ചെ ഗുവേരയെ വെടിവച്ചു കൊന്ന സൈനികന്‍ അന്തരിച്ചു
വിപ്ലവ നായകന്‍ ഏണസ്റ്റോ ചെ ഗുവേരയെ വെടിവച്ചു കൊന്ന ബൊളീവിയന്‍ സൈനികന്‍ മരിയ ടെറാന്‍ സലാസര്‍ അന്തരിച്ചു. എണ്‍പതു വയസായിരുന്നു. കിഴക്കന്‍ ബൊളീവിയയിലെ സാന്താക്രൂസ് ഡെ ലാ സിയറയിലാണ് ഇദ്ദേഹം ജീവിച്ചിരുന്നത്. അര്‍ബുദബാധയെ തുടര്‍ന്ന് ഏറെക്കാലമായി ചികിത്സയിലായിരുന്നു. വ്യാഴാഴ്ച അര്‍ധരാത്രിയായിരുന്നു അന്ത്യം. ഭാര്യയും രണ്ട് മക്കളുമുണ്ട്. ബൊളീവിയന്‍ പ്രസിഡന്റ് റെനെ ബാരിന്റോസിന്റെ ഉത്തരവ് പ്രകാരം 1967 ഒക്ടോബര്‍ 9നാണ് മാരിയോ ടെറാന്‍ ചെ ഗുവേരയെ വെടിവച്ച് കൊന്നത്. സി.ഐ.എ നിയോഗിച്ച ക്യൂബന്‍ ചാരന്മാരുടെ രഹസ്യ വിവരപ്രകാരം ഒക്ടോബര്‍ എട്ടിനാണ് ചെ ഗുവേരയെയും സംഘത്തെയും വളഞ്ഞ ബൊളീവിന്‍ സൈന്യം വലിയ ഏറ്റുമുട്ടലിനൊടുവില്‍ പിടികൂടിയത്. അന്ന് ചെ ഗുവേരയ്ക്ക് പരിക്കേറ്റിരുന്നു. കൊല്ലപ്പെടുമ്പോള്‍ 39 വയസ് മാത്രമായിരുന്നു ചെ ഗുവേരയുടെ പ്രായം.
ചെ ഗുവേരയെ കൊലപ്പെടുത്തിയതിലൂടെ ഏറെ പ്രശസ്തി നേടി എങ്കിലും ജീവിതത്തിലെ ഏറ്റവും നിര്‍ഭാഗ്യകരമായ സംഭവം എന്നാണ് പില്‍ക്കാലത്ത് മാറിയോ ടെറാന്‍ ആ സംഭവത്തെ വിശേഷിപ്പിച്ചത്. ചെ ഗുവേരയുടെ തിളങ്ങുന്ന കണ്ണുകളും അവസാന നിമിഷവും നിര്‍ഭയനായി അദ്ദേഹം പറഞ്ഞ വാക്കുകളും ഒരിക്കലും തനിക്ക് മറക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞിട്ടുണ്ട്. ‘ചെ എന്നെ തുറിച്ചുനോക്കിയ വേളയില്‍ എന്നെക്കാള്‍ ഉയരത്തിലാണ അദ്ദേഹം എന്നെനിക്ക് തോന്നി. അതെന്നെ സംഭ്രമിപ്പിച്ചു. ക്ഷണനേരം കൊണ്ട് ചെ എന്റെ കൈയില്‍ നിന്ന് ആയുധം തട്ടിയെടുക്കുമെന്ന് ഞാന്‍ കരുതി. ശാന്തനാകൂ എന്ന് പറഞ്ഞ അദ്ദേഹം നിങ്ങള്‍ ഒരു മനുഷ്യനെയാണ് കൊല്ലാന്‍ പോകുന്നത്, നന്നായി ലക്ഷ്യം വയ്ക്കൂ എന്നു പറഞ്ഞു. പിന്നീട് വാതിലിന് അടുത്തേക്ക് ഒരടി പിന്നോട്ടു വച്ച് ഞാനെന്റെ കണ്ണടച്ചു വെടിവച്ചു.’ ചെ യുടെ അവസാന നിമിഷത്തെ കുറിച്ച് അദ്ദേഹം പറഞ്ഞു.
മരണശേഷം ചെ ഗുവേരയുടെ ശവശരീരം ഒരു ഹെലികോപ്ടറിന്റെ വശത്ത് കെട്ടിവച്ച നിലയിലാണ് കൊണ്ടുപോയത്. വല്ലൈഗ്രാന്‍ഡയിലുള്ള ഒരു ആശുപത്രിയിലെ അലക്കുമുറിയില്‍ ആണ് ചെ ഗെവാറയുടെ മൃതശരീരം കിടത്തിയിരുന്നത്. മരിച്ചത് ചെ ഗെവാറ തന്നെയെന്ന് ഉറപ്പിക്കാനായി ധാരാളം ദൃക്സാക്ഷികളെ കൊണ്ടുവന്ന് ശരീരം കാണിച്ചിരുന്നു. അതില്‍ പ്രധാനിയായിരുന്നു ബ്രിട്ടീഷ് പത്രലേഖകനായിരുന്ന റിച്ചാര്‍ഡ് ഗോട്ട്, ഇദ്ദേഹമാണ് ജീവനോടെ ചെ ഗെവാറയെ കണ്ട ഏക സാക്ഷി എന്നും പറയപ്പെടുന്നു. ടെറാന്‍ 30 വര്‍ഷത്തെ സൈനിക സേവനത്തിന് ശേഷമാണ് വിരമിച്ചത്. പിന്നീട് അദ്ദേഹം മാദ്ധ്യമങ്ങളില്‍ നിന്ന് അകല്‍ച്ച പാലിച്ചിരുന്നു. കൊല്ലപ്പെട്ടു വര്‍ഷങ്ങള്‍ ഇത്ര കഴിഞ്ഞിട്ടും ഇപ്പോഴും യുവാക്കളുടെ ഇഷ്ട വ്യക്തിയാണ് ചെ എന്ന് ഏവരും ആരാധനയോടെ വിളിക്കുന്ന ചെ ഗുവേര.