സാംസങ് ബജറ്റ് ഫോണുകളോടൊപ്പവും ഇനി ചാര്‍ജര്‍ ഇല്ല
സാധാരണക്കാര്‍ക്ക് തിരിച്ചടിയാകുന്ന പരിഷ്‌ക്കരമാണ് സാംസങ് നടപ്പിലാക്കുവാന്‍ പോകുന്നത്. വില കൂടിയ ഫോണുകള്‍ക്ക് അല്ലാതെ ഏറ്റവും കൂടുതല്‍ ആവശ്യക്കാരുള്ള സാംസങ് ബജറ്റ് ഫോണുകളോടൊപ്പവും ഇനി ചാര്‍ജര്‍ ഉണ്ടാവില്ലെന്ന് റിപ്പോര്‍ട്ട്. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വില്‍ക്കപ്പെടുന്ന എ-എം-എഫ് സീരീസുകള്‍ക്കൊപ്പവും കമ്പനി ഇനി ചാര്‍ജറുകള്‍ നല്‍കില്ലെന്നാണ് ലഭിക്കുന്ന വിവരം. പുതിയ റിപ്പോര്‍ട്ട് സത്യമാണെങ്കില്‍ സാംസങ്ങിന് വലിയ തിരിച്ചടിയാകും ഇന്ത്യന്‍ വിപണിയില്‍ നിന്ന് ഏറ്റുവാങ്ങേണ്ടി വരിക.
കമ്പനിയുടെ ഫ്ലാഗ്ഷിപ്പ് ഫോണുകളേക്കാള്‍ കൂടുതല്‍ രാജ്യത്ത് ബജറ്റ് ഫോണുകളാണ് വില്‍ക്കപ്പെടുന്നത്. ഷവോമി, റിയല്‍മി, മോട്ടോ, ഇന്‍ഫിനിക്സ് പോലുള്ള കമ്പനികളിലേക്ക് സാംസങ് യൂസര്‍മാര്‍ ഒഴുകിയേക്കും. ഫോണിനൊപ്പം 500 രൂപയോ അതിലധികമോ മുടക്കി ചാര്‍ജിങ് അഡാപ്റ്റര്‍ കൂടി വാങ്ങാന്‍ ആളുകള്‍ തയ്യാറാകണമെന്നില്ല. അതേസമയം, എന്നുമുതലാണ് കമ്പനി പുതിയ നീക്കം നടപ്പിലാക്കുക എന്നതടക്കമുള്ള വിവരങ്ങള്‍ ഇപ്പോള്‍ ലഭ്യമായിട്ടില്ല.