, മുരുകന്‍, പേരറിവാളന്‍ എന്നിവരുടെ വധശിക്ഷ ശരിവച്ചു. ദയാഹര്‍ജിയില്‍ തീര്‍പ്പുകല്‍പ്പിക്കാനെടുത്ത കാലതാമസം പരിഗണിച്ച് കോടതി മറ്റുള്ളവരുടെയും ശിക്ഷ ജീവപര്യന്തമാക്കി ഇളവു ചെയ്തു. ഏകാന്ത തടവുകാരനായി നീതിക്കായി പോരാട്ടം നടത്തിയ പേരറിവാളന്‍ അപ്പോഴും നിരവധി ചോദ്യങ്ങളുയര്‍ത്തുന്നു.

9 വാട്ടിന്റെ 2 ബാറ്ററികളും കുറ്റസമ്മത മൊഴിയുമാണു പേരറിവാളനു രാജീവ് ഗാന്ധി വധക്കേസില്‍ പങ്കുണ്ടെന്നതിന്റെ തെളിവായി കോടതിയില്‍ നല്‍കിയത്. രാജീവ് ഗാന്ധിയെ വധിക്കുന്നതിന് ദിവസങ്ങള്‍ക്കു മുന്‍പ് ചെന്നൈയില്‍ മുന്‍ പ്രധാനമന്ത്രി വിപി സിങ്ങ് പങ്കെടുത്ത ചടങ്ങില്‍ എല്‍ടിടിഇ പ്രവര്‍ത്തകര്‍ക്കൊപ്പം പേരറിവാളന്‍ സന്ദര്‍ശിച്ചുവെന്ന കുറ്റവും ചാര്‍ത്തി. മുന്‍ പ്രധാനമന്ത്രിമാരുടെ സുരക്ഷാ ക്രമീകരണങ്ങള്‍ വിലയിരുത്താനായിരുന്നു സന്ദര്‍ശനമെന്നു അന്വേഷണ സംഘം കോടതിയെ അറിയിച്ചു. ബാറ്ററി വാങ്ങി നല്‍കിയെന്ന അന്വേഷണ ഏജന്‍സിയുടെ അവകാശവാദം പേരറിവാളന്‍ സമ്മതിക്കുന്നുണ്ട്. ഗൂഢാലോചനയെക്കുറിച്ച് അറിയാമായിരുന്നുവെന്ന രീതിയില്‍ മൊഴി വളച്ചൊടിച്ചെന്നും പേരറിവാളന്‍ പറയുന്നു.

ഗൂഢാലോചനയില്‍ പങ്കെടുത്തവരെന്ന് കൃത്യമായി തെളിയിക്കപ്പെട്ടവരുടെ ശിക്ഷപോലും കോടതി ഇളവ് ചെയ്തു. 10 പേരെ വെറുതെവിട്ടു. എന്നിട്ടും 18-ാം പ്രതിയായ പേരറിവാളന് നീതിയുടെ വെളിച്ചം ലഭിച്ചില്ല. ജീവിതത്തിലേക്കോ മരണത്തിലേക്കോ എന്ന് തീര്‍ച്ചപ്പെടുത്താനാവാത്ത വിധം ദിവസങ്ങള്‍ തള്ളിനീക്കിയ പേരറിവാളിന്റെ അമ്മ അര്‍പ്പുതമ്മാളും വലിയ ചോദ്യങ്ങളാണ് ഉയര്‍ത്തുന്നത്. പേരറിവാളന്‍ സ്വതന്ത്രനാവുന്ന ദിവസത്തെ കണ്ണീരോടെ കാത്തിരിക്കുന്നു വെല്ലൂരിലെ ജോലാര്‍പ്പേട്ടില്‍ അര്‍പ്പുതമ്മാള്‍. An Appeal From The Death Row എന്ന പുസ്തകത്തില്‍ പേരറിവാളന്‍ എഴുതിയ ഒരു വരിയുണ്ട്. എനിക്ക് പങ്കൊന്നുമില്ലായിരുന്നുവെന്ന് ഒടുവില്‍ കണ്ടെത്തും. ‘ജയിലറയ്ക്കുള്ളില്‍ പൊലിഞ്ഞ എന്റെ ജീവിതത്തിലെ സുവര്‍ണ വര്‍ഷങ്ങള്‍ ആര്‍ക്കു തിരിച്ചു നല്‍കാന്‍ കഴിയും?’.

രാജീവ് ഗാന്ധി വധിക്കപ്പെട്ട് ഒരു മാസം കഴിഞ്ഞ് 1991 ജൂണ്‍ 18 നാണ് പേരറിവാളന്‍ അറസ്റ്റിലാകുന്നത്. അപ്പോള്‍ അദ്ദേഹത്തിനു പ്രായം 19. ഇലക്ട്രോണിക്‌സ് ആന്‍ഡ് എന്‍ജിനീയറിങ് ഡിപ്ലോമ പൂര്‍ത്തിയാക്കി നില്‍ക്കുന്ന സമയം. വെല്ലൂര്‍ ജില്ലയിലെ ജോലാര്‍പേട്ടില്‍ തമിഴ് കവി കുയില്‍ദാസന്‍ എന്ന ജ്ഞാനശേഖരന്റെയും അര്‍പുത അമ്മാളിന്റെയും മകന്‍. മാതാപിതാക്കള്‍ പെരിയാര്‍ ഇവി രാമസ്വാമിയുടെ ദ്രാവിഡ ആശയത്തിന്റെ അനുഭാവികള്‍. 1989 മുതല്‍ പേരറിവാളന്‍ എല്‍ടിടിഇ അനുഭാവിയാണെന്നാണ് കേസ് അന്വേഷിച്ച സിബിഐയുടെ ആരോപണം. തമിഴ് പുലികളുമായി ബന്ധപ്പെട്ട പ്രസിദ്ധീകരണങ്ങള്‍ തമിഴ്‌നാട്ടില്‍ വിറ്റിരുന്ന പേരറിവാളന്‍ ശ്രീലങ്കയില്‍ പോയി വേലുപ്പിള്ള പ്രഭാകരനെ കണ്ടതായും കുറ്റപത്രത്തിലുണ്ടായിരുന്നു.