അബദ്ധത്തില്‍ പാക്കിസ്ഥാനിലേക്ക് മിസൈല്‍ വിട്ടു ഇന്ത്യ

പാക്കിസ്ഥാനില്‍ വീണ മിസൈല്‍ അയച്ചത് ഇന്ത്യയില്‍ നിന്ന് എന്ന് സ്ഥിരീകരണം. ഖാനേവാല്‍ ജില്ലയിലെ മിയാന്‍ ചന്നുവിലാണ് ഇന്ത്യയുടെ മിസൈല്‍ ചെന്ന് പതിച്ചത്. സംഭവത്തില്‍ ഉന്നതതല അന്വേഷണത്തിന് ഉത്തരവിട്ടു. അതേസമയം അബദ്ധത്തില്‍ മിസൈല്‍ വിക്ഷേപിക്കുകയായിരുന്നുവെന്നാണ് ഇന്ത്യയുടെ ഔദ്യോഗിക വിശദീകരണം. വിഷയം വളരെ ഗൗരവത്തോടെ കാണുന്നുവെന്നും സര്‍ക്കാര്‍ അറിയിച്ചു. സംഭവത്തില്‍ ഇന്ത്യന്‍ പ്രതിരോധന മന്ത്രാലയം ഖേദം പ്രകടിപ്പിച്ചു.

മാര്‍ച്ച് ഒമ്പതാം തീയതി അറ്റകുറ്റപണികള്‍ക്കിടെയുണ്ടായ സാങ്കേതിക തകരാറാണ് മിസൈല്‍ വിക്ഷേപണത്തിന് കാരണമെന്ന് വിശദീകരണക്കുറിപ്പില്‍ പറയുന്നു. കഴിഞ്ഞ ദിവസം രാത്രിയാണ് പാകിസ്ഥാന്റെ ഇന്റര്‍ സര്‍വ്വീസസ് റിലേഷന്‍സിന്റെ മേജര്‍ ജനറല്‍ ബാബര്‍ ഇഫ്തിക്കാര്‍ ഇന്ത്യന്‍ മിസൈല്‍ പാകിസ്ഥാനില്‍ വീണതായി അവകാശപ്പെട്ടത്. ജനവാസം ഇല്ലാത്ത മേഖലയില്‍ ആയത് കൊണ്ട് ആര്‍ക്കും അപകടമുണ്ടാവാത്തതില്‍ ആശ്വാസമുണ്ടെന്നും പ്രതിരോധവകുപ്പ് കൂട്ടിച്ചേര്‍ത്തു. സ്ഫോടകവസ്തു ഘടിപ്പിക്കാത്ത മിസൈലാണ് അബദ്ധത്തില്‍ വിക്ഷേപിക്കപ്പെട്ടത്.