ബജറ്റില്‍ മരിച്ചീനിയില്‍ നിന്ന് സ്പിരിറ്റ് ഉണ്ടാക്കാന്‍ ഗവേഷണത്തിന് രണ്ട് കോടി
മരിച്ചീനിയില്‍ നിന്ന് സ്പിരിറ്റ് ഉണ്ടാക്കുന്നതിനുള്ള ഗവേഷണത്തിന് സംസ്ഥാന ബജറ്റില്‍ രണ്ട് കോടി രൂപ അനുവദിച്ചു. സംസ്ഥാനത്ത് വൈന്‍ യൂണിറ്റുകള്‍ പ്രോത്സാഹിപ്പിക്കുമെന്നും ലഹരി കുറഞ്ഞ മദ്യം ഉല്‍പാദിപ്പിക്കാന്‍ കൂടുതല്‍ യൂണിറ്റുകള്‍ തുടങ്ങുമെന്നും മന്ത്രി പറഞ്ഞു. പഴങ്ങളില്‍ നിന്നും മറ്റ് ധാന്യേതര കാര്‍ഷിക വിഭവങ്ങളില്‍ നിന്നും വൈനും ചെറു- ലഹരി പാനീയങ്ങളും ഉത്പാദിപ്പിക്കുന്നതിന് ചെറുകിട നിര്‍മാണ യൂണിറ്റ് ഉള്‍പ്പെടെയുള്ളവയെ പ്രോത്സാഹിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു.
അബ്കാരി കുടിശിര ഈടാക്കുന്നതിന് ആംനസ്റ്റി സ്‌കീം നടപ്പിലാക്കും. കോടതി വ്യവഹാരങ്ങള്‍ പിന്‍വലിക്കുന്നവര്‍ക്ക് പലിശയും പിഴപ്പലിശയും ഒഴിവാക്കി നല്‍കുന്നത് പരിഗണിക്കും. ആംനെസ്റ്റി പദ്ധതി പുനരവതരിപ്പിക്കുന്നതിലൂടെ അബ്കാരി കേസുകള്‍ തീര്‍പ്പാക്കി കുടിശിക കാര്യക്ഷമമായി പിരിച്ചെടുക്കാനുള്ള നടപടികള്‍ സ്വീകരിക്കും. ഒറ്റത്തവണ തീര്‍പ്പാക്കല്‍ ആംനെസ്റ്റി പദ്ധതി പ്രത്യേക വ്യവസ്ഥകള്‍പ്രകാരമാകും നടപ്പിലാക്കുക.
അതേസമയം, കൂടുതല്‍ ലഹരിമുക്തകേന്ദ്രങ്ങള്‍ തുടങ്ങും. വിമുക്തി പദ്ധതിക്ക് 8 കോടി അനുവദിച്ചെന്നും മന്ത്രി വ്യക്തമാക്കി. ഓരോ ജില്ലയിലും ഒരു കൗണ്‍സിലിംഗ് കേന്ദ്രവും രണ്ട് ഡീ-അഡിക്ഷന്‍ കേന്ദ്രങ്ങളും തുടങ്ങുന്നതാണ്. കൂടാതെ മയക്ക് മരുന്നിന് അടിമകളായവര്‍ക്ക് വേണ്ടി പുനരധിവാസ കേന്ദ്രങ്ങളും ആരംഭിക്കും. മയക്കുമരുന്നിനെതിരെയുള്ള ബോധവത്കരണത്തിന്റെ ഭാഗമായി വിദ്യാര്‍ത്ഥികളെ കായിക പ്രവര്‍ത്തനങ്ങളിലും മറ്റും കൂടുതല്‍ ആകൃഷ്ടരാക്കാന്‍ ‘ഉണര്‍വ്’ പദ്ധതിയും എല്ലാ ജില്ലകളിലും വ്യാപിപ്പിക്കും.