പീഡന പരാതി ; മേക്കപ്പ് ആര്‍ട്ടിസ്റ്റ് അനീസ് അന്‍സാരിക്കെതിരെ അന്വേഷണം ഊര്‍ജ്ജിതം
കൊച്ചി : ലൈംഗിക അതിക്രമ പരാതിയില്‍ മേക്കപ്പ് ആര്‍ട്ടിസ്റ്റ് അനീസ് അന്‍സാരിക്കെതിരെ അന്വേഷണം ഊര്‍ജ്ജിതമാക്കി പൊലീസ്. ഇയാളുടെ സ്ഥാപനങ്ങളില്‍ പൊലീസ് പരിശോധന നടത്തി. കല്യാണ ആവശ്യങ്ങള്‍ക്കായി മേക്കപ്പിടുന്നതിനിടെ ലൈംഗിക ചുവയോടെ പെരുമാറുകയും കടന്നുപിടിക്കുകയും ചെയ്‌തെന്ന പരാതിയിലാണ് കേസ്. അനീസ് അന്‍സാരി ഇപ്പോള്‍ ഒളിവിലാണ്. സ്ത്രീത്വത്തെ അപമാനിച്ചതിന് വിവിധ വകുപ്പുകള്‍ പ്രകാരമാണ് കേസ്. സമൂഹമാധ്യമ ആരോപണങ്ങള്‍ ഉയര്‍ന്നതിനു തൊട്ടു പിന്നാലെ അനീസ് അന്‍സാരി ഒളിവില്‍ പോയതായാണ് വിവരം. ഇയാള്‍ രാജ്യം വിട്ടെന്നും അഭ്യൂഹമുണ്ടെന്നും പൊലീസ് പറഞ്ഞു. ദുബായിലും ഇയാള്‍ക്ക് മേക്കപ്പ് സ്റ്റുഡിയോ ഉണ്ട്.
രാജ്യത്തെ എയര്‍പോര്‍ട്ടുകളില്‍ ലുക്ക് ഔട്ട് സര്‍ക്കുലര്‍ കൊടുക്കാന്‍ ഒരുങ്ങുകയാണു പൊലീസ്. പാലാരിവട്ടം പൊലീസ് മൂന്ന് കേസുകളാണ് അനീസ് അന്‍സാരിക്ക് എതിരെ രജിസ്റ്റര്‍ ചെയ്തത്. ഇയാള്‍ക്കെതിരെ കൂടുതല്‍ പരാതികള്‍ വരാനുള്ള സാധ്യത ഉണ്ടെന്ന് പോലീസ് പറയുന്നു . നിലവില്‍ പരാതി നല്‍കിയ യുവതികള്‍ മറ്റു പലരും സമാനരീതിയില്‍ ഇയാളെ കുറിച്ച് പരാതി പറഞ്ഞതായും വെളിപ്പെടുത്തിയിട്ടുണ്ട്. സോഷ്യല്‍ മീഡിയയില്‍ പരാതി പറഞ്ഞ യുവതികള്‍ ആദ്യം പോലീസില്‍ പരാതി നല്‍കാന്‍ തയ്യാറായിരുന്നില്ല. എന്നാല്‍ ഈ പരാതിയുടെ സ്വഭാവം മനസ്സിലാക്കി പോലീസ് നടപടികളിലേക്ക് കടക്കുകയായിരുന്നു.
ഇവരെ പിന്നീട് പൊലീസ് ബന്ധപ്പെടുകയും ഇ-മെയില്‍ വഴി അവര്‍ പരാതി അയക്കുകയും ആയിരുന്നു. സമാനമായ രീതിയില്‍ പലരെയും അനീസ് അന്‍സാരി സമീപിച്ചിട്ടുണ്ട് എന്നാണ് വിവരം. സെലിബ്രിറ്റി മേക്കപ്പ് ആര്‍ട്ടിസ്റ്റ് ആയി അറിയപ്പെടുന്ന ഇയാള്‍ക്ക് കേരളത്തിലും ദുബായിലും ഉള്‍പ്പെടെ നിരവധി സ്ഥാപനങ്ങളുണ്ട്. മേക്കപ്പ് സാധനങ്ങളുടെയും സൗന്ദര്യവര്‍ധക വസ്തുക്കളുടെയും ഓണ്‍ലൈന്‍ വില്‍പ്പന ശൃംഖലയും ഇയാളുടെ നേതൃത്വത്തില്‍ നടക്കുന്നുണ്ട്.അതേസമയം പരാതി നല്‍കുന്ന സ്ത്രീകള്‍ ആദ്യം സോഷ്യല്‍ മീഡിയയില്‍ ഇത് പ്രസിദ്ധപ്പെടുത്തുന്നത് പ്രതികളെ രക്ഷപ്പെടാന്‍ സഹായിക്കുമെന്ന് കൊച്ചി ഡെപ്യൂട്ടി പോലീസ് കമ്മീഷണര്‍ വി.യൂ. കുര്യാക്കോസ് പറഞ്ഞു.