കേരളാ ബജറ്റ് ; ബൈക്കുകളുടെ വില കൂടും

സാധാരണക്കാരുടെ ഇരുചക്ര വാഹന മോഹങ്ങള്‍ക്ക് ചിലവ് കൂടും. രണ്ട് ലക്ഷം രൂപ വരെ വിലയുള്ള ഇരുചക്ര മോട്ടോര്‍ വാഹനങ്ങളുടെ ഒറ്റത്തവണ മോട്ടോര്‍ വാഹന നികുതി ഒരു ശതമാനം വര്‍ധിപ്പിക്കുമെന്ന സംസ്ഥാന ബജറ്റില്‍ പ്രഖ്യാപനം. ഇതുവഴി പ്രതിവര്‍ഷം 60 കോടിയോളം രൂപയുടെ വരുമാനം പ്രതീക്ഷിക്കുന്നതായും ബജറ്റ് അവതരിപ്പിച്ച ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ പറഞ്ഞു. പഴയ വാഹനങ്ങള്‍ മൂലമുണ്ടാകുന്ന മലിനീകരണ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ സ്‌ക്രാപ്പിംഗ് നയം ആവിഷ്‌കരിച്ചിട്ടുണ്ട്. ഡീസല്‍ വാഹനങ്ങളുടെ ഉപയോഗം നിരുത്സാഹപ്പെടുത്തുകയും വൈദ്യുത വാഹനങ്ങളെ പ്രോത്സാഹിപ്പിക്കുകയും ചെയ്യേണ്ടതുണ്ട്. 15 വര്‍ഷത്തിന് മുകളിലുള്ള പഴയ വാഹനങ്ങള്‍ക്ക് ഹരിത നികുതി 50 ശതമാനം വര്‍ധിപ്പിക്കും.

കൂടാതെ മോട്ടോര്‍ സൈക്കിളുകള്‍ ഒഴികെ മുച്ചക്ര വാഹനങ്ങള്‍, സ്വകാര്യ മോട്ടോര്‍ വാഹനങ്ങള്‍, ഇടത്തരം മോട്ടോര്‍ വാഹനങ്ങള്‍, ഹെവി മോട്ടോര്‍ വാഹനങ്ങള്‍, മറ്റ് ഡീസല്‍ വാഹനങ്ങള്‍ എന്നിവക്കും ഹരിത നികുതി ചുമത്തും. 10 കോടിയോളം രൂപയുടെ അധിക വരുമാനം ഇതുവഴി ലഭിക്കുമെന്നാണ് പ്രതീക്ഷ. മോട്ടോര്‍ വാഹന നികുതി കുടിശ്ശിക അടക്കാനുള്ള ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി ഈ വര്‍ഷവും തുടരും. രണ്ട് കോടിയോളം രൂപയുടെ അധിക വരുമാനമാണ് ഇതുവഴി പ്രതീക്ഷിക്കുന്നത്. കാരവാന്‍ ടൂറിസം പദ്ധതിയുമായി ബന്ധപ്പെട്ട് ടൂറിസം വകുപ്പ് വാടകക്ക് എടുക്കുന്നതും കരാറില്‍ ഏര്‍പ്പെട്ടിട്ടുള്ളവയുമായ കാരവനുകളുടെ ത്രൈമാസ നികുതി നിരക്കില്‍ ഭേദഗതി വരുത്തി. നിബന്ധനകള്‍ക്ക് വിധേയമായി സ്‌ക്വയര്‍ മീറ്ററിന് 1000 രൂപയില്‍നിന്ന് 500 രൂപയായി കുറച്ചു. ഇതിന് കരാര്‍ തീയതി മുതല്‍ പ്രാബല്യം ഉണ്ടാകും.

