മോദിയുടെ തെരഞ്ഞെടുപ്പ് ഫല പ്രതികരണത്തെക്കുറിച്ച് പ്രശാന്ത് കിഷോര്‍

രാജ്യത്ത് അഞ്ചു സംസ്ഥാനങ്ങളില്‍ നടന്ന നിയമസഭാ തെരഞ്ഞെടുപ്പുകളുടെ ഫലം പുറത്തുവന്നതിനു പിറകെ പ്രതികരണവുമായി തെരഞ്ഞെടുപ്പ് തന്ത്രജ്ഞന്‍ പ്രശാന്ത് കിഷോര്‍. പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞതു പോലെ ഇത് 2024ലെ പൊതുതെരഞ്ഞെടുപ്പിന്റെ സൂചനയല്ലെന്ന് പ്രശാന്ത് അഭിപ്രായപ്പെട്ടു. മോദിയുടെ പ്രസ്താവന മനശ്ശാസ്ത്രപരമായ ഒരു നീക്കമാണെന്നും അതില്‍ വീണുപോകരുതെന്നും അദ്ദേഹം ട്വീറ്റിലൂടെ ആവശ്യപ്പെട്ടു. ഇന്ത്യയ്ക്കു വേണ്ടിയുള്ള യുദ്ധം 2024ലാണ് നടക്കാന്‍ പോകുന്നത്. അന്നായിരിക്കും അക്കാര്യത്തില്‍ തീരുമാനവും വരുന്നത്. അല്ലാതെ ഏതെങ്കിലും നിയമസഭാ തെരഞ്ഞെടുപ്പുകളിലല്ല. സാഹിബിന്(പ്രധാനമന്ത്രി നരേന്ദ്ര മോദി) ഇത് അറിയാം.

സംസ്ഥാനങ്ങളിലെ ഈ ഫലങ്ങള്‍ നിര്‍ണായകമാണെന്ന് വരുത്തിത്തീര്‍ത്ത് പ്രതിപക്ഷത്തിനുമേല്‍ മനശ്ശാസ്ത്രപരമായ മേല്‍ക്കൈ നേടാനുള്ള ബുദ്ധിപരമായ നീക്കമാണിത്. ഈ തെറ്റായ ആഖ്യാനത്തില്‍ വീണുപോകുകയോ ഭാഗമാകുകയോ ചെയ്യരുത്- പ്രശാന്ത് കിഷോര്‍ ട്വീറ്റ് ചെയ്തു. ഇന്നലെ ഡല്‍ഹിയിലെ ബി.ജെ.പി ആസ്ഥാനത്ത് നടന്ന തെരഞ്ഞെടുപ്പ് വിജയാഘോഷ ചടങ്ങിലാണ് ഫലം 2024ലെ പൊതുതെരഞ്ഞെടുപ്പിന്റെ മുന്നോടിയാണെന്ന് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടിയത്. രാജ്യത്തിന്റെ നാലുഭാഗത്തുനിന്നുമുള്ള അനുഗ്രഹം ബി.ജെ.പിക്ക് ലഭിച്ചതാണ് തെരഞ്ഞെടുപ്പ് ഫലം കാണിക്കുന്നതെന്നും മോദി പറഞ്ഞു.

യു.പിയില്‍ വീണ്ടും ജനങ്ങള്‍ തെരഞ്ഞെടുത്തു. ഗോവയെ സേവിക്കാന്‍ മൂന്നാംവട്ടവും എന്‍.ഡി.എയ്ക്ക് ജനങ്ങള്‍ അവസരം നല്‍കി. ഉത്തരാഖണ്ഡിലും പുതിയ ചരിത്രം സൃഷ്ടിക്കപ്പെട്ടു. പ്രവര്‍ത്തകരുടെ കഠിനാധ്വാനത്തിന്റെ ഫലമാണിത്. സര്‍ക്കാര്‍ സേവനങ്ങള്‍ക്കായി ജനങ്ങള്‍ ഓഫീസുകളില്‍ കാത്തുനില്‍ക്കേണ്ടി വന്നിരുന്നു. കൈക്കൂലി നല്‍കേണ്ടി വന്നിരുന്നു. മുന്‍കാലങ്ങളില്‍ പാവങ്ങള്‍ക്കായി നിരവധി പദ്ധതികള്‍ പ്രഖ്യാപിച്ചെങ്കിലും ഇവയൊന്നും അവകാശികളുടെ കൈയില്‍ എത്തിയിരുന്നില്ല. അതിന് മികച്ച ഭരണനിര്‍വഹണം ആവശ്യമാണെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.