ഐ എസില്‍ ചേര്‍ന്ന മലയാളി യുവാവ് അഫ്ഗാനില്‍ കൊല്ലപ്പെട്ടു

ഐ എസില്‍ ചേര്‍ന്ന മലയാളി വിദ്യാര്‍ത്ഥി അഫ്ഗാനിസ്ഥാനില്‍ വെച്ച് ചാവേര്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടു. 23 കാരനായ കേരളത്തിലെ എന്‍ജിനീയറിങ് വിദ്യാര്‍ത്ഥിയായ നജീബ് അല്‍ ഹിന്ദി (നജീബ് കുണ്ടുവയില്‍) ആണ് കൊല്ലപ്പെട്ടത്. ഇസ്ലാമിക് സ്റ്റേറ്റ് – ഖൊറാസാന്‍ പ്രവിശ്യയുടെ (ഐഎസ്‌കെപി) മുഖപ്രസിദ്ധീകരണമാണ് ഈ വാര്‍ത്ത പുറത്തുവിട്ടത്. നജീബ് എങ്ങനെയാണ് കൊല്ലപ്പെട്ടതെന്നോ, മരണത്തിലേക്ക് നയിച്ച സാഹചര്യം എന്തായിരുന്നുവെന്നോ റിപ്പോര്‍ട്ടില്‍ വ്യക്തമല്ല. ഒരു പാകിസ്താനി വനിതയെ വിവാഹം ചെയ്ത് മണിക്കൂറുകള്‍ക്കകമാണ് ഇയാള്‍ കൊല്ലപ്പെട്ടതെന്നും റിപ്പോര്‍ട്ടിലുണ്ട്.

അഞ്ചുവര്‍ഷം മുന്‍പാണ് വെല്ലൂര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയിലെ എംടെക് വിദ്യാര്‍ത്ഥിയായിരുന്ന നജീബിനെ കേരളത്തില്‍ നിന്ന് കാണാതെയായത്. മലപ്പുറം സ്വദേശിയായ നജീബിനെ 2017 ഓഗസ്റ്റ് 15 മുതലാണ് കാണാതെയാകുന്നത്. പാകിസ്ഥാന്‍ സ്വദേശിനിയായ സ്ത്രീയെ വിവാഹം കഴിച്ച്, മണിക്കൂറുകള്‍ക്കുള്ളില്‍ യുദ്ധഭൂമിയില്‍ കൊല്ലപ്പെട്ടുവെന്ന് ലേഖനത്തില്‍ പറയുന്നു. ഇന്ത്യയില്‍ നിന്ന് അഫ്ഗാനിസ്ഥാനിലെ ഐഎസ്‌കെപി ആസ്ഥാനമായ ഖൊറാസാനിലേക്ക് നജീബ് എത്തുകയായിരുന്നുവെന്ന് പ്രസിദ്ധീകരണം സാക്ഷ്യപ്പെടുത്തുന്നു. വിവാഹ രാത്രിയില്‍ യുദ്ധക്കളത്തിലേക്ക് പുറപ്പെട്ട 24 കാരന്‍ ‘രക്തസാക്ഷിത്വം’ വഹിച്ചുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.2017 ഓഗസ്റ്റ് 16-ന് ഹൈദരാബാദ് വിമാനത്താവളത്തില്‍ നിന്ന് EK-525 വിമാനത്തില്‍ നജീബ് ദുബായിലേക്ക് പോയി, അവിടെ നിന്ന് സിറിയ/ഇറാഖ് എന്നിവിടങ്ങളിലേക്ക് പോയതായി രഹസ്യാന്വേഷണ ഏജന്‍സികള്‍ ചൂണ്ടിക്കാട്ടുന്നു.

”ഓഗസ്റ്റ് 15 ന് യുവാവിനെ കാണാതാവുകയും അടുത്ത ദിവസം ഇന്ത്യയില്‍ നിന്ന് ഒരു വിമാനത്തില്‍ യാത്ര തിരിച്ചതായും കണ്ടെത്തി. ഖൊറാസാനിലേക്ക് പോകുന്നതിനുമുമ്പ് അദ്ദേഹം കുറച്ചുകാലം ദുബായില്‍ താമസിച്ചിരുന്നതായി സംശയിക്കുന്നു. വോയ്സ് ഓഫ് ഖൊറാസനില്‍ ഈ ഭാഗം പ്രസിദ്ധീകരിക്കുന്നത് വരെ അദ്ദേഹത്തെ കുറിച്ച് ഇത്രയും കാലം ഒരു വാര്‍ത്തയും ഉണ്ടായിരുന്നില്ല. ഈ ലേഖനത്തില്‍ നജീബിന്റെ ഫോട്ടോയാണുള്ളത്-അദ്ദേഹത്തിന്റെ പാസ്പോര്‍ട്ടിന്റെ അതേ ഫോട്ടോയും ഉണ്ട്,’ ഉന്നത വൃത്തങ്ങളെ ഉദ്ധരിച്ച് ദ പ്രിന്റ് റിപ്പോര്‍ട്ട് ചെയ്യുന്നു.