ഭൂമിയുടെ ന്യായവിലയില്‍ 10 ശതമാനം ഒറ്റത്തവണ വര്‍ധന വരുത്തുമെന്ന് ധനമന്ത്രി പ്രഖ്യാപിച്ചു. ഇതിലൂടെ 200 കോടി വരുമാനം പ്രതീക്ഷിക്കുന്നു. ഭൂമിയുടെ ന്യായവില പരിശോധിക്കുന്നതില്‍ സമിതിയെ നിയോഗിക്കും. അടിസ്ഥാന ഭൂനികുതി നിരക്കുകള്‍ വര്‍ധിപ്പിക്കും. 80 കോടി രൂപയുടെ അധികവരുമാനം ലക്ഷ്യം. വിലക്കയറ്റം നേരിടാന്‍ 2000 കോടി രൂപയും ആഗോള സമാധാന സമ്മേളനത്തിന് 2 കോടി രൂപയും അനുവദിച്ചു. സില്‍വര്‍ലൈന്‍ ഭൂമി ഏറ്റെടുക്കുന്നതിനായി 2000 കോടി രൂപയും കെഎസ്ആര്‍ടിസിയുടെ നവീകരണത്തിന് 1000 കോടി രൂപയും നീക്കിവച്ചു. സര്‍വകലാശാലകള്‍ക്ക് മൊത്തത്തില്‍ 200 കോടിരൂപയും തിരുവനന്തപുരത്ത് മെഡിക്കല്‍ ടെക് ഇന്നവേഷന്‍ പാര്‍ക്കിന് 100 കോടി രൂപയും നീക്കിവച്ചു. ജില്ലാ സ്‌കില്‍ പാര്‍ക്കുകള്‍ക്കായി 300 കോടി രൂപ നീക്കിവച്ചതായും മന്ത്രി അറിയിച്ചു. ഒരു ലക്ഷം പുതിയ തൊഴില്‍ സംരംഭങ്ങള്‍ സൃഷ്ടിക്കുമെന്നും സ്വകാര്യ വ്യവസായ പാര്‍ക്കുകളെ പ്രോത്സാഹിപ്പിക്കുന്നതിനായി 25 കോടി രൂപ നീക്കിവയ്ക്കുമെന്നും ബജറ്റില്‍ പ്രഖ്യാപിച്ചു. നെല്‍കൃഷി പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി നെല്ലിന്റെ താങ്ങുവില 28.50 രൂപയാക്കി. നെല്‍കൃഷി വികസനത്തിലായി 76 കോടി രൂപ നീക്കിവച്ചു.

അതുപോലെ സംസ്ഥാന ലോട്ടറിയിലൂടെ വന്‍ തുക സമ്മാനമായി ലഭിക്കുന്നവര്‍ക്ക് പരിശീലനം. ഭാഗ്യക്കുറികള്‍ ലഭിക്കുന്നവര്‍ക്ക് പണം എങ്ങനെ വിനിയോഗിക്കണം എന്നതിലാണ് പരിശീലനം നല്‍കുകയെന്ന് ധനമന്ത്രി കെ ബാലഗോപാല്‍ ബജറ്റില്‍ അറിയിച്ചു . ഭാഗ്യക്കുറി വകുപ്പിന്റെ നേതൃത്വത്തില്‍ സാമ്പത്തിക വിദഗ്ധരുമായി ചേര്‍ന്ന് ധനകാര്യ മാനേജ്‌മെന്റിലാകും പരിശീലനം. ഭാഗ്യക്കുറി ടിക്കറ്റില്‍ നിലവിലുള്ളതിനെക്കാള്‍ മെച്ചപ്പെട്ട സുരക്ഷാ സംവിധാനം ഒരുക്കും. കൊവിഡിനെ തുടര്‍ന്ന് നിര്‍ത്തിവെച്ച ലോട്ടറികള്‍ പൂര്‍ണമായി പുനഃസ്ഥാപിക്കും. കൊവിഡിന് മുമ്പുണ്ടായിരുന്ന സ്ഥിതിയിലേക്ക് ലോട്ടറികളുടെ ഘടനയും പ്രവര്‍ത്തനങ്ങളും എത്തിക്കുന്നതിനുള്ള നടപടി സ്വീകരിക്കും. എഴുത്തുലോട്ടറി പോലുള്ള അനധികൃത ഭാഗ്യക്കുറികള്‍ക്കെതിരെ നടപടി സ്വീകരിക്കുന്നതിന് പ്രത്യേക സെല്‍ രൂപീകരിക്കുമെന്നും ബജറ്റ് നിര്‍ദേശങ്ങളില്‍ ധനമന്ത്രി വ്യക്തമാക്കി. ടിക്കറ്റുകളില്‍ നിലവില്‍ ഉള്ളതിനെക്കാള്‍ കൂടുതല്‍ സുരക്ഷാ സൗകര്യങ്ങളും ഉള്‍പ്പെടുത്തും.