81 പേരുടെ വധശിക്ഷ ഒറ്റ ദിവസം നടപ്പാക്കി സൗദി അറേബ്യ

81 പേരുടെ വധശിക്ഷ ഒറ്റ ദിവസം നടപ്പാക്കി സൗദി അറേബ്യ. സൗദി ആഭ്യന്തര മന്ത്രാലയമാണ് ഔദ്യോഗിക വാര്‍ത്താ ഏജന്‍സി വഴി ഇക്കാര്യം അറിയിച്ചത്. തീവ്രവാദത്തിന് പുറമെ പുരുഷന്മാരെയും സ്ത്രീകളെയും കുട്ടികളെയും കൊലപ്പെടുത്തിയവരും വധശിക്ഷ നടപ്പാക്കപ്പെട്ടവരില്‍ ഉള്‍പ്പെടുന്നു. തീവ്രവാദ സംഘടനകളായ ഐ.എസ്, അല്‍ ക്വയ്ദ എന്നിങ്ങനെയുള്ള വിദേശ തീവ്രവാദി സംഘടനകളില്‍ ചേര്‍ന്നവരും സൗദി അറേബ്യയിലെ ജനങ്ങളെ ആക്രമിക്കുന്ന ഹുതികള്‍ ഉള്‍പ്പെടെയുള്ളവരും തീവ്രവാദ സംഘനകളില്‍ ചേരാന്‍ വേണ്ടി സംഘര്‍ഷം നിലനില്‍ക്കുന്ന പ്രദേശങ്ങളിലേക്ക് യാത്ര ചെയ്തവരുമൊക്കെയാണ് വധശിക്ഷക്ക് വിധിക്കപ്പെട്ടതെന്ന് ഔദ്യോഗിക അറിയിപ്പില്‍ പറയുന്നു.

സര്‍ക്കാര്‍ ഉദ്യോഗസ്ഥരെയും തന്ത്രപ്രധാനമായ സാമ്പത്തിക കേന്ദ്രങ്ങളെയും ആക്രമിക്കാന്‍ ലക്ഷ്യമിടുക, നിയമപാലകരായ ഉദ്യോഗസ്ഥരെ കൊലപ്പെടുത്തുകയോ ആക്രമണങ്ങളിലൂടെ അംഗഭംഗം വരുത്തുകയോ ചെയ്യുക, പൊലീസ് വാഹനങ്ങള്‍ തകര്‍ക്കാന്‍ വേണ്ടി കുഴി ബോംബുകള്‍ സ്ഥാപിക്കുക എന്നിങ്ങനെയുള്ള കുറ്റകൃത്യങ്ങള്‍ക്ക് പുറമെ തട്ടിക്കൊണ്ടുപോകല്‍, പീഡനം, ബലാത്സംഗം, ആയുധനങ്ങളുടെയും സ്‌ഫോടക വസ്തുക്കളുടെയും കള്ളക്കടത്ത് തുടങ്ങിയ കേസുകളില്‍ പിടിക്കപ്പെട്ടവരുടെയും വധശിക്ഷ നടപ്പാക്കിയിട്ടുണ്ട്.

നിയമപരമായ വിചാരണ പൂര്‍ത്തിയാക്കിയാണ് എല്ലാ പ്രതികള്‍ക്കുമെതിരായ ശിക്ഷ വിധിച്ചതെന്നും അധികൃതര്‍ അറിയിച്ചിട്ടുണ്ട്. 13 ജഡ്ജിമാരാണ് ഇവരുടെ കേസുകള്‍ പരിഗണിച്ചത്. ഓരോ വ്യക്തിയെയും മൂന്ന് തവണ പ്രത്യേകം പ്രത്യേകം വിചാരണയ്ക്ക് വിധേയമാക്കി. ഇവര്‍ക്ക് നിയമപ്രകാരം അഭിഭാഷകരെയും ലഭ്യമാക്കിയിരുന്നു. രാജ്യത്തെ നിയമപ്രകാരമുള്ള എല്ലാ അവകാശങ്ങളും പ്രതികള്‍ക്ക് നല്‍കിക്കൊണ്ട് നടത്തിയ വിചാരണയിലാണ് ഇവരെ കുറ്റക്കാരായി കണ്ടെത്തിയത്.