ഭീഷ്മപര്‍വം’ ക്രൈസ്തവവിരുദ്ധ സിനിമ ; ആരോപണവുമായി കെ.സി.ബി.സി പ്രസിദ്ധീകരണം
തിയറ്ററില്‍ വിജയകരമായി മുന്നേറുന്ന മമ്മൂട്ടി ചിത്രം ‘ഭീഷ്മപര്‍വ’ത്തിനെതിരെ കടുത്ത വിമര്‍ശനവുമായി കെ.സി.ബി.സി പ്രസിദ്ധീകരണം. ക്രിസ്ത്യാനികളെ മോശമായി കാണിച്ചു എന്ന പേരിലാണ് ഇപ്പോള്‍ ആരോപണം ഉയരുന്നത്. എല്ലാ തരത്തിലുമുള്ള തിന്മകളുടെയും പ്രതിരൂപങ്ങളായാണ് ചിത്രത്തില്‍ ക്രിസ്ത്യന്‍ വിശ്വാസികള്‍ അവതരിപ്പിക്കപ്പെടുന്നതെന്നും എല്ലാ സദ്ഗുണങ്ങളുമായി മുസ്ലിം കഥാപാത്രങ്ങളെ കാണിക്കുന്നുവെന്നും കെ.സി.ബി.സിക്കു കീഴിലുള്ള ജാഗ്രതാ ന്യൂസില്‍ വിമര്‍ശനം. ക്രൈസ്തവവിരുദ്ധത സിനിമയുടെ പ്രധാന അജണ്ടയാണെന്ന് കാണാനാകുന്നുവെന്നും ജാഗ്രതാ ന്യൂസ് മാര്‍ച്ച് ലക്കത്തില്‍ പ്രസിദ്ധീകരിച്ച കുറിപ്പില്‍ ആരോപിക്കുന്നു. ലേഖനത്തിന്റെ പൂര്‍ണരൂപം കെ.സി.ബി.സി ജാഗ്രതാ കമ്മീഷന്‍ ഫേസ്ബുക്ക് പേജില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
കഥാപാത്രങ്ങള്‍ക്കും കഥാസന്ദര്‍ഭങ്ങള്‍ക്കും പുറമെ, ക്രൈസ്തവ വിരുദ്ധത നിറഞ്ഞുനില്‍ക്കുന്നതും അവഹേളനപരവുമായ സംഭാഷണങ്ങളും സിനിമയില്‍ ഉടനീളമുണ്ട്. ചില ആനുകാലിക സംഭവവികാസങ്ങളുടെ പശ്ചാത്തലത്തില്‍ ഇസ്ലാമിക നീക്കങ്ങള്‍ക്കെതിരായി ഉയര്‍ന്നിട്ടുള്ള ശബ്ദങ്ങള്‍ക്ക് മറുപടി എന്നവണ്ണം ചില ഡയലോഗുകള്‍ ഇടയ്ക്കുണ്ട്. കഥാഗതിയും, അതിന്റെ ഭാഗമായി സൃഷ്ടിക്കപ്പെട്ടിട്ടുള്ള സന്ദര്‍ഭങ്ങളും കഥാപാത്രങ്ങളും, എഴുതപ്പെട്ടിട്ടുള്ള ഡയലോഗുകളും അതിന്റെ ശൈലിയും നിരീക്ഷിച്ചാല്‍ ക്രൈസ്തവവിരുദ്ധത സിനിമയുടെ ഒരു പ്രധാന അജണ്ട തന്നെയാണെന്ന് കാണാവുന്നതാണ്-ലേഖനത്തില്‍ ആരോപിക്കുന്നു.
‘വളരെ വ്യാപ്തിയുള്ള ഒരു ക്രൈസ്തവ പ്രാതിനിധ്യം ആദ്യന്തം അവതരിപ്പിക്കപ്പെടുന്ന ചിത്രത്തില്‍ എല്ലാത്തരത്തിലുള്ള തിന്മകളുടെയും പ്രതിരൂപങ്ങളും അവര്‍ തന്നെയാണ്. കേവലം ചില കഥാപാത്രങ്ങള്‍ മാത്രമല്ല, സന്ദര്‍ഭങ്ങളും ആശയങ്ങളും ചരിത്രാംശങ്ങളുമെല്ലാം വിരല്‍ചൂണ്ടുന്നത് ക്രൈസ്തവ സമൂഹത്തിന്റെയും ബന്ധപ്പെട്ട ആനുകാലിക സംഭവവികാസങ്ങളുടെയും വിവിധ തലങ്ങളിലേക്കാണ്. ഈ ചലച്ചിത്രത്തില്‍ ലത്തീന്‍ കത്തോലിക്കാ പശ്ചാത്തലമുള്ള അഞ്ഞൂറ്റി കുടുംബത്തിലെ കാരണവര്‍ സ്ഥാനത്തുള്ള മൈക്കിള്‍ എന്ന നായക കഥാപാത്രത്തെ അവതരിപ്പിക്കുന്നത് മമ്മൂട്ടിയാണ്.” നീനു-കെവിന്‍ കേസും കൊട്ടിയൂര്‍ പീഡന കേസും തുടങ്ങി ചിലവയെ സാന്ദര്‍ഭികമായി കഥയുടെ ഭാഗമാക്കി മാറ്റിയിരിക്കുന്നുവെന്നും ലേഖനത്തില്‍ സൂചിപ്പിക്കുന്നു. മയക്കുമരുന്നിന്റെ ഉപയോഗം, അതിരുവിട്ട മദ്യപാനവും പുകവലിയും സ്വവര്‍ഗ്ഗ പ്രണയം, പരസ്ത്രീബന്ധം, കുടുംബാംഗങ്ങള്‍ തമ്മിലുള്ള പകയും മറ്റ് കുടുംബപ്രശ്നങ്ങളും തുടങ്ങിയവ ക്രൈസ്തവ കഥാപാത്രങ്ങളുടെ സ്വഭാവസവിശേഷതകളാണെങ്കില്‍, ദൈവവിശ്വാസം മുതല്‍ മാതൃകാപരമായ ജീവിതരീതിയും സഹായസന്നദ്ധതയും പരസ്പരസ്നേഹവും മതേതരത്വ നിലപാടുകളും വരെയുള്ള എല്ലാവിധ സത്ഗുണങ്ങളുമാണ് മുസ്ലിം കഥാപാത്രങ്ങളുടെ സവിശേഷതകളായി അവതരിപ്പിക്കപ്പെട്ടിട്ടുള്ളത്-ലേഖനത്തില്‍ തുടരുന്നു.
പോസ്റ്റിന്റെ പൂര്‍ണ്ണരൂപം :