ഇന്റര്‍നെറ്റ് ഇല്ലാതെ ഇനി പണമിടപാട് നടത്താം ; പുതിയ സംവിധാനം നിലവില്‍
ഇന്റര്‍നെറ്റ് ഉപയോഗിക്കാതെ തന്നെ ഫീച്ചര്‍ ഫോണുകളിലൂടെ പണമിടപാട് നടത്തുവാന്‍ കഴിയുന്ന സംവിധാനം നിലവില്‍ വന്നു . ഡിജിറ്റല്‍ പണമിടപാട് സംവിധാനമായ യുപിഐയുടെ ഫീച്ചര്‍ ഫോണില്‍ ഉപയോഗിക്കാവുന്ന സാങ്കേതികവിദ്യ അവതരിപ്പിച്ചു. ‘യുപിഐ 123 പേ’ എന്ന പേരിലുള്ള സംവിധാനം ചൊവ്വാഴ്ച റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ശക്തികാന്ത ദാസ് ആണ് ഔദ്യോഗികമായി അവതരിപ്പിച്ചത്. ഈ സേവനത്തിലൂടെ രാജ്യത്ത് നിലവിലുള്ള 40 കോടി ഫീച്ചര്‍ഫോണ്‍ ഉപഭോക്താക്കള്‍ക്കും രാജ്യത്തെ ബൃഹത്തായ യുപിഐ പ്ലാറ്റ്ഫോമിന്റെ ഭാഗമാകാന്‍ സാധിക്കും.
നിലവില്‍ ഇന്റര്‍നെറ്റ് കണക്റ്റിവിറ്റിയുള്ള സ്മാര്‍ട്ഫോണുകളില്‍ മാത്രമാണ് യുപിഐ സേവനം ലഭിക്കുന്നത്. എന്നാല്‍ ഇനി മുതല്‍ ഫീച്ചര്‍ ഫോണ്‍ ഉടമകള്‍ക്കും തങ്ങളുടെ ഫോണ്‍ ഉപയോഗിച്ച് പണമയക്കാനും സ്വീകരിക്കാനും സാധിക്കും. യുപിഐ ഇടപാട് നിര്‍വഹിക്കാന്‍ ഫീച്ചര്‍ ഫോണിനെ ബാങ്ക് അക്കൗണ്ടുമായി ബന്ധിപ്പിക്കുക എന്നതാണ് പ്രധാനം. ഡെബിറ്റ് കാര്‍ഡ് വിവരങ്ങള്‍ കൈമാറിയാണ് ഇത് നിര്‍വഹിക്കുന്നത്. മിസ്ഡ് കോള്‍, ഇന്ററാക്റ്റീവ് വോയ്സ് റെസ്പോണ്‍സ് സംവിധാനം, ഫീച്ചര്‍ഫോണുകളിലെ ആപ്പ് സംവിധാനം, പ്രോക്സിമിറ്റി സൗണ്ട് അധിഷ്ടിത ഇടപാട് എന്നിവ വഴി ഇടപാട് നടത്താന്‍ സാധിക്കും.