ഇപിഎഫ് പലിശ നിരക്ക് കുറച്ചു ; ശമ്പളക്കാര്‍ക്ക് തിരിച്ചടി

എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ടിന്റെ പലിശ നിരക്ക് കേന്ദ്രം കുറച്ചു. 8.5 ല്‍ നിന്ന് 8.1 ശതമാനമായാണ് കുറച്ചത്. പത്ത് വര്‍ഷത്തിനിടെയുണ്ടായ ഏറ്റവും കുറഞ്ഞ പലിശ നിരക്കാണിത്. രാജ്യത്തെ ആറുകോടിയോളം ശമ്പളക്കാരെ നടപടി പ്രതികൂലമായി ബാധിക്കും. കൊവിഡ് സാഹചര്യത്തില്‍ പിഎഫിലേക്കുള്ള പണത്തിന്റെ വരവ് കുറഞ്ഞതും നിരവധി പേര്‍ പണം പിന്‍വലിച്ചതും പലിശനിരക്ക് കുറയ്ക്കാന്‍ കാരണമായി. എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓര്‍ഗനൈസേഷന്റെ ഫിനാന്‍സ് ഇന്‍വെസ്റ്റ്മെന്റ് ഓഡിറ്റ് കമ്മിറ്റി ചേര്‍ന്നയോഗത്തിലാണ് തീരുമാനം. തൊഴില്‍ ഉടമകളുടെയും തൊഴിലാളികളുടെയും പ്രതിനിധികള്‍ അടങ്ങിയതാണ് സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ട്രസ്റ്റീസ്. പലിശ നിരക്ക് കുറച്ചത് സിബിറ്റിയിലേക്ക് ശുപാര്‍ശ ചെയ്യാന്‍ നടപടികള്‍ പൂര്‍ത്തിയായിട്ടുണ്ട്.

ഈ സാമ്പത്തിക വര്‍ഷത്തെ എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ട് പലിശനിരക്ക് പ്രഖ്യാപിക്കാന്‍ ഗുവാഹത്തിയില്‍ ചേര്‍ന്ന ഉന്നതാധികാരസമിതി യോഗമാണ് നിര്‍ണായക തീരുമാനം എടുത്തത്. കഴിഞ്ഞ വര്‍ഷം എട്ടര ശതമാനം ആയിരുന്ന പലിശ നിരക്കില്‍ പോയന്റ് നാല് ശതമാനം കുറവാണ് വരുത്തിയത്. കഴിഞ്ഞ പത്തു വര്‍ഷത്തെ ഏറ്റവും കുറഞ്ഞ പലിശ നിരക്കാണ് ഇന്ന് തീരുമാനിച്ചത്. ആറു കോടി മാസ ശമ്പളക്കാര്‍ക്ക് തിരിച്ചടിയാണ് ഈ തീരുമാനം. 76768 കോടി രൂപയാണ് ഈ സാമ്പത്തിക വര്‍ഷം ഇപിഎഫില്‍ എത്തിയത്. ഇപ്പോഴത്തെ മിനിമം പെന്‍ഷനായ ആയിരം രൂപ മൂവായിരം ആക്കണമെന്ന പാര്‍ലമെന്റ് സ്ഥിരം സമിതി ശുപാര്‍ശ ഇപിഎഫ് സമിതിക്ക് മുന്നില്‍ ഉണ്ടായിരുന്നു. ഇക്കാര്യത്തില്‍ എന്ത് തീരുമാനം എടുത്തുവെന്ന് സമിതി വ്യക്തമാക്കിയിട്ടില്ല. ഇപ്പോള്‍ തീരുമാനിച്ച 8.1 ശതമാനം എന്ന പലിശ നിരക്ക് ഇപിഎഫ് സമിതി കേന്ദ്ര ധന മന്ത്രാലയത്തെ അറിയിക്കും. ഇതിന് ശേഷമാകും ഔദ്യോഗിക പ്രഖ്യാപനം.

ഇരുപതോ അതിലധികമോ ജീവനക്കാര്‍ ജോലി ചെയ്യുന്ന എല്ലാ സ്ഥാപനങ്ങളും തങ്ങളുടെ ജീവനക്കാരെ ഇപിഎഫ് അഥവാ എംപ്ലോയ്മെന്റ് പ്രോവിഡന്റ് ഫണ്ടില്‍ ചേര്‍ത്തിരിക്കണമെന്നാണ് ഇന്ത്യയിലെ തൊഴില്‍ നിയമം. പ്രൊപ്രൈറ്ററി സ്ഥാപനങ്ങള്‍, പാര്‍ട്ണര്‍ഷിപ്പുകള്‍, കമ്പനികള്‍ എന്നിങ്ങനെ സംഘടിത മേഖലയില്‍ ജോലി ചെയ്യുന്ന ജീവനക്കാര്‍ക്കാണ് ഇപിഎഫില്‍ അംഗത്വം ലഭിക്കുക. സ്വയം തൊഴില്‍ ചെയ്യുന്നവര്‍, പെന്‍ഷന്‍ പറ്റിയവര്‍ എന്നിവര്‍ യോഗ്യരല്ല. കേന്ദ്ര സര്‍ക്കാര്‍ പിന്തുണ നല്‍കുന്ന ചെറുകിട നിക്ഷേപങ്ങള്‍, പബ്ലിക് പ്രോവിഡന്റ് ഫണ്ട് എന്നിവ പോലെ കേന്ദ്ര സര്‍ക്കാരിന്റെ എംപ്ലോയീസ് ഫണ്ട് ഓര്‍ഗനൈസഷന്‍ ആണ് നിക്ഷേപങ്ങള്‍ക്ക് പലിശ തീരുമാനിക്കുന്നത്. നിലവില്‍ ഇപിഎഫ് അക്കൗണ്ടിന്റെ നിരക്ക് നിശ്ചയിച്ചിട്ടുള്ളത് 8.5 ശതമാനം പലിശയാണ്. വരും ദിനങ്ങളില്‍ ഇത് മാറാം. ചുരുക്കി പറഞ്ഞാല്‍ സര്‍ക്കാര്‍ പിന്തുണയോടെ ജീവനക്കാര്‍ക്ക് വേണ്ടി നടപ്പാക്കുന്ന ഉറപ്പായ മെച്ചപ്പെട്ട വരുമാനം ലഭിക്കുന്ന ഒരു ദീര്‍ഘകാല നിക്ഷേപ പദ്ധതിയും പെന്‍ഷന്‍ പദ്ധതിയുമാണ് ഇപിഎഫ്.