ഡല്‍ഹി ഗോകുല്‍പുരിയില്‍ തീപിടിത്തം ; 7 പേര്‍ മരിച്ചു

ഡല്‍ഹിയില്‍ സാധാരണക്കാര്‍ തിങ്ങി പാര്‍ക്കുന്ന മേഖലയായ ഗോകുല്‍പുരിയിലുണ്ടായ തീപിടിത്തത്തില്‍ ഏഴു പേര്‍ മരിച്ചു. 60 കുടിലുകള്‍ കത്തി നശിച്ചു. ഇന്ന് പുലര്‍ച്ചെയോടെയാണ് തീപിടിത്തം ഉണ്ടായതെന്നാണ് വിവരം. സ്ഥലത്തെത്തിയ ഡല്‍ഹി അഗ്‌നിശമനസേനാ ഉദ്യാഗസ്ഥര്‍ പുലര്‍ച്ചെ നാലോടെയാണ് തീ നിയന്ത്രണവിധേയമാക്കിയത്. ‘പുലര്‍ച്ചെ ഒരു മണിയോടെയാണ് തീപിടിത്തമുണ്ടായ വിവരം അറിഞ്ഞത്. അപ്പോള്‍ തന്നെ സ്ഥലത്തെത്തി തീയണയ്ക്കാനുള്ള നടപടികള്‍ ആരംഭിച്ചു. തീ നിയന്ത്രണവിധേയമാക്കുകയും ഏഴു മൃതദേഹങ്ങള്‍ അവിടെനിന്നും കണ്ടെടുക്കുകയും ചെയ്തു’- അഗ്‌നിശമനസേന അറിയിച്ചു.

പുലര്‍ച്ചെ ഒരുമണിയോടെയാണ് തീപിടിത്തം സംബന്ധിച്ച വിവരങ്ങള്‍ ലഭിച്ചതെന്നും ഉടന്‍ തന്നെ പൊലീസ്, അഗ്‌നിശമന സേനാംഗങ്ങള്‍ സ്ഥലത്തെത്തുകയും ചെയ്തതായി നോര്‍ത്ത് ഈസ്റ്റ് അഡീഷണല്‍ ഡെപ്യൂട്ടി കമ്മീഷണര്‍ ദേവേഷ് കുമാര്‍ മഹ്ല പറഞ്ഞു. രാവിലെ നാലുമണിയോടെ തീ പൂര്‍ണമായി നിയന്ത്രണവിധേയമായി. ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ സംഭവത്തില്‍ അഗാതമായ ദുഃഖം രേഖപ്പെടുത്തി. പുലര്‍ച്ചെയോടെയാണ് ദുഃഖവാര്‍ത്ത അറിഞ്ഞു. സ്ഥലത്തേക്ക് ഉടന്‍ പോകും. ദുരിതബാധിതരെ നേരിട്ടുകാണും- കെജ്രിവാള്‍ ട്വീറ്റ് ചെയ്തു. പ്രധാനമന്ത്രി നരേന്ദ്ര മോദിയും സംഭവത്തില്‍ അനുശോചനം രേഖപ്പെടുത്തി.